74,000ത്തിലേറെ മനുഷ്യരുടെ ജീവനെടുത്ത യുദ്ധം. തകര്‍ന്ന വീടുകള്‍. വിശപ്പിനുമുന്നില്‍ നിസ്സഹായരായ കുടുംബങ്ങള്‍. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുട്ടികളും അമ്മമാരും. ഈ ദുരിതങ്ങള്‍ക്കിടയിലും ഗസയില്‍ ചിലര്‍ ക്യാമറകള്‍ കൈയിലെടുക്കുകയാണ്. തങ്ങള്‍ക്കു സംഭവിച്ചതെന്തെന്ന് ലോകത്തോട് പറയാന്‍… വാക്കുകള്‍ക്കപ്പുറമുള്ള വേദനകള്‍ക്ക് ദൃശ്യഭാഷ നല്‍കാന്‍… ഗസയിലെ വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒരുക്കുന്ന സിനിമകള്‍ യുദ്ധത്തിന്റെ മറ്റൊരു ചരിത്രം രേഖപ്പെടുത്തുകയാണ്.

യുദ്ധം തകര്‍ത്ത ഒരു കെട്ടിടത്തിന്റെ സ്ഥാനത്ത് ഇന്ന് അവര്‍ ഒത്തുകൂടുകയാണ്. ഒരുകാലത്ത് ആളുകള്‍ പതിവായി വന്നുപോയിരുന്ന, ഒരിടം. ഇപ്പോള്‍ അതിന്റെ ചുറ്റും യുദ്ധം വിതച്ച നാശത്തിന്റെ അടയാളങ്ങള്‍ മാത്രം.

മധ്യ ഗസയിലെ അല്‍-ബുറൈജിലുള്ള അല്‍-നഖീല്‍ ഹാളിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് ഇത്തവണ ഒരു ചലച്ചിത്രമേള നടക്കുന്നത്. കെട്ടിടം തകര്‍ന്നെങ്കിലും അവിടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. യുദ്ധം ജീവിതത്തെ തകര്‍ത്തിട്ടും കഥകള്‍ പറയാനുള്ള മനുഷ്യരുടെ ആഗ്രഹത്തെ ഇല്ലാതാക്കാനായിട്ടില്ലെന്നതിന്റെ അടയാളമായി.

‘മരണത്തില്‍നിന്ന് ജീവിതം സൃഷ്ടിക്കുന്ന സ്ത്രീകള്‍’ എന്ന മുദ്രാവാക്യവുമായി നടന്ന രണ്ടാമത് ഗസ ഇന്റര്‍നാഷണല്‍ വിമന്‍സ് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിനൊപ്പം ഗസ സിനിമാ അക്കാദമിയുടെ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്കും കഴിഞ്ഞ ദിവസം തുടക്കമായി. യുദ്ധം തങ്ങളുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളും നഷ്ടങ്ങളും ലോകത്തോട് പറയാന്‍ ആഗ്രഹിക്കുന്ന ഫലസ്തീന്‍ വനിതകളുടെ അഞ്ച് ഡോക്യുമെന്ററികളാണ് മേളയുടെ ഉദ്ഘാടനത്തില്‍ പ്രദര്‍ശിപ്പിച്ചത്.

വിശപ്പിന്റെ ഓര്‍മകള്‍ മായുന്നില്ല; ‘എ സാക്ക് ഓഫ് ഫ്ലോര്‍’

വിശപ്പ് എന്നത് ഭക്ഷണം ലഭിക്കാത്ത അവസ്ഥ മാത്രമല്ല. ഭക്ഷണം കിട്ടുമോ എന്നറിയാതെ ഓരോ ദിവസവും കഴിയേണ്ടിവരുന്ന ഭയം കൂടിയാണ്. വിശപ്പിന്റെ കാലം അവസാനിച്ചാലും അതുണ്ടാക്കിയ ആഘാതങ്ങള്‍ കുടുംബങ്ങളെ പിന്തുടരാം. ഗസയിലെ യുവ ചലച്ചിത്ര പ്രവര്‍ത്തക മോണ അബു ഖാസ് സംവിധാനം ചെയ്ത ‘A Sack of Flour’ ‘ എന്ന 11 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി പറയുന്നത് ആ അനുഭവങ്ങളാണ്.

ഗസയിലെ ഫലസ്തീനികള്‍ ഭക്ഷണം കണ്ടെത്താന്‍ നടത്തുന്ന പോരാട്ടം, സഹായവിതരണ കേന്ദ്രങ്ങളിലെ അപകടങ്ങള്‍, ഭക്ഷണം ശേഖരിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ നഷ്ടമായവര്‍. യുദ്ധത്തിന്റെയും ഉപരോധത്തിന്റെയും പശ്ചാത്തലത്തില്‍ ഭക്ഷണം ലഭിക്കുക എന്ന അടിസ്ഥാന ആവശ്യം പോലും എത്രത്തോളം അപകടകരമായ അനുഭവമായി മാറിയെന്ന് ‘എ സാക്ക് ഓഫ് ഫ്ലോര്‍’ കാണിക്കുന്നു.

