ന്യൂദല്‍ഹി: സാഹില്‍ വാങ്കടെയുടെ ആത്മഹത്യയും ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരവും അടക്കമുള്ള വിഷയങ്ങളില്‍ സംഘടന എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്കി സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്കെ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് ദീപ്കെ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.
സാഹിലിന്റെ കുടുംബത്തിന് വേണ്ടിയും ജാമിഅ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും ഭീമശങ്കര്‍ വനത്തിന്റെ സംരക്ഷണത്തിന് വേണ്ടിയും സി.ജെ.പി നിലകൊള്ളുമെന്ന് ദീപ്കെ വ്യക്തമാക്കി. അനീതിക്കെതിരെ പോരാടുന്ന ഓരോ വ്യക്തിക്കും ഒപ്പം തങ്ങള്‍ ഉറച്ചുനില്‍ക്കും. നിലവില്‍ ഒരു വലിയ സംഘടനയല്ല സി.ജെ.പി. ആഗോള വിഭവങ്ങളോ വലിയ രീതിയിലുള്ള അംഗബലമോ സംഘടനക്കില്ല. അതിനാലാണ് എല്ലാ വിഷയത്തിലും ഒരേ സമയം ഇടപെടാന്‍ പറ്റാത്തതെന്നും ദീപ്കെ വ്യക്തമാക്കി.
കഴിഞ്ഞ ഒരു മാസത്തിനിടെ തന്നെ പൊലീസ് രണ്ട് തവണ കസ്റ്റഡിയിലെടുത്തിരുന്നു. സി.ജെ.പി സഹ കണ്‍വീനര്‍മാരായ അശുതോഷ് രങ്കയും സൗരവ് ദാസും എട്ട് ദിവസം ജയിലില്‍ കഴിഞ്ഞു. തങ്ങളുടെ നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. സി.ജെ.പി പ്രവര്‍ത്തനം ആരംഭിച്ച് നാല് മാസം മാത്രമേ ആയിട്ടുള്ളൂവെന്നും ദീപ്കെ ചൂണ്ടിക്കാട്ടി. അനീതിക്കെതിരെ പോരാടുന്ന ആര്‍ക്കും വേണ്ടി സി.ജെ.പി ശബ്ദമുയര്‍ത്തുമെന്ന് ഉറപ്പുനല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ദീപ്കെ വ്യക്തമാക്കി.
‘നിങ്ങളില്‍ പലരും കമന്റുകളിലൂടെ ചോദിക്കുന്നത് കണ്ടു, എന്തുകൊണ്ടാണ് സാഹില്‍ വാങ്കഡെയുടെ കാര്യത്തില്‍ സി.ജെ.പി പ്രതികരിക്കാത്തത്? ജാമിയ മില്ലിയ ഇസ്ലാമിയയില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സി.ജെ.പി എന്തുകൊണ്ട് സംസാരിക്കുന്നില്ല? കേരളത്തിലെ അധ്യാപകരുടെ പ്രതിഷേധത്തെക്കുറിച്ചോ ഭീമാശങ്കറിലെ സാഹചര്യത്തെക്കുറിച്ചോ എന്തുകൊണ്ട് സി.ജെ.പി ഒന്നും പറയുന്നില്ല?
ഒന്നാമതായി, അനീതിക്കെതിരെ പോരാടുന്ന ആര്‍ക്കും വേണ്ടി സി.ജെ.പി ശബ്ദമുയര്‍ത്തുമെന്ന് ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത്തരം വ്യക്തികള്‍ക്കെല്ലാം ഒപ്പം ഞങ്ങള്‍ നിലകൊള്ളുന്നു,’ ദീപ്കെ പറഞ്ഞു.
സാഹില്‍ വാങ്കഡെയുടെ വിഷയത്തെക്കുറിച്ച് താന്‍ പലതവണ സംസാരിച്ചിട്ടുണ്ട്. തന്റെ മാധ്യമ പ്രസ്താവനകളോ ട്വിറ്റര്‍ അക്കൗണ്ടോ പരിശോധിച്ചാല്‍ അത് മനസിലാക്കാം. അദ്ദേഹത്തിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത രീതിയെ താന്‍ അപലപിക്കുന്നു. അതൊരു ലജ്ജാകരമായ നടപടിയാണെന്നും ദീപ്കെ പറഞ്ഞു.
സാഹില്‍ വാങ്കഡെയുടെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പശ്ചാത്തലങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ ഐ.ഐ.ടികളില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. അതിനെക്കുറിച്ചും ഞങ്ങള്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ജാമിഅയിലെയും ഭീമാശങ്കറിലെയും വിഷയങ്ങളെ സംബന്ധിച്ചിടത്തോളം, സി.ജെ.പി അവയിലും ഇടപെടുന്നുണ്ട്. അതിനെക്കുറിച്ച് താന്‍ ഇപ്പോള്‍ ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ടെന്നും ദീപ്കെ വ്യക്തമാക്കി.
