മലപ്പുറം: എസ്.എഫ്.ഐ നേതാക്കളെ ആശുപത്രിയില്‍ കയറി മര്‍ദിച്ചതില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ കാണാന്‍ ആശുപത്രിയില്‍ എത്തിയ എസ്.എഫ്.ഐ നേതാക്കളെയാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചത്. എം.എസ്.എഫ് പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
— Pazuzu (@ra5esh) October 29, 2026
എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, സെക്രട്ടറി സഞ്ജീവ് ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തെ ശക്തമായി അപലപിച്ചിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എം. ശിവപ്രസാദും സഞ്ജീവ് പി.എസും തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. എസ്.എഫ്.ഐ നേതാക്കളെ ക്രൂരമായി മര്‍ദിക്കുന്നത് ദൃശ്യത്തില്‍ കാണാം.
ആശുപത്രിക്ക് അകത്തേക്ക് തടിക്കഷ്ണങ്ങളും കമ്പി വടികളുമായി ആക്രമികള്‍ അതിക്രമിച്ച് കയറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഫയര്‍ എസ്റ്റിങ്ഗ്യൂഷര്‍ അടക്കം ഉപയോഗിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരെ മാരകമായി പരിക്കേല്‍പ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വധശ്രമം, മാരകായുധങ്ങള്‍ ഉപയോഗിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, സംഘര്‍ഷവും കലാപവും, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആക്രമണത്തില്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകള്‍ക്കും ഇടതുകൈത്തണ്ടയ്ക്കും തലയ്ക്കും പരിക്കേറ്റതായും ജില്ലാ പ്രസിഡന്റിന് ഇടത് കണ്ണിന് താഴെയും ഇടത് കൈത്തണ്ടയിലും പരിക്കേറ്റതായും എഫ്.ഐ.ആറില്‍ പറയുന്നു. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ജിവിനും അഫിലിനും മര്‍ദനമേറ്റതായും പരാതിയിലുണ്ട്. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് പരാതി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് സ്റ്റുഡന്‍സ് യൂണിയന് തെരഞ്ഞെടുപ്പിനിടെ ഇന്നലെയായിരുന്നു (ബുധന്‍) ക്യാമ്പസില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകരെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്.
Content Highlight: The police have registered a case of attempted murder against MSF leaders for entering a hospital and assaulting SFI leaders