മോണ അബു ഖാസിന്റെ സ്വന്തം അനുഭവങ്ങളില്‍നിന്നും ഗസയില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളില്‍നിന്നുമാണ് സിനിമയുടെ ആശയം രൂപപ്പെട്ടത്.

‘ഗസയിലെ മനുഷ്യരുടെ കഷ്ടപ്പാടുകളും എന്തുസംഭവിച്ചാലും പിടിച്ചുനില്‍ക്കാനുള്ള മനുഷ്യരുടെ ദൃഢനിശ്ചയവും പകര്‍ത്താനാണ് ഞാന്‍ ആഗ്രഹിച്ചത്. ആളുകള്‍ അനുഭവിക്കുന്ന യാഥാര്‍ഥ്യം കാണിക്കാനും യുദ്ധം അവരുടെ ബന്ധങ്ങളിലും സ്വപ്നങ്ങളിലും പ്രതീക്ഷകളിലും എന്ത് മാറ്റമാണ് വരുത്തിയതെന്ന് പ്രേക്ഷകര്‍ക്ക് മനസിലാക്കിക്കൊടുക്കാനുമായിരുന്നു എന്റെ ശ്രമം,’ മോണ അബു ഖാസ് അല്‍ ജസീറയോട് പറഞ്ഞു.

ഭക്ഷണം ലഭിച്ചുതുടങ്ങിയാലും വിശപ്പിന്റെ അനുഭവം മനുഷ്യരെ വിട്ടുപോകണമെന്നില്ല. ഭക്ഷണത്തിനായി കാത്തുനിന്ന നിമിഷങ്ങളും സഹായം തേടിയുള്ള യാത്രകളും അതിനിടയില്‍ നഷ്ടപ്പെട്ട ജീവനുകളും കുടുംബങ്ങളുടെ ഓര്‍മകളില്‍ അവശേഷിക്കും. അത്തരം ഓര്‍മകളെ വ്യക്തിപരമായ അനുഭവങ്ങള്‍ക്കപ്പുറത്തേക്ക് കൊണ്ടുപോയി ഒരു ജനതയുടെ ദുരിതത്തിന്റെ സാക്ഷ്യമാക്കുകയാണ് ഈ ഡോക്യുമെന്ററി.

ഗസയിലേക്ക് എത്തുന്ന ഭക്ഷ്യവസ്തുക്കള്‍ക്കും മറ്റ് അവശ്യസാധനങ്ങള്‍ക്കും ഇസ്രഈല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും സഹായവിതരണം വെട്ടിക്കുറച്ചതും ഭക്ഷ്യക്ഷാമം രൂക്ഷമാക്കിയിരുന്നു. വീണ്ടും പട്ടിണി പടരുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ്, ഇത്തരമൊരു പ്രമേയത്തിന് പ്രസക്തിയേറുന്നത്.

വിശപ്പിനെക്കുറിച്ച് കണക്കുകള്‍ പറയാം. ഭക്ഷ്യസഹായത്തിന്റെ അളവും ക്ഷാമത്തിന്റെ വ്യാപ്തിയും രേഖപ്പെടുത്താം. എന്നാല്‍ ഭക്ഷണം ലഭിക്കുമോ എന്നറിയാതെ കഴിയുന്ന ഒരു കുടുംബത്തിന്റെ ഭയം, ഭക്ഷണത്തിനായി പോകുന്ന ഒരാള്‍ തിരികെ വരുമോ എന്ന ആശങ്ക, വിശപ്പിന്റെ ഓര്‍മകള്‍ കുട്ടികളുടെ മനസില്‍ അവശേഷിപ്പിക്കുന്ന മുറിവുകള്‍ എന്നിവ മനസിലാക്കാന്‍ മനുഷ്യരുടെ അനുഭവങ്ങളിലേക്ക് കടക്കേണ്ടിവരും.
‘എ സാക്ക് ഓഫ് ഫ്ലോര്‍’ അത്തരമൊരു ശ്രമമാണ്.

വാക്കുകള്‍ക്ക് പറയാനാകാത്തത് നിറങ്ങളും വരകളും പറയുന്നു

ഗസയിലെ യുദ്ധം എല്ലാവരെയും ഒരുപോലെയല്ല ബാധിക്കുന്നത്. ഇതിനകംതന്നെ വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാരെ, യുദ്ധവും കുടിയൊഴിപ്പിക്കലും കുടുംബാംഗങ്ങളുടെ നഷ്ടവും ഉപജീവനമാര്‍ഗങ്ങളുടെ തകര്‍ച്ചയും കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു.

മാധ്യമപ്രവര്‍ത്തക കൂടിയായ റഗ്ദ അല്‍-ബുഹൈസിയുടെ സംവിധാന അരങ്ങേറ്റമായ ‘Beyond Silence’ ഈ യാഥാര്‍ഥ്യത്തിലേക്കാണ് പ്രേക്ഷകരെ കൊണ്ടുപോകുന്നത്.

