ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ജോലികള്‍ക്കായുള്ള ഉദ്യോഗാര്‍ത്ഥികളുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ വിവാദ നിബന്ധനകളുമായി യോഗി ആദിത്യനാഥ്. അക്രമമാര്‍ഗങ്ങളിലൂടെ നിലവിലുള്ള ഭരണസംവിധാനത്തെയോ സാമൂഹിക ക്രമത്തെയോ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കില്ലെന്നാണ് യോഗിയുടെ പുതിയ പ്രഖ്യാപനം.

സമീപകാലത്ത് നടന്ന ചില യുവജന പ്രക്ഷോഭങ്ങള്‍ക്കിടെ രാജ്യത്ത് ബംഗ്ലാദേശിന് സമാനമായ രീതിയില്‍ ‘ഭരണമാറ്റത്തിനും’ അരാജകത്വത്തിനും ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് ഈ നിര്‍ണായക നീക്കം.

സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ കോര്‍പ്പറേഷനുകള്‍, വിവിധ കൗണ്‍സിലുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലേക്ക് നടത്തുന്ന എല്ലാ നേരിട്ടുള്ള നിയമനങ്ങള്‍ക്കും ഈ പുതിയ പരിശോധനാ ചട്ടങ്ങള്‍ ബാധകമായിരിക്കും.

എന്നാല്‍ നിലവില്‍ സര്‍വീസിലുള്ള ജീവനക്കാര്‍ക്ക് ഈ പുതിയ വെരിഫിക്കേഷന്‍ ബാധകമല്ല. ആവശ്യമെങ്കില്‍ ഇവരുടെ മുന്‍ വകുപ്പുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാവുന്നതാണ്. അക്രമത്തിലൂടെ ഭരണമാറ്റമോ സാമൂഹിക അട്ടിമറിയോ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ അംഗങ്ങളായവരെയോ അതുമായി സഹകരിക്കുന്നവരെയോ സര്‍ക്കാര്‍ നിയമനങ്ങള്‍ക്ക് അയോഗ്യരായി കണക്കാക്കും.

ഒരു ഉദ്യോഗാര്‍ത്ഥിക്ക് 21 വയസ് പൂര്‍ത്തിയായ ശേഷം, സ്വഭാവ പരിശോധന നടത്തുന്ന തീയതിക്ക് തൊട്ടുമുമ്പുള്ള 3 വര്‍ഷത്തിനിടെ ഇത്തരം അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അയാള്‍ ഇപ്പോഴും അതില്‍ സജീവമാണെന്നതിന് തെളിവായി കണക്കാക്കും. എന്നാല്‍ ഇതിനിടയില്‍ ഉദ്യോഗാര്‍ത്ഥിയുടെ സ്വഭാവത്തില്‍ നല്ല മാറ്റമുണ്ടായെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകള്‍ ബോധിപ്പിച്ചാല്‍ ഈ അയോഗ്യത പുനപരിശോധിക്കും.

ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നു എന്നതോ രാഷ്ട്രീയ നിലപാടുകള്‍ ഉള്ളതോ ആയതു കൊണ്ട് മാത്രം ഒരാളെയും അയോഗ്യനാക്കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സ്വഭാവ വെരിഫിക്കേഷന്‍ സമയത്ത് കേസുകളെക്കുറിച്ചോ അയോഗ്യതകളെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ മറച്ചുവെക്കുകയോ തെറ്റായ സത്യവാങ്മൂലം നല്‍കുകയോ ചെയ്താല്‍ നിയമനം റദ്ദാക്കുന്നതിനൊപ്പം നിയമനടപടികളും നേരിടേണ്ടി വരും.

ഉദ്യോഗാര്‍ത്ഥികളുടെ സ്വഭാവ വെരിഫിക്കേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പൊലീസ് വിഭാഗത്തിനും ലോക്കല്‍ ഇന്റലിജന്‍സ് യൂണിറ്റിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പരിശോധനക്കായി ഉദ്യോഗാര്‍ത്ഥികളുടെ വീടുകള്‍ സന്ദര്‍ശിക്കുകയോ അവരുടെ ഭൗതിക സാന്നിധ്യം ഉറപ്പാക്കുകയോ ചെയ്യേണ്ടതില്ല.

അഥവാ ഉദ്യോഗാര്‍ത്ഥിക്കെതിരെ പ്രതികൂല റിപ്പോര്‍ട്ടുകള്‍ ഉണ്ടായാല്‍ അയാള്‍ക്ക് വിശദീകരണം നല്‍കാന്‍ ജില്ലാ മജിസ്ട്രേറ്റ് മതിയായ അവസരം നല്‍കണമെന്നും വ്യവസ്ഥയുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ താത്ക്കാലിക നിയമന ഉത്തരവ് നല്‍കാനും വ്യവസ്ഥയുണ്ട്.

തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ ഇന്ത്യ സഖ്യത്തിന്റെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും നേതൃത്വത്തില്‍ ദല്‍ഹിയിലും ഉത്തര്‍പ്രദേശിലും വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ഉത്തരവ്. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നവംബര്‍ ഒന്നിന് ദല്‍ഹി രാംലീല മൈതാനത്ത് ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ റാലി സംഘടിപ്പിക്കാനിരിക്കെയാണ് യു.പി സര്‍ക്കാറിന്റെ നീക്കം.

സര്‍ക്കാരിന്റെ ഈ പുതിയ നീക്കത്തിനെതിരെ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്ന കൊളോണിയല്‍ കാലഘട്ടത്തില്‍ നടപ്പിലാക്കിയിരുന്ന കരിനിയമങ്ങള്‍ക്ക് സമാനമാണിതെന്ന് സമാജ്വാദി പാര്‍ട്ടി കുറ്റപ്പെടുത്തി. പ്രതിഷേധിക്കാനുള്ള യുവാക്കളുടെ അവകാശങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, ഒരാള്‍ കുറ്റക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതികളാണെന്നും അല്ലാതെ ഭരണകൂടമല്ലെന്നും പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാണിച്ചു.

Content Highlight: No jobs for those who engage in violence aimed at regime change: Yogi Adityanath government issues controversial order