മലയാളികളും തമിഴരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സീന്‍. ആവേശത്തിന് ശേഷം സംവിധായകന്റെ അടുത്ത ചിത്രം ഏതായിരിക്കുമെന്ന് കാത്തുനിന്നവര്‍ക്ക് മുമ്പിലേക്കാണ് സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സീന്‍ പ്രഖ്യാപിച്ചത്. സൂര്യയും പങ്കാളി ജ്യോതികയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഴഗരം സ്റ്റുഡിയോസിന്റെ ബാനറിലാണ് ഒരുക്കിയിട്ടുള്ളത്.

ഒരു കംപ്ലീറ്റ് തമിഴ് ചിത്രമായി ഒരുക്കിയ സീനില്‍ ഒട്ടനവധി മലയാളി അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും ഭാഗമാകുന്നുണ്ട്. ചിത്രത്തില്‍ സൂര്യയുടെ നായികയായി വേഷമിടുന്നത് നസ്രിയയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം തമിഴിലേക്ക് തിരിച്ചെത്തുന്നത്. അതേസമയം മലയാളത്തിലെ യുവതാരം നസ്‌ലെന്‍ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സീനിനുണ്ട്. സൂര്യ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ വില്ലനായാണ് താരം വേഷമിടുന്നത്.

സീന്‍. Photo: District

ശ്രീഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേര്‍ന്നാണ് ചിത്രം കേരളത്തില്‍ റിലീസിനെത്തിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ജയിലര്‍ 2 കേരളത്തില്‍ നിന്നും 75 കോടിയോളം നേടിയ സാഹചര്യത്തില്‍ മലയാളികള്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ച ചിത്രത്തിന് പോസിറ്റീവ് ലഭിച്ചാല്‍ നൂറ് കോടിയിലധികം കേരളത്തില്‍ നിന്നും നേടാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്ന് പലരും വിലയിരുത്തുന്നു.

വര്‍ഷങ്ങള്‍ നീണ്ട സൂര്യയുടെ പരാജയ തുടര്‍ച്ച അവസാനിപ്പിച്ച ചിത്രമായി

രുന്നു ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ്. വലിയ ഹൈപ്പിലാണ് ചിത്രം എത്തിയതെങ്കിലും സാമ്പത്തിക പ്രതിസന്ധികള്‍ കാരണം ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുകയും മെയില്‍ റിലീസ് ചെയ്യുകയുമായിരുന്നു. നിര്‍മാതാക്കളുടെ സാമ്പത്തിക ബാധ്യതകള്‍ കാരണം ആദ്യദിനത്തില്‍ പലയിടത്തും ഷോകള്‍ ക്യാന്‍സലാക്കിയതോടെ ഒരു ദിവസം വൈകിയായിരുന്നു കറുപ്പ് തിയേറ്ററുകളിലേക്കെത്തിയത്. ഒടുവില്‍ സൂര്യ തന്നെ നേരിട്ട് ഇടപെട്ടായിരുന്നു പ്രശ്‌നം പരിഹരിച്ചത്.

കറുപ്പ്. Photo: Prime Video

എന്നാല്‍ ഇത്തവണ എല്ലാ തയ്യാറെടുപ്പുകളോടെയുമാണ് സീന്‍ തിയേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തിന്റെ പ്രീ റിലീസ് ബുക്കിങ് ആരംഭിക്കാന്‍ മൂന്ന് ദിവസം മാത്രമാണ് ഇനി ബാക്കിയുള്ളത്. കറുപ്പിലൂടെയും വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത വിശ്വനാഥന്‍ ആന്‍ഡ് സണ്‍സിലൂടെയുമുള്ള വിജയകുതിപ്പ് സീനിലൂടെ തുടരാനായിരിക്കും സൂര്യയുടെ ശ്രമം. നനംബര്‍ ആറിനാണ് ചിത്രത്തിന്റെ റിലീസ്.

Content Highlight: Suriya starrer Scene movie directed by Jithu Madhavan to start pre booking in 3 days