വായിക്കാനോ എഴുതാനോ ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്താനോ പഠിച്ചിട്ടില്ലാത്ത ഒരു ബധിര കലാകാരന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. തെക്കന്‍ ഗസയിലെ റഫയില്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ആര്‍ട്ട് സ്റ്റുഡിയോ ഇസ്രഈല്‍ സൈന്യം നശിപ്പിച്ചു. മാതാപിതാക്കളെയും നിരവധി കുടുംബാംഗങ്ങളെയും അദ്ദേഹത്തിന് നഷ്ടമായി.

റഗ്ദ അല്‍-ബുഹൈസിയുടെ ആദ്യ സംവിധാന സംരംഭമായ ‘ബിയോണ്ട് സൈലന്‍സ്’ ഗസയിലെ വംശഹത്യയില്‍ ഭിന്നശേഷിക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങളാണ് ചിത്രീകരിക്കുന്നത്. Photo: ALJAZEERA

താമസിച്ചിരുന്ന ഇടവും പ്രിയപ്പെട്ടവരെയും തൊഴിലിടവും നഷ്ടപ്പെട്ടതോടെ ജീവിതം വീണ്ടും കെട്ടിപ്പടുക്കേണ്ട അവസ്ഥയിലായി ആ കലാകാരന്‍. മധ്യ ഗസയിലെ ദെയര്‍ അല്‍-ബലാഹിലേക്ക് കുടിയൊഴിപ്പിക്കപ്പെട്ട അദ്ദേഹത്തിന് മറ്റൊരു കുടുംബം അഭയം നല്‍കി. റോഡരികില്‍ ചെറിയൊരു സ്റ്റുഡിയോയും ഒരുക്കി.

അവിടെ അദ്ദേഹം വീണ്ടും ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങി. നഷ്ടത്തിന്റെയും കുടിയൊഴിപ്പിക്കലിന്റെയും അനുഭവങ്ങള്‍ ആ ചിത്രങ്ങളില്‍ പ്രതിഫലിച്ചു. വാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ നിറങ്ങളിലൂടെയും വരകളിലൂടെയും പുറത്തുവന്നു.

യുദ്ധകാലത്ത് ഭിന്നശേഷിക്കാര്‍ നേരിടുന്ന പ്രതിസന്ധികള്‍ പുറത്തുകൊണ്ടുവരികയായിരുന്നു തന്റെ ലക്ഷ്യമെന്ന് റഗ്ദ അല്‍-ബുഹൈസി പറയുന്നു. ‘ഭാഷയുടെയും നിശ്ശബ്ദതയുടെയും അതിരുകള്‍ മറികടക്കാന്‍ കലയ്ക്ക് കഴിയും. ഒരാളുടെ വ്യക്തിപരമായ വേദനയിലൂടെ ഗസയുടെ ദുരിതങ്ങള്‍ ലോകത്തിന് മുന്നിലെത്തിക്കാനും കലയ്ക്ക് സാധിക്കും,’ റഗ്ദ അല്‍-ബുഹൈസി പറഞ്ഞു.

”Beyond Silence’ എന്ന പേര് ഈ സാഹചര്യത്തില്‍ കൂടുതല്‍ അര്‍ഥവത്താകുന്നു. സംസാരിക്കാനോ സ്വന്തം അനുഭവങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാനോ കഴിയാത്തത് വലിയ വേദനയാണ്. ആ വേദന മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ മറ്റൊരു വഴി കണ്ടെത്തുകയാണ് കല ചെയ്യുന്നത്. ഗസയിലെ ഈ കലാകാരന്റെ ചിത്രങ്ങളും അദ്ദേഹത്തിന്റെ ജീവിതം പകര്‍ത്തിയ ഡോക്യുമെന്ററിയും അതിന് ഉദാഹരണമാണ്.

ഒരു കുട്ടിയും കഴുതയും; തകര്‍ന്ന ജീവിതങ്ങള്‍ക്കിടയിലെ അതിജീവനം

സോസോ: ദി ലൈഫ് ലൈന്‍ എന്ന കൗതര്‍ അബു അല്‍-ഹുസൈന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ഗസയിലെ മറ്റൊരു ജീവിതത്തിലേക്കാണ് കടന്നുചെല്ലുന്നത്. അനാഥനായ ഒരു കുട്ടിയും അവന്റെ കഴുതയും ചേര്‍ന്ന് മറ്റുള്ളവര്‍ക്ക് അതിജീവിക്കാന്‍ സഹായം നല്‍കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

യുദ്ധം കുടുംബങ്ങളെയും വീടുകളെയും ജീവിക്കാനുള്ള എല്ലാ സംവിധാനങ്ങളെയും തകര്‍ക്കുമ്പോള്‍ മനുഷ്യര്‍ പരസ്പരം ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഒരു കുട്ടിയും അവന്റെ കഴുതയും മറ്റുള്ളവരുടെ ജീവിതത്തില്‍ സഹായത്തിന്റെ കണ്ണികളാകുന്നു. ഗസയിലെ ജീവിതവും അതിജീവനത്തിനായി മനുഷ്യര്‍ കണ്ടെത്തുന്ന വഴികളുമാണ് സോസോ: ദി ലൈഫ് ലൈന്‍ എന്ന ഡോക്യുമെന്ററി വരച്ചുകാട്ടുന്നത്.

