ശ്രദ്ധ കപൂറിനെ നായികയാക്കി ലക്ഷ്മൺ ഉട്ടേക്കർ സംവിധാനം ചെയ്യുന്ന ബയോപിക് ചിത്രം ‘ഈത്ത’യുടെ ട്രെയിലർ പുറത്തിറങ്ങി. മഹാരാഷ്ട്രയിലെ പ്രശസ്ത ലാവണി, തമാശ കലാകാരിയായിരുന്ന വിഠാഭായ് ഭൗ മാങ് നാരായൺഗോങ്കറിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ടീസർ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ട്രെയിലർ എത്തിയതോടെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.
1950-കളിലെയും 60-കളിലെയും പശ്ചാത്തലത്തിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് മഹാരാഷ്ട്രയിലെ ശ്രദ്ധേയയായ നാടോടി കലാകാരിയായി വിഠാഭായ് വളർന്നുവന്ന യാത്രയും അവരുടെ ജീവിതവുമാണ് ദൃശ്യങ്ങളിലൂടെ അവതരിപ്പിക്കുന്നത്. വിഠാഭായിയുടെ പ്രണയതാത്പര്യമായ മർച്ചന്റിന്റെ വേഷത്തിൽ രൺദീപ് ഹൂഡയും പ്രധാന കഥാപാത്രമായി മുഹമ്മദ് സീഷാൻ അയ്യൂബും എത്തുന്നു. അന്തരിച്ച നടൻ നാനാ പടേക്കറും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.

ഈത്ത. Photo. Screen Grab/ Youtube
ട്രെയിലറിലെ ശ്രദ്ധ കപൂറിന്റെ പ്രകടനത്തിനും ചിത്രത്തിന്റെ സംഗീതത്തിനും സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘ശ്രദ്ധ കപൂറിന് ദേശീയ പുരസ്കാരം ഉറപ്പാണ്’ എന്ന തരത്തിലുള്ള കമന്റുകളും ആരാധകർ പങ്കുവെക്കുന്നുണ്ട്. അജയ്-അതുലാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ‘സ്ത്രീ’ ഫ്രാഞ്ചൈസിക്ക് ശേഷം ശ്രദ്ധ കപൂറും നിർമാതാവ് ദിനേഷ് വിജനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘ഛാവ’യ്ക്ക് ശേഷം ലക്ഷ്മൺ ഉട്ടേക്കറും ദിനേഷ് വിജനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

ഈത്ത. Photo. Screen Grab/ Youtube
ഇന്ത്യൻ നാടോടി നാടക പാരമ്പര്യത്തിന് നൽകിയ സംഭാവനകൾക്ക് 1957ലും 1990ലും രാഷ്ട്രപതിയുടെ ആദരം ലഭിച്ച കലാകാരിയാണ് വിഠാഭായ്. അവരുടെ ജീവിതത്തിലെ പോരാട്ടങ്ങളും കലാപ്രതിഭയും പാരമ്പര്യവുമാണ് ചിത്രം പ്രമേയമാക്കുന്നത്. ഡിസംബർ 4ന് ചിത്രം തിയേറ്ററുകളിലെത്തും. രൺദീപ് ഹൂഡ, മുഹമ്മദ് സീഷാൻ അയ്യൂബ്, അനന്ത് ജോഷി, സിദ്ധാർഥ് ജാദവ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Content Highlight: The trailer for the biopic ‘Eetha’, directed by Laxman Utekar and starring Shraddha Kapoor as the lead, has been released
