ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ മൂന്നാം മത്സരവും വിജയിച്ച് സന്ദര്‍ശകര്‍ ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. വെല്ലിങ്ടണിലെ മൂന്നാം മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയം നേടിയതോടെയാണ് ഇന്ത്യ രണ്ട് മത്സരം ശേഷിക്കെ പരമ്പര തങ്ങളുടെ പേരിലാക്കിയത്.

ബ്ലാക് ക്യാപ്‌സ് ഉയര്‍ത്തിയ 199 റണ്‍സിന്റെ വിജയലക്ഷ്യം 40 പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ടിന്റെ കരുത്തിലാണ് ഇന്ത്യ അനായാസ വിജയം നേടിയത്.

38 പന്ത് നേരിട്ട് ഒമ്പത് ഫോറും ആകാശം തൊട്ട 11 സിക്‌സറും അടക്കം 113 റണ്‍സ് നേടിയാണ് അഭിഷേക് കളം വിട്ടത്. 297.37 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

മത്സരത്തില്‍ ഒരു ചരിത്ര നേട്ടവും ഇന്ത്യയുടെ സിക്‌സ് ഹിറ്റിങ് മെഷീന്‍ സ്വന്തമാക്കി. അന്താരാഷ്ട്ര ടി-20യില്‍ 150 സിക്‌സറുകളെന്ന മൈല്‍സ്റ്റോണാണ് അഭിഷേക് വെല്ലിങ്ടണില്‍ മറികടന്നത്.

നിലവില്‍ 158 സിക്‌സറുകള്‍ സ്വന്തമാക്കിയ താരം, മത്സരത്തില്‍ മൂന്നാം സിക്‌സര്‍ പറത്തിയതോടെയാണ് 150 എന്ന ബാരിയര്‍ മറികടന്നത്.

ബാറ്റെടുത്ത ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍ അതിവേഗം 150 സിക്‌സറടിക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് പറന്നിറങ്ങാനും അഭിഷേകിനായി. മുന്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെ മറികടന്നായിരുന്നു അഭിഷേകിന്റെ റെക്കോഡ്.

വേഗത്തില്‍ 150 ടി-20ഐ സിക്‌സറുകള്‍

(താരം – ടീം – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)

അഭിഷേക് ശര്‍മ – ഇന്ത്യ – 69*

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 86

മാര്‍ട്ടിന്‍ ഗപ്ടില്‍ – ന്യൂസിലാന്‍ഡ് – 101

റോവ്മന്‍ പവല്‍ – വെസ്റ്റ് ഇന്‍ഡീസ് – 103

രോഹിത് ശര്‍മ – ഇന്ത്യ – 111

ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്‌ട്രേലിയ – 118

ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 120

മത്സരത്തിലെ വെടിക്കെട്ടിന് പിന്നാലെ കളിയിലെ താരമായും അഭിഷേക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

അതേസമയം, നാളെ (ഒക്ടോബര്‍ 30)യാണ് പരമ്പരയിലെ നാലാം മത്സരം. ഓക്‌ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കാണ് വേദി. പരമ്പര ഇതിനോടകം തന്നെ നഷ്ടപ്പെട്ട ആതിഥേയര്‍ക്ക് മുഖം രക്ഷിക്കാനെങ്കിലും വിജയം അനിവാര്യമാണ്.

 

Content Highlight: Abhishek Sharma becomes the fastest player to hit 150 sixes in international T20s.