യുദ്ധത്തിന്റെ കഥ പറയുമ്പോള്‍ പലപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നാശത്തിലും മരണത്തിലും മാത്രമായിരിക്കും. എന്നാല്‍ തകര്‍ച്ചകള്‍ക്കിടയിലും ആളുകള്‍ എങ്ങനെ ജീവിക്കുന്നു, മറ്റുള്ളവരെ എങ്ങനെ സഹായിക്കുന്നു, ജീവിതം തുടരാന്‍ എന്തെല്ലാം വഴികള്‍ കണ്ടെത്തുന്നു എന്നതും അത്രതന്നെ പ്രധാനമാണ്. സോസോ: ദി ലൈഫ്‌ലൈന്‍ ഈ അതിജീവനത്തിന്റെ വശമാണ് അവതരിപ്പിക്കുന്നത്. ഒരു കുട്ടിയുടെ ജീവിതത്തിലൂടെ ഗസയിലെ മനുഷ്യര്‍ നേരിടുന്ന വലിയ പ്രതിസന്ധിയിലേക്കാണ് ചിത്രം പ്രേക്ഷകരെ നയിക്കുന്നത്.

വീടും കുടുംബവും നഷ്ടപ്പെട്ട ഒരു ചലച്ചിത്ര പ്രവര്‍ത്തക

യുദ്ധം ഒരു വീടിനെ തകര്‍ക്കുമ്പോള്‍ നഷ്ടപ്പെടുന്നത് ചുമരുകളും മേല്‍ക്കൂരയും മാത്രമല്ല. ആ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഓര്‍മകളും കുടുംബത്തിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും കൂടിയാണ്.

‘Remnants of Light’ എന്ന ഡോക്യുമെന്ററി സ്വന്തം കുടുംബത്തെയും വീടിനെയും നഷ്ടപ്പെട്ട ഒരു ചലച്ചിത്ര പ്രവര്‍ത്തകയുടെ അനുഭവങ്ങളാണ് കാണിക്കുന്നത്. യുദ്ധം ഒരാളുടെ വ്യക്തിപരമായ ജീവിതത്തിലും സ്വപ്നങ്ങളിലും വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് ഡോക്യുമെന്ററി വിശദീകരിക്കുന്നു.

ഒരു നിമിഷം കൊണ്ട് തങ്ങളുടെ ജീവിതം കെട്ടിപ്പടുത്ത ഇടങ്ങള്‍ തകര്‍ന്നു തരിപ്പണമാകുന്നു. കുടുംബത്തോടൊപ്പം ചെലവഴിച്ച കാലവും തങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്ന ചുറ്റുപാടുകളും നഷ്ടപ്പെടുന്നു. അത്തരം നഷ്ടങ്ങള്‍ക്കിടയില്‍ ചലച്ചിത്ര പ്രവര്‍ത്തക ഹനാദി അബു സലാഹ് തന്റെ അനുഭവങ്ങളെ രേഖപ്പെടുത്തുന്നു എന്നതാണ് ‘Remnants of Light’ നെ ശ്രദ്ധേയമാക്കുന്നത്.

സ്വന്തം ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങളെക്കുറിച്ച് സംസാരിക്കുന്നതിലുപരി, അവയെ സിനിമയാക്കി മാറ്റുന്നതിലൂടെ മറ്റുള്ളവരുടെ അനുഭവങ്ങളുമായും ബന്ധിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്. അങ്ങനെ ഒരാളുടെ നഷ്ടം ഗസയിലെ നിരവധി കുടുംബങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ കൂടി കഥയായി മാറുന്നു.

എട്ട് മക്കളെ നഷ്ടപ്പെട്ട അമ്മയുടെ പാട്ടുകള്‍

അഞ്ച് ഡോക്യുമെന്ററികളില്‍ ഏറ്റവും വേദനിപ്പിക്കുന്ന കഥകളിലൊന്നാണ് ‘Dandana’. യുദ്ധത്തില്‍ എട്ട് മക്കളെയും നഷ്ടപ്പെട്ട ഒരു അമ്മയുടെ ജീവിതമാണ് ചിത്രം പറയുന്നത്.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ വേദന വാക്കുകളില്‍ വിവരിക്കാനാവില്ല. ആ വേദനയുമായി മുന്നോട്ടുപോകാന്‍ ഓരോരുത്തരും ഓരോ വഴികള്‍ കണ്ടെത്തുന്നു. ഈ അമ്മയ്ക്ക് പാട്ടുകളാണ് അതിനുള്ള ആശ്രയം. തന്റെ ദുഃഖത്തെ അതിജീവിക്കാന്‍, അവിടെ അവശേഷിച്ച കുടുംബാംഗങ്ങള്‍ക്കൊപ്പം ഫലസ്തീന്‍ പാട്ടുകളിലേക്ക് തിരിയുകയാണ് ആ അമ്മ.

