വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അതേ നിലവാരത്തിലുള്ള മറ്റൊരു ബൗളര്‍ ആധുനിക കാലത്തില്ലെന്ന് പാക് ഇതിഹാസം വഖാര്‍ യൂനിസ്. ടെസ്റ്റ് ക്രിക്കറ്റില്‍ ബുംറയ്ക്ക് ഇനിയും ഒരുപാട് തെളിയിക്കാനുണ്ടെന്നും ഫോര്‍മാറ്റില്‍ ബുംറ അത്രയധികം മത്സരങ്ങള്‍ കളിച്ചിട്ടില്ലെന്നും യൂനിസ് ചൂണ്ടിക്കാട്ടി. മാത്രമല്ല മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും ഉള്‍പ്പെടെ മികച്ച ബൗളര്‍മാര്‍ റെഡ്‌ബോള്‍ ഫോര്‍മാറ്റിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ബുംറയുടെ നിലവാരത്തിലുള്ള മറ്റൊരു ആധുനികകാല ബൗളര്‍ ഇല്ല, ടെസ്റ്റ് ക്രിക്കറ്റിനെ മാറ്റിനിര്‍ത്തിയാല്‍ മതി. ടെസ്റ്റില്‍ ബുംറയ്ക്ക് ഇനിയും ഒരുപാട് തെളിയിക്കാനുണ്ട്. ആ ഫോര്‍മാറ്റില്‍ അദ്ദേഹം അത്രയധികം മത്സരങ്ങള്‍ കളിച്ചിട്ടില്ല.

മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും ഉള്‍പ്പെടെ മികച്ച ബൗളര്‍മാര്‍ വേറെയുമുണ്ട്. ഇംഗ്ലണ്ട് താരങ്ങളായ ചില ബൗളര്‍മാരെയും അവഗണിക്കാനാവില്ല. എന്നാല്‍ ടി-20, ഏകദിന ക്രിക്കറ്റ് എന്നിവയുടെ കാര്യമെടുക്കുമ്പോള്‍, മത്സരഫലത്തെ സ്വാധീനിക്കുന്നതില്‍ നിര്‍ണായക ഘട്ടങ്ങളില്‍ ബുംറ എപ്പോഴും മികവ് പുലര്‍ത്തുന്നുവെന്നാണ് എന്റെ അഭിപ്രായം. അതാണ് ഏറ്റവും പ്രധാനം,’ ശുഭങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റില്‍ വഖാര്‍ യൂനിസ് പറഞ്ഞു.

അതേസമയം ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ബുംറ തിരിച്ചുവരുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. റെഡ്‌ബോള്‍ പരമ്പരയ്ക്ക് മുന്നോടിയായി ബുംറ ഇന്ത്യ എ ടീമിനായി കളിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നവംബര്‍ ഏഴ് മുതല്‍ ന്യൂസിലന്‍ഡിലെ ലിങ്കണില്‍ ആരംഭിക്കുന്ന ന്യൂസിലന്‍ഡ് എയ്ക്കെതിരായ മൂന്നാം അനൗദ്യോഗിക ടെസ്റ്റില്‍ ബുംറ കളിച്ചേക്കുമെന്നാണ് സൂചന. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പിന് വേണ്ടിയാണ് ബുംറ ന്യൂസിലാന്‍ഡ് എയ്‌ക്കെതിരെ കളത്തിലറങ്ങുന്നത്.

ബുംറ നിലവില്‍ ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ പരിശീലനത്തിലാണ്. താരത്തിന്റെ ഫിറ്റ്‌നസില്‍ പ്രശ്‌നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബറില്‍ ജപ്പാനില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലാണ് ബുംറ അവസാനമായി ഇന്ത്യക്കായി കളിച്ചത്. തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലും ന്യൂസിലന്‍ഡിനെതിരായ പരിമിത ഓവര്‍ മത്സരങ്ങളിലും അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരുന്നു.

മാത്രമല്ല ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ബുംറയെ ഉള്‍പ്പെടുത്തിയിട്ടില്ല. നവംബര്‍ 19 മുതല്‍ വെല്ലിങ്ടണിലാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് നവംബര്‍ 27 മുതല്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കും.

Content Highlight: Waqar Yunis Talking About Jasprit Bumrah