സമീപകാലത്ത് ഒരു മലയാള നടന് അന്യഭാഷയില്‍ ലഭിച്ച ഏറ്റവും മികച്ച വരവേല്പാണ് മമ്മൂട്ടിക്ക് തമിഴ് ചിത്രം ഓമില്‍ ലഭിച്ചത്. നായകനായ ധനുഷിന് മാസ് ടീസര്‍ നല്‍കിയപ്പോള്‍ അതിന്റെ റേഞ്ചില്‍ നിന്ന് ഒട്ടും കുറയാത്ത ഒന്നാണ് മമ്മൂട്ടിക്കായി അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയത്. സിയാ എന്നറിയപ്പെടുന്ന ബര്‍മാ കാര്‍ത്തികേയനായി മമ്മൂട്ടി തകര്‍ക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

അമരന് ശേഷം രാജ്കുമാര്‍ പെരിയസാമി ഒരുക്കുന്ന ചിത്രമാണ് ഓം ചാപ്റ്റര്‍ വണ്‍. ചിത്രത്തിന്റെ കഥ എഴുതിയപ്പോള്‍ കാര്‍ത്തികേയന്‍ എന്ന കഥാപാത്രത്തിനായി മമ്മൂട്ടിയെ സമീപിച്ചാലോ എന്ന് തോന്നിയെന്നും വണ്‍ ലൈന്‍ കേട്ടപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായെന്നും രാജ്കുമാര്‍ പെരിയസാമി പറഞ്ഞു. എട്ട് മാസത്തോളം കാത്തിരുന്ന ശേഷമാണ് മമ്മൂട്ടിയോട് സ്‌ക്രിപ്റ്റ് വിവരിച്ചതെന്നും അപ്പോള്‍ തന്നെ ഓക്കെ പറഞ്ഞതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടി ഓക്കെ പറഞ്ഞതോടെ ചിത്രത്തിന്റെ കഥയില്‍ തനിക്കുള്ള കോണ്‍ഫിഡന്‍സ് കൂടിയെന്നും പിന്നീട് വളരെ വേഗത്തില്‍ ചിത്രം പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നും രാജ്കുമാര്‍ പെരിയസാമി പറയുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം ആ കഥാപാത്രത്തെ സ്വീകരിച്ച രീതി തനിക്ക് അത്ഭുതമായിരുന്നെന്നും സംവിധായകന്‍ പറഞ്ഞു. സിനിമാ വികടനോട് സംസാരിക്കുകയായിരുന്നു രാജ്കുമാര്‍ പെരിയസാമി.

‘ടീസറൊക്കെ കാണുമ്പോള്‍ തന്നെ മമ്മൂട്ടി സാറിന്റെ ക്യാരക്ടര്‍ ഒരു പവര്‍ഫുള്‍ ഗ്യാങ്സ്റ്റര്‍ അല്ലെങ്കില്‍ ഡോണ്‍ എന്ന് നമുക്ക് മനസിലാകും. പക്ഷേ, ആ ടീസറില്‍ കണ്ടതില്‍ നിന്ന് കുറച്ച് വ്യത്യസ്തത ആ കഥാപാത്രത്തിനുണ്ട്. കണ്ടുശീലിച്ച ഗ്യാങ്‌സ്റ്ററുകളെപ്പോലെയല്ല സിയാ. മമ്മൂട്ടി സാറിനെപ്പോലെ ഒരു വലിയ ആര്‍ട്ടിസ്റ്റിനെ കിട്ടുമ്പോള്‍ ക്ലീഷേ കാര്യങ്ങള്‍ കൊണ്ടുവരാന്‍ പാടില്ലല്ലോ.

മാര്‍ട്ടിന്‍ സ്‌കോര്‍സേസെയുടെ സിനിമകളില്‍ കാണുന്നത് പോലെ ഒരു അമേരിക്കന്‍ മൈഗ്രന്റ് ഗ്യാങ്‌സ്റ്ററാണ് സിയാ. കഥാപാത്രത്തെ അദ്ദേഹം അപ്രോച്ച് ചെയ്തിരിക്കുന്ന രീതി എന്നെ ഞെട്ടിച്ചിട്ടുണ്ട്. കൂടുതലൊന്നും ആ കഥാപാത്രത്തെക്കുറിച്ച് പറയാന്‍ പറ്റില്ല. സിനിമ റിലീസാകുന്നത് വരെ എല്ലാവരും കാത്തിരിക്കേണ്ടി വരും,’ രാജ്കുമാര്‍ പെരിയസാമി പറഞ്ഞു.

മമ്മൂട്ടിക്കും ധനുഷിനും പുറമെ വലിയ താരനിര ഓമില്‍ അണിനിരക്കുന്നുണ്ട്. സായ് പല്ലവിയും ശ്രീലീലയുമാണ് ചിത്രത്തിലെ നായികമാര്‍. ബോളിവുഡ് ഇതിഹാസം നസറുദ്ദീന്‍ ഷായും ഓമിന്റെ ഭാഗമാണ്. തമിഴ് സെന്‍സേഷന്‍ സായ് അഭ്യങ്കര്‍ ചിത്രത്തിനായി ഒരുക്കി ഗാനങ്ങള്‍ ഇതിനോടകം ചാര്‍ട്ട്ബസ്റ്ററായി മാറി. നവംബര്‍ 21ന് ഓം തിയേറ്ററുകളിലെത്തും.

Content Highlight: Rajkumar Periyasamy saying Mammootty’s character is a different gangster in Om movie