എട്ട് മക്കളെ നഷ്ടപ്പെട്ടുവെന്നത് വെറുമൊരു കണക്കില്‍ പറഞ്ഞൊതുക്കാനാവില്ല. അതിന് പിന്നില്‍ ഒരു അമ്മയുടെ ഓര്‍മകളും അവരുടെ ഒരുമിച്ചുള്ള ജീവിതവും പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ട്. അവയെല്ലാം നഷ്ടപ്പെട്ടിട്ടും ജീവിതത്തിലേക്ക് തിരിച്ചുനടക്കാന്‍ ശ്രമിക്കുന്ന ആ അമ്മയുടെ അനുഭവമാണ് ഇസ്രാ അബു ജിയാബ് സംവിധാനം ചെയ്ത ‘Dandana’ പങ്കുവെക്കുന്നത്.

നഷ്ടപ്പെട്ട മക്കളുടെ ഓര്‍മകള്‍ക്കൊപ്പം ജീവിക്കാനും അതിജീവിച്ച കുടുംബാംഗങ്ങളുമായി ചേര്‍ന്നുനില്‍ക്കാനും ദുഃഖത്തെ അതിജീവിക്കാനും ആ അമ്മയ്ക്ക് പാട്ടുകള്‍ തുണയാകുന്നു. ഫലസ്തീന്‍ പാട്ടുകളിലൂടെ വേദനയെ നേരിടുന്ന ആ അമ്മയുടെ ജീവിതം, യുദ്ധം മനുഷ്യരുടെ വ്യക്തിജീവിതത്തില്‍ അവശേഷിപ്പിക്കുന്ന ആഴത്തിലുള്ള മുറിവുകളുടെ കൂടി സാക്ഷ്യമായി മാറുന്നു.

25 യുവതികള്‍; അഞ്ച് ഡോക്യുമെന്ററികള്‍

ഈ അഞ്ച് ഡോക്യുമെന്ററികളും യാദൃച്ഛികമായി രൂപപ്പെട്ടവയല്ല. മാര്‍ച്ചില്‍ ആരംഭിച്ച ഫിലിം മേക്കിങ് ഡിപ്ലോമ പരിപാടിയുടെ ഭാഗമായാണ് അവ നിര്‍മിച്ചത്. 25 യുവ പലസ്തീന്‍ വനിതകളെ ഒരുമിച്ചുകൊണ്ടുവന്ന പരിശീലന പരിപാടിയിലൂടെ ചലച്ചിത്രനിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് അവര്‍ക്ക് ലഭിച്ചത്.

യുദ്ധം അവരുടെ ജീവിതത്തെ ബാധിച്ചെങ്കിലും, ആ അനുഭവങ്ങളെ രേഖപ്പെടുത്താനുള്ള കഴിവുകള്‍ വളര്‍ത്തിയെടുക്കാനും സ്വന്തം കഥകള്‍ സ്വയം പറയാനും ഈ പരിപാടി അവസരം നല്‍കി. അവരുടെ സിനിമകളില്‍ വിശപ്പും കുടിയൊഴിപ്പിക്കലും ഭിന്നശേഷിക്കാര്‍ നേരിടുന്ന പ്രതിസന്ധികളും കുടുംബനഷ്ടങ്ങളും അതിജീവനവും ഇടംപിടിച്ചു.

ഫെസ്റ്റിവല്‍ ഡയറക്ടര്‍ എസ്സെഡിന്‍ ഷല്ലയുടെ വാക്കുകളില്‍, യുദ്ധകാലത്ത് സ്ത്രീകളും പെണ്‍കുട്ടികളും നേരിട്ട അനുഭവങ്ങള്‍ക്ക് ദൃശ്യസാക്ഷ്യം നല്‍കുകയാണ് ഈ ചിത്രങ്ങള്‍. ഓരോ സിനിമയുടെയും വിഷയം വ്യത്യസ്തമാണെങ്കിലും വ്യക്തിപരമായ വേദനയെ വിശാലമായ മനുഷ്യാനുഭവങ്ങളാക്കി മാറ്റുകയാണ് അവ ചെയ്യുന്നത്. യുദ്ധം സൃഷ്ടിച്ച മാനസികവും സാമൂഹികവുമായ മുറിവുകളും അവ വെളിപ്പെടുത്തുന്നു.

‘സ്‌ക്രീനിലെത്താന്‍ സാധ്യതയില്ലാത്ത കഥകളെയാണ് ഈ ഡോക്യുമെന്ററികള്‍ കാണിക്കുന്നത്. ഗസയിലെ കഷ്ടപ്പാടുകളെ സിനിമയിലെ ദൃശ്യസാക്ഷ്യങ്ങളാക്കി മാറ്റി, അവിടത്തെ കഥകള്‍ അതിര്‍ത്തികള്‍ക്കപ്പുറമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഞങ്ങള്‍,’എസ്സെഡിന്‍ ഷല്ല അല്‍ ജസീറയോട് പറഞ്ഞു.

