നാഗ്പൂര്‍: ആര്.എസ്.എസിന്റെ കോട്ടയായ നാഗ്പൂരില്‍ ദയനീയമായി തോറ്റ് ബി.ജെ.പി. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് സ്ഥാനര്‍ത്ഥി ജയിച്ചു.
58 വര്‍ഷത്തോളം ബി.ജെ.പി ജയിച്ചിരുന്ന ആര്.എസ്.എസിന്റെ കോട്ടയായിരുന്നു നാഗ്പൂര്‍. എന്നാലിത് തുടര്‍ച്ചയായി രണ്ടാം തവണയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഭിജിത് ഗോവിന്ദ റാവു വാഞ്ചരി വിജയിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ചിത്രം മാറുകയായിരുന്നു. 2020ലാണ് ആദ്യമായി ഇദ്ദേഹം ഇവിടെ നിന്നും വിജയിക്കുന്നത്.
3,271 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും ആര്.എസ്.എസ് ആസ്ഥാനത്തിന്റെയും തട്ടകമായ നാഗ്പൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുധാകര്‍ കോഹാലെയെയാണ് കോണ്‍ഗ്രസ് പരാജയപ്പെടുത്തിയത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മുഖ്യമന്ത്രി ഫഡ്നാവിസ് എന്നിവര്‍ നേരിട്ട് പ്രചാരണം നയിച്ച മണ്ഡലത്തിലെ ഈ തോല്‍വി ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി.
തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി പുറത്തുവരുന്നതിന് മുന്‍പ്, കോണ്‍ഗ്രസ് പൂജ്യത്തിന് പുറത്താകുമെന്ന് പരിഹസിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എക്സില്‍ പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ നാഗ്പൂരിലെ കോണ്‍ഗ്രസ് വിജയത്തിന് പിന്നാലെ ഫഡ്നാവിസ് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും, മഹാരാഷ്ട്ര കോണ്‍ഗ്രസ് ഇതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ച് ബി.ജെ.പിയെ പരിഹസിക്കുകയും ചെയ്തു.
Content Highlight: Another defeat after Varanasi: BJP suffers a massive loss in Nagpur, the RSS stronghold.
