മുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസമുള്ള വോട്ടര്‍മാര്‍ ബി.ജെ.പിയെ വേണ്ടെന്ന് വെച്ചെന്ന് ശിവസേന (യു.ബി.ടി) എം.പി സഞ്ജയ് റാവത്ത്. കഴിഞ്ഞ ആഴ്ച നടന്ന മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍, ബിരുദധാരികള്‍ക്കായുള്ള മൂന്ന് സീറ്റുകളിലും ബി.ജെ.പിയുടെ ‘മഹായുതി’ സഖ്യം പരാജയപ്പെട്ടതിനെക്കുറിച്ചാണ് റാവത്തിന്റെ പരാമര്‍ശം.

തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ബിരുദധാരികള്‍ ബിജെപിയെയും അവരുടെ സഖ്യകക്ഷികളെയും ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് പരാജയപ്പെടുത്തിയെന്ന് റാവത്ത് പറഞ്ഞു. ഈ മാസം 23ന് നടന്ന കൗണ്‍സിലിലെ അഞ്ച് ബിരുദധാരി/അധ്യാപക മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍, പ്രതിപക്ഷമായ മഹാ വികാസ് ആഘാദി (എം.വി.എ) മൂന്ന് സീറ്റുകള്‍ നേടിയപ്പോള്‍, ബി.ജെ.പി നയിക്കുന്ന ഭരണകക്ഷിയായ ‘മഹായുതി’ സഖ്യം രണ്ട് സീറ്റുകള്‍ മാത്രമാണ് നേടിയത്.

നാഗ്പൂര്‍ ബിരുദധാരി മണ്ഡലത്തില്‍ നടന്ന കടുത്ത മത്സരത്തില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. സഖ്യകക്ഷിയായ എന്‍.സി.പി (എസ്.പി) പൂനെ, ഔറംഗബാദ് (ഛത്രപതി സംഭാജിനഗര്‍) ബിരുദധാരി മണ്ഡലങ്ങളിലെ സീറ്റുകളില്‍ ജയിച്ചിരുന്നു. പൂനെ, അമരാവതി അധ്യാപക മണ്ഡലങ്ങളില്‍ ബി.ജെ.പിയും അവരുടെ സഖ്യകക്ഷിയായ ശിവസേനയും വിജയിച്ചു.

അതേസമയം, ഭരണപക്ഷത്തും പ്രതിപക്ഷത്തും ‘സഖ്യധര്‍മ്മം’ (മുന്നണി മര്യാദകള്‍) പാലിക്കപ്പെട്ടില്ലെന്ന് റാവത്ത് പറഞ്ഞു. ‘മഹാ വികാസ് അഘാഡി’യിലെ ഘടകകക്ഷിയായ ശിവസേനയ്ക്ക് (യു.ബി.ടി) മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റിലും വിജയിക്കാനായിരുന്നില്ല.

ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ 28 സീറ്റുകളില്‍ ഒരിടത്തും വിജയിക്കാന്‍ കഴിയാത്തതിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു. പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഒരാള്‍ക്ക്, പ്രധാന പ്രതിപക്ഷ പാര്‍ട്ടിക്കെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തുന്നത് ചേര്‍ന്നതല്ലെന്ന് റാവത്ത് പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ പോസ്റ്റ് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥിതിഗതികള്‍ മാറുകയും, നാഗ്പൂര്‍ ബിരുദധാരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിക്കുകയും ചെയ്തുവെന്നും റാവത്ത് ചൂണ്ടിക്കാട്ടി.

Content Highlight: Educated voters rejected BJP: Raut on Maharashtra council polls