ഒരു ക്യാമറയും കഥ പറയാനുള്ള ആഗ്രഹവും മാത്രം മതിയാകില്ല ഒരു സിനിമ നിര്‍മിക്കാന്‍. പരിശീലനവും സാങ്കേതികവിദ്യയും ഉപകരണങ്ങളും സാമ്പത്തിക സഹായവും പ്രദര്‍ശനത്തിനുള്ള വേദികളും ആവശ്യമാണ്. അതുകൊണ്ടുതന്നെ, 25 യുവതികള്‍ക്ക് പരിശീലനം നല്‍കുകയും അവരുടെ അഞ്ച് ഡോക്യുമെന്ററികള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്ത ഈ സംരംഭം ഗസയിലെ വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പുതിയ സാധ്യതകള്‍ തുറക്കുന്നതാണ്.

തകര്‍ന്ന ഹാളില്‍ സിനിമ; 24 രാജ്യങ്ങളില്‍നിന്ന് 73 ചിത്രങ്ങള്‍

ഗസ ഇന്റര്‍നാഷണല്‍ വിമന്‍സ് ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് ഒക്ടോബര്‍ 31 വരെ നീളും. 24 രാജ്യങ്ങളില്‍നിന്നുള്ള 73 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഗസയിലെയും പുറത്തെയും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വിശാലമായ വേദിയൊരുക്കുകയാണ് മേളയുടെ ലക്ഷ്യം.

യുദ്ധത്തില്‍ തകര്‍ന്ന അല്‍-നഖീല്‍ ഹാളിന്റെ സ്ഥലത്ത് സംഘടിപ്പിച്ച മേളയ്ക്ക് അതുകൊണ്ടുതന്നെ പ്രതീകാത്മകമായ പ്രാധാന്യമുണ്ട്. സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഇടം തന്നെ നാശത്തിന്റെ അടയാളങ്ങള്‍ പേറുമ്പോള്‍, അവിടെ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ യുദ്ധം തകര്‍ത്ത ജീവിതങ്ങളുടെ കഥകള്‍ പറയുന്നു.

എന്നാല്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതുകൊണ്ടുമാത്രം ഗസയിലെ ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. സാംസ്‌കാരിക സ്ഥാപനങ്ങളുടെ നാശം, ചിത്രീകരണ ഉപകരണങ്ങളുടെ ക്ഷാമം, പരിമിതമായ സാമ്പത്തിക സഹായം, വൈദ്യുതി-ഇന്റര്‍നെറ്റ് തടസങ്ങള്‍, യുദ്ധവും കുടിയൊഴിപ്പിക്കലും സൃഷ്ടിക്കുന്ന സമ്മര്‍ദങ്ങള്‍ എന്നിവ സിനിമാ നിര്‍മാണത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്.

‘മരണത്തില്‍ നിന്ന് ജീവിതം സൃഷ്ടിക്കുന്ന സ്ത്രീകള്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ചലച്ചിത്രമേള നടന്നത്. photo: ALJAZEERA

പരിശീലന പരിപാടികളില്‍ പങ്കെടുക്കാനും ചിത്രങ്ങള്‍ നിര്‍മിക്കാനും അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് എത്തിക്കാനും വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നിരവധി തടസങ്ങളാണ് നേരിടേണ്ടിവരുന്നത്. യുദ്ധത്തിന് മുമ്പുള്ള കാലത്തും ഗസയിലെ ഇസ്രഈല്‍ ഉപരോധം യുവതികളുടെ ചലച്ചിത്രനിര്‍മാണത്തിന് വെല്ലുവിളിയായിരുന്നു. 2023ന് മുമ്പേ നിലനിന്നിരുന്ന ഉപരോധവും അതിനുശേഷമുള്ള യുദ്ധവും ഈ പരിമിതികളെ കൂടുതല്‍ രൂക്ഷമാക്കി.

മേളയുടെ സഹസ്ഥാപകയും ചലച്ചിത്ര പ്രവര്‍ത്തകയുമായ റിമ മഹ്മൂദ് പറയുന്നതനുസരിച്ച്, ഈ സാഹചര്യങ്ങള്‍ ചില വനിതാ സംവിധായകരെ ലളിതമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കാനും സ്വന്തം പണം കണ്ടെത്തി സിനിമകള്‍ നിര്‍മിക്കാനും ഗസയിലെ യാഥാര്‍ഥ്യത്തെ രേഖപ്പെടുത്താനും പ്രേരിപ്പിച്ചുവെന്നാണ്.

‘പരിമിതമായ വിഭവങ്ങള്‍ മാത്രമുള്ളപ്പോഴും ഈ സിനിമകള്‍ അന്താരാഷ്ട്ര ശ്രദ്ധ അര്‍ഹിക്കുന്നു. അവ നിര്‍മിച്ചവര്‍ക്ക് സാങ്കേതികവും സാമ്പത്തികവുമായ പിന്തുണയും വിവര്‍ത്തനസഹായവും ചലച്ചിത്രമേളകളുമായും മറ്റ് പ്ലാറ്റ്‌ഫോമുകളുമായും സഹകരിക്കാനുള്ള അവസരങ്ങളും ആവശ്യമാണ്,’ റിമ മഹ്മൂദ് പറഞ്ഞു.

