മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് L368. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങ് കൊച്ചിയിൽ നടന്നു. ചടങ്ങിൽ സംവിധായകൻ സത്യൻ അന്തിക്കാടും പങ്കെടുത്തു. മകൻ അനൂപ് മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യുന്നതിലുള്ള വ്യക്തിപരമായ സന്തോഷവും ഇരുവരും തമ്മിലുള്ള പഴയൊരു രസകരമായ അനുഭവവും അദ്ദേഹം പങ്കുവെച്ചു.

‘സത്യം പറഞ്ഞാൽ അനൂപും അഖിലും സിനിമ ചെയ്യുന്ന സെറ്റിൽ പോലും പോകാത്ത ആളാണ് ഞാൻ. മാറിനിൽക്കാറാണ് പതിവ്. പക്ഷേ ആന്റണി പെരുമ്പാവൂർ എന്നോട് ‘നമ്മുടെ സിനിമയാണ്’ എന്ന് പറഞ്ഞു. അതുകൊണ്ടാണ് ഞാൻ വന്നത്. ഇപ്പോൾ ഇത് 368 മത്തെ ലാലിന്റെ പടമാണെന്നാണ് ഞാൻ മനസിലാക്കുന്നത്. അതിൽ 20 എണ്ണം എന്റേതാണ്. അതൊരു വലിയ സന്തോഷമാണ്,’ സത്യൻ അന്തിക്കാട് പറഞ്ഞു.

മോഹൻലാൽ. Photo. Screen Grab/ Youtube

അനൂപ് സ്കൂളിൽ പഠിക്കുന്ന കാലത്ത് വലിയ മോഹൻലാൽ ആരാധകനായിരുന്നുവെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

‘ഞാനും ലാലും തമ്മിൽ കുറച്ചുകാലം സിനിമ ചെയ്യാതിരുന്ന ഒരു കാലമുണ്ടായിരുന്നു. പത്തോ പന്ത്രണ്ടോ വർഷം അങ്ങനെ പോയിട്ടുണ്ട്. അന്ന് അനൂപ് സ്കൂളിൽ പോകാൻ ബാഗും പാക്ക് ചെയ്ത് യൂണിഫോമുമിട്ട് വന്ന് എന്നോട് ചോദിക്കും, അടുത്ത പടത്തിൽ മോഹൻലാൽ ആണോ എന്ന്. അല്ലെന്ന് പറഞ്ഞാൽ രണ്ടുദിവസം എന്നോട് മിണ്ടില്ല. പിന്നീട് ‘മഴവിൽക്കാവടി’, ‘പൊന്മുട്ടയിടുന്ന താറാവ്’, ‘സന്ദേശം’ തുടങ്ങിയ സിനിമകൾ ചെയ്യുന്ന സമയത്തും അവൻ വന്ന് ചോദിക്കുന്നത് ഈ സിനിമയിൽ മോഹൻലാൽ ഉണ്ടോ എന്നാണ്. ഇല്ലെന്ന് പറഞ്ഞാൽ വീണ്ടും മിണ്ടാതിരിക്കും.

L368. Photo. Facebook.com

അത്രയും വലിയ മോഹൻലാൽ ആരാധകനായിരുന്ന ഒരു കുട്ടി, ഇന്ന് മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യുന്നു എന്നത് എനിക്ക് വ്യക്തിപരമായി വലിയ സന്തോഷമാണ്. എല്ലാം നല്ല രീതിയിൽ സംഭവിക്കുമെന്ന് എനിക്കറിയാം. മോഹൻലാലിനെ ക്യാമറയ്ക്ക് മുന്നിൽ നിർത്തി അഭിനയിപ്പിച്ചിട്ടും എനിക്ക് കൊതി തീരാത്ത ഒരാളാണ് ഞാൻ എന്ന് എപ്പോഴും പറയാറുണ്ട്. അതുകൊണ്ട് എന്റെ അടുത്ത സിനിമയും മോഹൻലാലിനൊപ്പമാണ്. എല്ലാവർക്കും ഓൾ ദ ബെസ്റ്റ്. എല്ലാം നന്നായിരിക്കട്ടെ,’ സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.

Content Highlight: Sathyan Anthikad expresses great happiness that Anoop Sathyan is directing a film starring Mohanlal