ജറുസലേം: ഇസ്രഈല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികളുടെ മുന്നേറ്റത്തിന് പിന്നാലെ റാം പാര്‍ട്ടി (അറബ് ലിസ്റ്റ്) പ്രവര്‍ത്തകര്‍ക്കെതിരെ അറസ്റ്റ് ചെയ്ത് പൊലീസ്. നാല് റാം പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തു.

വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ശ്രമിച്ചെന്ന ആരോപണത്തെത്തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇസ്രഈല്‍ രാഷ്ട്രീയത്തില്‍ അറബ് ജനതയുടെ നിര്‍ണായക സ്വാധീനം വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് അറസ്റ്റ്.

വോട്ടര്‍മാര്‍ക്ക് പണവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് റാം പാര്‍ട്ടിക്ക് അനുകൂലമായി വോട്ട് ചെയ്യിക്കാന്‍ പ്രാദേശിക പ്രവര്‍ത്തകര്‍ ശ്രമിച്ചെന്ന വിവരത്തെ തുടര്‍ന്നാണ് നടപടികള്‍ സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെരഞ്ഞെടുപ്പില്‍ ക്രമക്കേട് വരുത്താന്‍ ഖത്തരി പണമിടപാടുകളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അറബ് പാര്‍ട്ടികളുടെ തലവന്മാരെ അറസ്റ്റ് ചെയ്യാന്‍ ഇസ്രഈലിന്റെ നാഷണല്‍ സെക്യൂരിറ്റി മിനിസ്റ്റര്‍ ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ എക്സില്‍ എഴുതിയിരുന്നു.

‘ഖത്തരി പണമിടപാടുകളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അറബ് പാര്‍ട്ടികളുടെ തലവന്മാരെ അറസ്റ്റ് ചെയ്യാന്‍ ഇസ്രഈലിന്റെ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റ് ഇന്ന് രാവിലെ തന്നെ ഉത്തരവിടണം,’ ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ എക്സില്‍ എഴുതി.

രാജ്യത്തെ ചില വോട്ടിങ് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തകര്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും പൊലീസ് ആരോപിക്കുന്നുണ്ട്. അറസ്റ്റിലായ നാല് പേരെയും ചോദ്യം ചെയ്തുവരികയാണ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

അറബ് ഇസ്രഈലി പൗരന്മാരെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ തെരഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നു. റെക്കോഡ് പോളിങ് രേഖപ്പെടുത്തിയ വോട്ടെടുപ്പിന്റെ പ്രാഥമിക ഫലങ്ങള്‍ പ്രകാരം പ്രധാന അറബ് പാര്‍ട്ടികള്‍ ചേര്‍ന്ന് 19 സീറ്റുകള്‍ നേടുമെന്നാണ് സൂചന.

120 അംഗങ്ങളുള്ള ഇസ്രഈല്‍ പാര്‍ലമെന്റായ നെസറ്റില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 61 സീറ്റുകളാണ് വേണ്ടത്. പ്രാഥമിക കണക്കുകള്‍ പ്രകാരം ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി 26 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരുകയാണ്.

എന്നാല്‍, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യത്തിന് ആകെ 53 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം നേടാനാകാത്ത സാഹചര്യത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ അറബ് പാര്‍ട്ടികളുടെ നിലപാട് നിര്‍ണായകമാകും.

Content Highlight: Police have arrested members of the Ra’am party following the gains made by Arab parties in the Israeli parliamentary elections