ഗസയുടെ കഥകള്‍ മായ്ച്ചുകളയാതിരിക്കാന്‍

ലെബനന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ ചലച്ചിത്ര പ്രവര്‍ത്തക മായ് മസ്രിയും മേളയുടെ സഹസ്ഥാപകരിലൊരാളാണ്. സ്വന്തം കഥകള്‍ പറയാനും കഴിവുകള്‍ വളര്‍ത്തിയെടുക്കാനും ഗസയിലോ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയോ ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കാനും യുവ വനിതകള്‍ക്ക് അവസരമൊരുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയാണ് അവര്‍.

മസ്രിയുടെ അഭിപ്രായത്തില്‍, സിനിമകള്‍ വ്യക്തിപരമായ അനുഭവങ്ങള്‍ രേഖപ്പെടുത്തുന്നതിനപ്പുറം ചരിത്രവും കൂട്ടായ ഓര്‍മകളും സംരക്ഷിക്കുന്നതിനുള്ള മാര്‍ഗം കൂടിയാണ്. യുദ്ധം ഒരു ജനതയുടെ വീടുകളെയും സാംസ്‌കാരിക ഇടങ്ങളെയും ജീവിതരീതികളെയും തകര്‍ക്കുമ്പോള്‍, ആ ജനതയുടെ അനുഭവങ്ങള്‍ രേഖപ്പെടുത്തിവെക്കുന്നതും പ്രധാനമാണ്.

ഗസ സിനിമാ അക്കാദമി അല്‍-ഖുദ്സ് ഓപ്പണ്‍ സര്‍വകലാശാലയുമായി സഹകരിച്ച് ചലച്ചിത്രനിര്‍മാണത്തില്‍ ഡിപ്ലോമാ പരിപാടിയും വികസിപ്പിച്ചിട്ടുണ്ട്. ഫലസ്തീന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരമുള്ളതാണ് ഈ പരിപാടി. പരിശീലനം നല്‍കുന്നതില്‍ ഒതുങ്ങാതെ, വനിതാ സംവിധായകരുടെ സിനിമകള്‍ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ എത്തിക്കാനും അക്കാദമി ശ്രമിക്കുന്നുണ്ട്.

ഫലസ്തീനു പുറത്തുള്ള വിദ്യാഭ്യാസ-സാംസ്‌കാരിക സ്ഥാപനങ്ങളിലും സ്ത്രീകളുടെയും മനുഷ്യാവകാശങ്ങളുടെയും വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അന്താരാഷ്ട്ര വേദികളിലും മേളകളിലും ഈ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കാരുമായി കരാറുകളുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് മായ് മസ്രി പറഞ്ഞു.

ഇതിലൂടെ ഫലസ്തീന്‍ വനിതകളുടെ ശബ്ദം ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കാനും അവരുടെ അനുഭവങ്ങളും കലാപരമായ സര്‍ഗാത്മകതയും പരിചയപ്പെടുത്താനും അന്താരാഷ്ട്ര തലത്തില്‍ ഫലസ്തീന്‍ സിനിമയുടെ സാന്നിധ്യം ശക്തിപ്പെടുത്താനും കഴിയുമെന്നാണ് പ്രതീക്ഷ. യുവ വനിതാ സംവിധായകര്‍ക്ക് ആഗോള പ്രദര്‍ശന വേദികളിലേക്കും ചലച്ചിത്രമേളകളിലേക്കും കടന്നുചെല്ലാനുള്ള അവസരങ്ങളും ഇതിലൂടെ തുറന്നുകിട്ടും.

യുദ്ധത്തിന്റെ കണക്കുകള്‍ക്കപ്പുറം മനുഷ്യരുടെ ജീവിതം

ഗസയെക്കുറിച്ചുള്ള വാര്‍ത്തകളില്‍ മരണസംഖ്യകളും തകര്‍ന്ന കെട്ടിടങ്ങളും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കണക്കുകളും വലിയ സ്ഥാനം നേടാറുണ്ട്. യുദ്ധത്തിന്റെ വ്യാപ്തി മനസിലാക്കാന്‍ ഈ കണക്കുകള്‍ അനിവാര്യമാണ്. എന്നാല്‍ ഓരോ കണക്കിനും പിന്നില്‍ ഒരു ജീവിതമുണ്ട്. ഒരു കുടുംബമുണ്ട്. നഷ്ടപ്പെട്ട വീടും മടങ്ങിവരാത്ത മനുഷ്യരും പൂര്‍ത്തിയാകാതെപോയ സ്വപ്നങ്ങളുമുണ്ട്.

