മോളിവുഡ് പോലെ ഒരു ചെറിയ ഇന്‍ഡസ്ട്രിക്ക് ഒരിക്കലും നേടാന്‍ കഴിയാത്ത വലിയ വിജയമായിരുന്നു ലോകഃ ചാപ്റ്റര്‍ വണ്‍ നേടിയത്. മലയാളികള്‍ കേട്ടുശീലിച്ച നാടോടിക്കഥയെ പുതിയ ലോകത്തേക്ക് പറിച്ചുനട്ട ലോകഃ ബോക്‌സ് ഓഫീസില്‍ നേടിയ വിജയം പലര്‍ക്കും അത്ഭുതമായിരുന്നു. സൂപ്പര്‍നാച്ചുറല്‍ സിനിമകളിലെ ബെഞ്ച്മാര്‍ക്കായി മാറിയ ലോകഃ ഭാഷാതിര്‍ത്തികള്‍ കടന്ന ചര്‍ച്ചയായി.

എന്നാല്‍ ലോകഃയുടെ വിജയം മോളിവുഡിലുണ്ടാക്കിയ മാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. ലോകഃക്ക് മുമ്പ് സൂപ്പര്‍നാച്ചുറല്‍, ഫാന്റസി ഴോണറുകളില്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് പുറത്തിറങ്ങിയിരുന്നത്. 2024ല്‍ എ.ആര്‍.എമ്മും 2025ല്‍ ലോകഃയുമായിരുന്നു ഈ ഴോണറിലെ പ്രധാന റിലീസുകള്‍.
എന്നാല്‍ 2026 അവസാനിക്കാന്‍ ഇനിയും രണ്ട് മാസം ബാക്കിനില്‌ക്കെ ഇതുവരെ സൂപ്പര്‍നാച്ചുറല്‍/ ഫാന്റസി ഴോണറില്‍ ഒമ്പത് സിനിമകളാണ് തിയേറ്ററുകളിലെത്തിയത്. ജനുവരിയില്‍ തിയേറ്ററുകളിലെത്തിയ പ്രകമ്പനത്തിലൂടെയാണ് ഈ ട്രെന്‍ഡിന് തുടക്കമായത്. സൂപ്പര്‍നാച്ചുറല്‍ ഴോണറിലൊരുങ്ങിയ ചിത്രം തരക്കേടില്ലാത്ത വിജയമാണ് സ്വന്തമാക്കിയത്.

മാര്‍ച്ചില്‍ ടൈം ട്രാവലും ടൈം ലൂപ്പും പ്രധാന തീമായ രണ്ട് സിനിമകള്‍ തിയേറ്ററുകളിലെത്തി. അഷ്‌കര്‍ അലി കേന്ദ്ര കഥാപാത്രമായെത്തിയ സംഭവം അധ്യായം ഒന്നായിരുന്നു ആദ്യ ചിത്രം. നവാഗതനായ ജിത്തു സതീശന്‍ മംഗലത്ത് സംവിധാനം ചെയ്ത ചിത്രം ഒ.ടി.ടി റിലീസിന് പിന്നാലെ ഗംഭീര പ്രതികരണങ്ങളായിരുന്നു നേടിയത്. മാര്‍ച്ച് അവസാനം ടൈം ട്രാവല്‍ പ്രധാന തീമായിക്കൊണ്ട് ആട് 3യും പ്രേക്ഷകരിലേക്കെത്തി. ബോക്‌സ് ഓഫീസില്‍ 100 കോടിയിലേറെയായിരുന്നു ചിത്രം സ്വന്തമാക്കിയത്.
ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ ഇത്തരം പരീക്ഷണങ്ങള്‍ മോളിവുഡില്‍ കുറവായിരുന്നു. സെപ്റ്റംബറില്‍ ഒരുലോഡ് ഫാന്റസി സിനിമകള്‍ ഒന്നിച്ച് തിയേറ്ററുകളിലെത്തുകയായിരുന്നു. ദുല്‍ഖറിന്റെ ഐ ആം ഗെയിമായിരുന്നു ആദ്യ റിലീസ്. മലയാളത്തില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത തീമായിരുന്നിട്ടും രണ്ടാം പകുതി ഐ ആം ഗെയിമിന് തിരിച്ചടിയായി.

സംഗീത് പ്രതാപ് ആദ്യമായി നായകനായ മെഡിക്കല്‍ മിറാക്കിളും പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. ഒരു അപകടത്തിന് പ്രത്യേക കഴിവ് ലഭിക്കുന്ന നായകന്‍ നേരിടുന്ന പ്രശ്‌നങ്ങളായിരുന്നു ചിത്രത്തിന്റെ കഥ. എന്നാല്‍ തിരക്കഥയിലെ പാളിച്ച കാരണം തിയേറ്ററിലും ഒ.ടി.ടിയിലും ഒരു മിറാക്കിളും ചിത്രം ഉണ്ടാക്കിയില്ല. സമീപകാലത്ത് കണ്ട ഏറ്റവും മോശം ക്യാരക്ടര്‍ ആര്‍ക്കായിരുന്നു സംഗീത് പ്രതാപിന്റേത്.
മലയാളത്തിലെ ആദ്യ ടൈംലൂപ്പ് ചിത്രമെന്ന അവകാശവാദയുമായി എത്തിയ ധൂമകേതുവിനും തിയേറ്ററില്‍ വലിയ ചലനമുണ്ടാക്കാനായില്ല. ജയസൂര്യ നായകനായ ഫാന്റസി ചിത്രം ടൈറ്റന്‍സ്, ശ്രീനാഥ് ഭാസിയുടെ ടൈം ട്രാവല്‍ ചിത്രം ഒറിജിനല്‍ എന്നിവയും ഇതേ ഴോണറിലുള്ള ചിത്രങ്ങളായിരുന്നു. നല്ല തീമായിരുന്നിട്ടും പ്രതീക്ഷിച്ച വിജയം ഒരു സിനിമയും സ്വന്തമാക്കിയിട്ടില്ല.

ഫാന്റസി ഴോണറില്‍ എന്ത് ചെയ്തുവെച്ചാലും പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന അണിയറപ്രവര്‍ത്തകരുടെ കോണ്‍ഫിഡന്‍സാണ് ഇത്തരം സിനിമകള്‍ക്ക് തിരിച്ചടിയായത്. എന്നാല്‍ പ്രേക്ഷകരുമായി കണക്ടാകുന്ന തിരക്കഥയൊരുക്കാന്‍ ഒരു സിനിമക്കും സാധിച്ചിട്ടില്ല. മലയാള സിനിമ ഒരു സയന്‍സ് ലാബ് പോലെയായിരിക്കുകയാണെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുകയാണ്.
Content Highlight: After Lokah so many fantasy supernatural films released this year
