ഗംഭീര ലൈനപ്പുകളുണ്ടെങ്കിലും സമീപകാലത്ത് ബോക്‌സ് ഓഫീസില്‍ വേണ്ടത്ര തിളങ്ങാനാകാത്ത നടനാണ് പൃഥ്വിരാജ്. വന്‍ ഹൈപ്പിലെത്തുന്ന താരത്തിന്റെ സിനിമകളൊന്നും പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോവുകയായിരുന്നു. തുടര്‍ച്ചയായ മൂന്ന് ഫ്‌ളോപ്പുകളാണ് പൃഥ്വിക്ക് ബോക്‌സ് ഓഫീസില്‍ നേരിടേണ്ടി വന്നത്.

അന്യഭാഷയിലും താരത്തിന് അത്ര നല്ല കാലമല്ല. വന്‍ ഹൈപ്പിലെത്തിയ ബോളിവുഡ് ചിത്രം ദായ്‌റ ബജറ്റ് പോലും തിരിച്ചുകിട്ടാതെയാണ് കളംവിട്ടത്. അടുത്ത വര്‍ഷം പൃഥ്വിയുടെ ലൈനപ്പ് പ്രതീക്ഷ നല്‍കുന്നവയാണ്. രാജമൗലിയുടെ വാരണാസിയും രാഹുല്‍ സദാശിവന്റെ ഒടിയനുമടക്കം വമ്പന്‍ പ്രൊജക്ടുകളാണ് പൃഥ്വിയുടെ ലൈനപ്പിലുള്ളത്.

ഷൂട്ട് പൂര്‍ത്തിയായ വാരണാസിക്ക് ശേഷം താരം ഒടിയന്റെ സെറ്റില്‍ അടുത്തിടെ ജോയിന്‍ ചെയ്തു. ഡീയസ് ഈറേക്ക് ശേഷം രാഹുല്‍ സദാശിവന്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തിന് അനൗണ്‍സ്‌മെന്റ് മുതല്‍ വലിയ പ്രതീക്ഷകളാണ്. ചിത്രത്തിലെ താരത്തിന്റെ ഗെറ്റപ്പാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.

കഴിഞ്ഞദിവസം പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള ഫോഴ്‌സ കൊച്ചി എഫ്.സിയുടെ പ്രസ് മീറ്റില്‍ താരം പങ്കെടുത്തപ്പോഴാണ് പുതിയ ലുക്ക് പുറത്തുവന്നത്. മീശയെടുത്ത് ചെറുതായി താടി വളര്‍ത്തിയ ലുക്കിലാണ് പൃഥ്വി പ്രസ് മീറ്റില്‍ പങ്കെടുത്തത്. എക്‌സ് മെന്നിലെ സൂപ്പര്‍ഹീറോകളിലൊരാളായ വോള്‍വറിന്റെ ലുക്കുമായി സാമ്യമുണ്ടെന്നാണ് കമന്റുകള്‍.

മുന്‍ സിനിമകളെപ്പോലെ വളരെ വേഗത്തിലാണ് രാഹുല്‍ സദാശിവന്‍ ഒടിയനും പൂര്‍ത്തിയാക്കുന്നത്. തൃശൂരിലാണ് ചിത്രത്തിന്റെ ഷൂട്ട്. 45 ദിവസത്തെ ഷൂട്ടില്‍ 15 ദിവസമാകും പൃഥ്വിയുടെ ഷൂട്ടെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ഖലീഫ, ഐ നോബഡി തുടങ്ങിയ സിനിമകളുടെ ക്ഷീണമെല്ലാം ഒടിയനിലൂടെ പൃഥ്വി തീര്‍ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം ബോളിവുഡില്‍ നിന്ന് കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും ഒടിയന്റെ നിര്‍മാണത്തില്‍ പങ്കാളികളാണ്. മഞ്ജു വാര്യറാണ് ചിത്രത്തിലെ നായിക. 2027 വിഷു റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാന്‍ ഇന്ത്യന്‍ റിലീസാണ് ഒടിയന്റെ അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യം വെക്കുന്നത്.

Content Highlight: Prithviraj’s latest look comparing with Wolverine in  X Men