സ്‌റ്റേജ് ഷോകളിലൂടെയും മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ നടനാണ് കോട്ടയം നസീര്‍. കരിയറിന്റെ തുടക്കത്തില്‍ ചെറുതും വലുതുമായ കോമഡി വേഷങ്ങള്‍ ചെയ്ത കോട്ടയം നസീര്‍ ഇപ്പോള്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് വിസ്മയിപ്പിക്കുകയാണ്. റോഷാക്കിലെ ശശാങ്കന്‍, വാഴയിലെ രാധാകൃഷ്ണന്‍, ആലപ്പുഴ ജിംഖാനയിലെ സലീം തുടങ്ങിയവയെല്ലാം സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത് തിയേറ്ററുകളില്‍ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തുകൊണ്ട് മുന്നേറുന്ന ജയിലര്‍ 2ല്‍ കോട്ടയം നസീര്‍ ഭാഗമായിരുന്നു. ചിത്രത്തിലെ ഒരു ലോഡ് മലയാളി താരങ്ങള്‍ക്കിടയില്‍ അമീര്‍ എന്ന കഥാപാത്രവും ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. കരിയറിലെ ആദ്യ തമിഴ് സിനിമ തന്നെ ഗംഭീര വിജയമായതിന്റെ സന്തോഷത്തിലാണ് കോട്ടയം നസീര്‍.

കോട്ടയം നസീര്‍. Photo: X.com

ആഗോളതലത്തില്‍ എണ്ണൂറ് കോടിയ്ക്കടുത്ത് കളക്ഷന്‍ സ്വന്തമാക്കിയ ചിത്രത്തിന് പിന്നാലെ താരത്തിന് പ്രേക്ഷകരില്‍ നിന്നും വലിയ പ്രശംസ ലഭിച്ചിരുന്നു. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദിലീപ് എന്ന വില്ലന്‍ കഥാപാത്രത്തിന്റെ വലംകൈയ്യായാണ് താരം വേഷമിട്ടത്. ഇപ്പോഴിതാ റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ ആദ്യ ചിത്രത്തിലെ ഓര്‍മകളെ കുറിച്ച് സംസാരിക്കുകയാണ് താരം.

‘ആദ്യ സിനിമ തിയേറ്ററില്‍ വരുമ്പോള്‍ കണ്ട ഒരു എക്‌സൈറ്റ്‌മൈന്റ് തന്നെയാണ് എനിക്ക് ജയിലര്‍ 2 തിയേറ്ററില്‍ കണ്ടപ്പോഴും ഉണ്ടായത്. അതുവരെ സ്‌റ്റേജ് ഷോയും മിമിക്രിയുമായി നടന്നതാണ്. വളരെ ചെറിയ ഒരു ഗ്രാമത്തില്‍ നിന്നും വന്ന ഒരാളാണ് ഞാന്‍. ഇതിന്റെ ഒരു ബാക്ക്ഗ്രൗണ്ടും ഇല്ലാത്ത ഫാമിലിയില്‍ നിന്നുമാണ് ഞാന്‍ വരുന്നത്. ആ എനിക്ക് മിമിക്‌സ് ആക്ഷന്‍ 500 എന്നൊരു സിനിമയില്‍ അവസരം കിട്ടുന്നു, അഭിനയിക്കുന്നു. പിന്നെ ഈ സിനിമ റിലീസ് ആകുന്ന 95 കാലഘട്ടത്തില്‍ പലയിടങ്ങളിലായി പോയി ഞാന്‍ ഈ സിനിമ കണ്ടിട്ടുണ്ട്. അതെല്ലാം ഭയങ്കര സംഭവമാണ്.

ജയിലര്‍ 2. Photo: X.com

കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴും ഈ എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു. അതേ എക്‌സൈറ്റ്‌മെന്റാണ് രജിനി സാറിനെപോലൊരാളുടെ ഒപ്പം അഭിനയിക്കുമ്പോഴുണ്ടായിരുന്നത്,’ കോട്ടയം നസീര്‍ പറഞ്ഞു.

Content Highlight: Kottayam Nazeer talks about his experience of first film