ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഇപ്പോഴും മത്സരങ്ങള്‍ക്ക് ഫിറ്റായിട്ടില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഹനുമ വിഹാരി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ഭുവനേശ്വറിന്റെ ബൗളിങ്ങിന് വേഗത കുറഞ്ഞത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് മത്സരങ്ങള്‍ കൂടി അദ്ദേഹത്തിന് അവസരം നല്‍കാമെന്നും അതിനുശേഷവും പ്രകടനം മെച്ചപ്പെടുന്നില്ലെങ്കില്‍ യുവതാരങ്ങളിലേക്ക് മടങ്ങാമെന്നും വിഹാരി കൂട്ടിച്ചേര്‍ത്തു.
‘ഭുവനേശ്വര്‍ കുമാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമാണ്. അദ്ദേഹത്തിന്റെ പ്രകടനത്തിനായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ലോകകപ്പ് ടീമിലേക്കും അദ്ദേഹത്തെ പരിഗണിക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. എന്നാല്‍, അദ്ദേഹം മത്സരങ്ങള്‍ക്ക് പൂര്‍ണമായും ഫിറ്റായിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. 36 വയസുള്ള ഒരു താരം അധികം മത്സരങ്ങള്‍ കളിക്കാതെ ഇരിക്കുമ്പോള്‍ പഴയ താളവും ഫോമും വീണ്ടെടുക്കാന്‍ കുറച്ചുസമയമെടുക്കും.

ഭുവനേശ്വര്‍ കുമാര്‍- Photo: NDTV.com
അദ്ദേഹത്തിന്റെ ബൗളിങ്ങിലെ വേഗത കുറഞ്ഞുവെന്നതാണ് ആശങ്കയുണ്ടാക്കുന്ന കാര്യം. പന്ത് സ്വിങ് ചെയ്യുന്നുണ്ട്, അത് നല്ല കാര്യമാണ്. എന്നാല്‍ എല്ലാ മത്സരങ്ങളിലും രണ്ടാം ഓവര്‍ മുതല്‍ അദ്ദേഹം റണ്‍സ് വഴങ്ങാന്‍ തുടങ്ങുന്നു. രണ്ട് മത്സരങ്ങള്‍ കൂടി അദ്ദേഹത്തിന് അവസരം നല്‍കാം. അതിനുശേഷവും പ്രകടനം മെച്ചപ്പെടുന്നില്ലെങ്കില്‍ യുവതാരങ്ങളിലേക്ക് മടങ്ങാം,’ ഹനുമ വിഹാരി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
കിവീസിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് 139 റണ്‍സ് വിട്ടുനല്‍കി ഒരു വിക്കറ്റാണ് ഭുവനേശ്വര്‍ നേടിയത്. ഇതിനോടകം ആദ്യ മൂന്ന് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ ശേഷിച്ച രണ്ട് മത്സരങ്ങളിലും വിജയക്കൊടി പാറിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മാത്രമല്ല വരും മത്സരങ്ങളില്‍ ഭുവി തിളങ്ങുമെന്നാണ് ഏവരും കരുകുന്നത്.
ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയില്‍ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. വെല്ലിങ്ടണ്‍ റീജിയണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
കിവീസ് ഉയര്‍ത്തിയ 198 റണ്‍സിന്റെ വിജയലക്ഷ്യം 13.2 ഓവറില്‍ മറികടക്കുകയായിരുന്നു ഇന്ത്യ. ഇതോടെ 3-0ന് പരമ്പര വിജയിക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 30ന് ഈഡന് പാര്‍ക്കിലാണ് ഇരുവരും തമ്മിലുള്ള നാലാം മത്സരം.
Content Highlight: Hanuma Vihari Talking About Bhuvaneshwar Kumar