ഭക്ഷണം ശേഖരിക്കാന്‍ പോകുന്ന മനുഷ്യരുടെ അനുഭവങ്ങള്‍ തുറന്നുകാട്ടുന്ന മോണ അബു ഖാസ്, കുടുംബത്തെ നഷ്ടപ്പെട്ട കലാകാരന്റെ ജീവിതം പകര്‍ത്തിയ റഗ്ദ അല്‍-ബുഹൈസി, അതിജീവനത്തിനായി മറ്റുള്ളവരെ സഹായിക്കുന്ന അനാഥനായ കുട്ടിയുടെ കഥ പറയുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍, എട്ട് മക്കളെ നഷ്ടപ്പെട്ട അമ്മയുടെ ദുഃഖം പാട്ടുകളിലൂടെ അവതരിപ്പിക്കുന്ന സംവിധായിക ഇവരെല്ലാം വ്യത്യസ്ത കഥകളാണ് പറയുന്നത്. എന്നാല്‍ അവയെ ബന്ധിപ്പിക്കുന്ന ഒരു നൂലുണ്ട്, തങ്ങള്‍ അനുഭവിച്ച യാഥാര്‍ഥ്യം മറ്റുള്ളവര്‍ അറിയണമെന്ന ആഗ്രഹം.

ഈ സിനിമകള്‍ യുദ്ധത്തിന്റെ മുഴുവന്‍ ചരിത്രവും പറയുന്നില്ല. എന്നാല്‍ വലിയ വാര്‍ത്തകളിലും കണക്കുകളിലും ഒതുങ്ങിപോകാന്‍ സാധ്യതയുള്ള ചില ജീവിതങ്ങളെ അവ ലോകത്തിന്റെ മുന്നിലെത്തിക്കുന്നു. വാക്കുകള്‍ക്ക് പറയാനാകാത്ത വേദനയ്ക്ക് ദൃശ്യരൂപം നല്‍കുന്നു. ഗസയിലെ മനുഷ്യര്‍ നേരിടുന്ന ദുരിതങ്ങളെ ദൂരെയിരുന്ന് കാണുന്ന ഒരു വാര്‍ത്തയായി മാത്രം അവശേഷിപ്പിക്കാതെ, വ്യക്തികളുടെ ജീവിതത്തിലൂടെ അനുഭവിക്കാന്‍ പ്രേക്ഷകരെ ക്ഷണിക്കുന്നു.

ഇവിടെ സിനിമ ഒരു വിനോദമാധ്യമം മാത്രമല്ല. ഓര്‍മകള്‍ സൂക്ഷിക്കാനുള്ള ഇടമാണ്. സ്വന്തം കഥകള്‍ സ്വയം പറയാനുള്ള അവസരമാണ്. ഒരു ജനതയുടെ അനുഭവങ്ങള്‍ രേഖപ്പെടുത്താനും അവയെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് എത്തിക്കാനുമുള്ള മാര്‍ഗമാണ്.

യുദ്ധം കെട്ടിടങ്ങള്‍ തകര്‍ക്കുകയും സാംസ്‌കാരിക ഇടങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുമ്പോള്‍, ഗസയിലെ വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ ക്യാമറകള്‍ കൈയിലെടുത്ത് തങ്ങളുടെ ജീവിതം രേഖപ്പെടുത്തുകയാണ്. അവരുടെ മുന്നിലുള്ള വെല്ലുവിളികള്‍ ചെറുതല്ല. ഉപകരണങ്ങളും സാമ്പത്തിക സഹായവും പരിശീലനവും പ്രദര്‍ശന വേദികളും ഇപ്പോഴും ആവശ്യമാണ്. എങ്കിലും തങ്ങളുടെ അനുഭവങ്ങള്‍ പറയാനുള്ള ശ്രമം അവര്‍ ഉപേക്ഷിച്ചിട്ടില്ല.

തകര്‍ന്ന അല്‍-നഖീല്‍ ഹാളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത് ഈ ശ്രമത്തിന്റെ പ്രതീകമാണ്. കെട്ടിടം തകര്‍ന്നിരിക്കാം. ജീവിതങ്ങള്‍ ചിതറിപ്പോയിരിക്കാം. പക്ഷേ, ആ ജീവിതങ്ങളുടെ കഥകള്‍ പറയപ്പെടണം എന്ന ആഗ്രഹം അവശേഷിക്കുന്നു.

ഗസയിലെ വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ സിനിമയാക്കുന്നത് വേദനയെ മാത്രമല്ല, ആ വേദനയ്ക്കിടയിലും മനുഷ്യര്‍ ജീവിതത്തില്‍ പിടിച്ചുനില്‍ക്കുന്നതിന്റെ തെളിവുകളെയാണ്. അവരുടെ സിനിമകള്‍ ലോകം കാണണമെന്നത് കലാകാരികള്‍ക്കുള്ള അംഗീകാരത്തിന്റെ മാത്രം കാര്യമല്ല. യുദ്ധത്തിനിടയിലും സ്വന്തം കഥകള്‍ പറയാനുള്ള അവകാശം ഒരു ജനതയ്ക്ക് എത്ര പ്രധാനമാണെന്നതിന്റെ കൂടി ഓര്‍മപ്പെടുത്തലാണ്.

Content Highlight: ‘Women Creating Life from Death’: Palestinian Women Tell Heart-Wrenching Stories Through Five Documentaries