‘എന്നാല്‍, സി.ജെ.പി എന്നത് 30-ഓ 40-ഓ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒരു സംഘടനയല്ലെന്ന് ദയവായി മനസ്സിലാക്കുക. ഞങ്ങള്‍ക്ക് വലിയൊരു കേഡര്‍ സംവിധാനമോ പരിധിയില്ലാത്ത ആഗോള വിഭവങ്ങളോ ഇല്ല. വെറും മൂന്നോ നാലോ മാസം മുമ്പ് മാത്രം ആരംഭിച്ച ഒരു സംരംഭമാണ് സി.ജെ.പി നിങ്ങളുടെ പിന്തുണയാല്‍ അത് വലിയതായി വളരുകയും വലിയ വിജയം കൈവരിക്കുകയും ചെയ്തു. അതേസമയം, ഞങ്ങള്‍ സ്വന്തം പോരാട്ടങ്ങളും നേരിടുന്നുണ്ട്.
കഴിഞ്ഞ 10-12 ദിവസത്തിനുള്ളില്‍ ഞാന്‍ രണ്ടുതവണ ജയിലിലായി. അശുതോഷും സൗരവും എട്ടുദിവസം ജയിലിലായിരുന്നു. ഞങ്ങളുടെ നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും തെരുവിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. ഈ വിഷയങ്ങളെല്ലാം ഞങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
അതേസമയം, സ്വന്തം പോരാട്ടങ്ങള്‍ക്കിടയിലും, ഈ രാജ്യത്ത് അനീതിക്കെതിരെ പോരാടുന്നവര്‍ക്കും ശബ്ദമുയര്ത്തുന്നവര്ക്കും ഒപ്പം സി.ജെ.പി ഉറച്ചുനില്‍ക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. ഒരു അഭ്യര്‍ത്ഥന മാത്രമേ എനിക്കുള്ളൂ, ഏതെങ്കിലും വിഷയത്തില്‍ ഞങ്ങള്‍ക്ക് ഉടന്‍ പ്രതികരിക്കാന്‍ സാധിച്ചില്ലെങ്കില്‍, ദയവായി ഞങ്ങള്‍ക്ക് അല്പം സമയം നല്‍കുക.
നേരത്തെ സൂചിപ്പിച്ചതുപോലെ, ധാരാളം വിഭവങ്ങളോ വലിയൊരു മനുഷ്യശക്തിയോ ഉള്ള ഒരു വമ്പന്‍ സംഘടനയല്ല ഞങ്ങള്‍. മറിച്ച്, ചുരുക്കം ചില വ്യക്തികള്‍ മാത്രമുള്ള ഒരു കൂട്ടായ്മയാണ്. നിങ്ങളുടെ പിന്തുണയും സഹായവും കൊണ്ടാണ് ഇതുവരെ ഞങ്ങള്‍ക്ക് പലതും നേടിയെടുക്കാന്‍ സാധിച്ചത്. തുടര്‍ന്നും, ഞങ്ങളാല്‍ കഴിയുന്നത്ര മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും, വിവിധ വിഷയങ്ങളില്‍ ശക്തമായി ശബ്ദമുയര്‍ത്താനും ഞങ്ങള്‍ ശ്രമിക്കും,’ ദീപ്കെ പറഞ്ഞു
തങ്ങള്‍ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ വളരെ വലുതാണെന്ന് ദയവായി മനസ്സിലാക്കാന്‍ ശ്രമിക്കണം. തങ്ങള്‍ക്ക് നേരെ പൊലീസ് നടപടികള്‍ ഉണ്ടായിട്ടുണ്ട്, നിരവധി കേസുകള്‍ ചുമത്തപ്പെട്ടിട്ടുണ്ട്, തങ്ങളുടെ പല സന്നദ്ധപ്രവര്‍ത്തകരും തടവിലാക്കപ്പെടുകയും ചെയ്തിരിക്കുന്നു. അതിനാല്‍, മറ്റ് അടിയന്തിര വിഷയങ്ങളില്‍ ഇടപെടുന്നതിനൊപ്പം തന്നെ, ഈ വെല്ലുവിളികളെയും നേരിടേണ്ട അവസ്ഥയിലാണ് സി.ജെ.പി ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞങ്ങളുടെ ഈ സാഹചര്യം ദയവായി മനസ്സിലാക്കുക. എന്നാല്‍, ഇതിനര്‍ത്ഥം ഞങ്ങള്‍ നിങ്ങള്‍ക്ക് ഒപ്പം നില്‍ക്കില്ല എന്നല്ല. ഞങ്ങള്‍ ജാമിഅയ്ക്കൊപ്പം നില്ക്കും, ഭീമശങ്കറിന് വേണ്ടി നിലകൊള്ളും, സാഹില്‍ വാങ്കഡെയുടെ കുടുംബത്തിന് വേണ്ടി ശബ്ദിക്കും. അനീതിക്കെതിരെ പോരാടുന്ന ഓരോ വ്യക്തിക്കും ഒപ്പം ഞങ്ങള്‍ ഉറച്ചുനില്‍ക്കും,’ ദീപ്കെ പറഞ്ഞു.
Content Highlight: CJP Will stand for Sahil Wankde’s Family and Jamia Milla Students
