‘കണ്ടുകൊണ്ടിരിക്കുമ്പോള്‍ തീര്‍ന്നുപോകല്ലേ എന്ന് ആഗ്രഹിച്ച ചുരുക്കം സിനിമകളിലൊന്ന്’ എന്നാണ് ഒ.ടി.ടി റിലീസിന് ശേഷം പലരും ബത്തയെ വിശേഷിപ്പിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്ന് പലരും വിശേഷിപ്പിച്ച ബത്ത കഴിഞ്ഞദിവസമാണ് ഒ.ടി.ടിയിലെത്തിയത്. നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രം സ്ട്രീമിങ് ആരംഭിച്ചതാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.

വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീതരന്‍ സംവിധാനം ചെയ്ത ഫീല്‍ ഗുഡ് ചിത്രം പ്രേക്ഷകരുടെ കണ്ണും മനസും നിറക്കുന്നുണ്ട്. 1980കളില്‍ മദ്രാസിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത. നാടിനെ വിറപ്പിക്കുന്ന ബത്ത എന്ന റൗഡിയുടെ ജീവിതത്തിലേക്ക് ശബരി എന്ന ബാലന്‍ കടന്നുവരുന്നതും പിന്നീട് അയാള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങളുമാണ് ബത്തയെ മനോഹരമാക്കുന്നത്.

വിജയ് സേതുപതിയെപ്പോലും സൈഡാക്കിക്കൊണ്ടുള്ള മാസ്റ്റര്‍ സായ് പൃഥ്വിരാജിന്റെ പ്രകടനം തിയേറ്റര്‍ റിലീസിലും ഒ.ടി.ടി റിലീസിലും കൈയടി നേടുന്നുണ്ട്. മലയാളി താരങ്ങളുടെ സാന്നിധ്യവും ബത്തയെ മനോഹരമാക്കുന്നു. വിജയ് സേതുപതിയുടെ ഭാര്യയായി വേഷമിട്ട ലിജോമോള്‍ ജോസിന്റെ കഥാപാത്രമാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.

റൗഡിയുടെ ഭാര്യയായി നില്‍ക്കുമ്പോഴുള്ള ഭയവും അയാളോടുള്ള സ്‌നേഹവും ഒരേസമയം പ്രകടിപ്പിക്കുന്നതും ബത്ത നല്ലവനായി മാറിയ ശേഷമുള്ള സന്തോഷവുമെല്ലാം ലിജോമോളില്‍ ഭദ്രമായിരുന്നു. എന്നാല്‍ എല്ലാവരുടെയും മനസ് ഒരുപോലെ നിറച്ചത് ക്ലൈമാക്‌സിലെ രംഗമാണ്. ബത്തയുടെ പാട്ട് കേട്ടതിന്റെ സന്തോഷവും അത് കഴിഞ്ഞ് ശബരിയെ കെട്ടിപ്പിടിക്കുന്നതും എല്ലാവരുടെയും കണ്ണും മനസും നിറച്ചെന്നാണ് കമന്റുകള്‍. സമീപകാലത്ത് താരം ചെയ്ത മികച്ച കഥാപാത്രങ്ങളിലൊന്നാണ് ബത്തയിലെ കണ്മണി.

ഭര്‍ത്താവിനെ പൂട്ടിയിട്ടവനെ കൈയില്‍ കിട്ടിയാല്‍ അവനെ തല്ലുമെന്നായിരുന്നു കണ്മണിയുടെ തീരുമാനം. എന്നാല്‍ അത് ചെയ്തത് ശബരിയാണെന്ന് അറിയുകയും ബത്തയുടെ സ്വഭാവം മാറ്റിയതില്‍ സന്തോഷിക്കുകയും ചെയ്യുകയാണ്. ക്ലൈമാക്‌സിലെ കെട്ടിപ്പിടുത്തത്തില്‍ ശബരിയോട് ക്ഷമിച്ചെന്നും ചെയ്ത സഹായത്തിന് നന്ദിയുണ്ടെന്നും പറയാതെ പറയുന്നതുമാണ് ഈ സീനിലൂടെ സംവിധായകന്‍ ഉദ്ദേശിച്ചതെന്ന് പലരും അഭിപ്രായപ്പെടുന്നു.

ജയ് ഭീമിലെ സെങ്കനിക്ക് ശേഷം ലിജോമോള്‍ക്ക് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നാണ് കണ്മണിയെന്ന് സംശയമില്ലാതെ പറയാം. ഉന്മാദത്തിലെ സൗമ്യയും ബത്തയിലെ കണ്മണിയുമായി 2026ല്‍ ലിജോമോള്‍ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. വരുംദിവസങ്ങളില്‍ ബത്തയിലെ മറ്റ് രംഗങ്ങളും ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

Content Highlight: Lijomol Jose’s character in Baththa getting appreciations