തിയേറ്ററുകളില്‍ ചരിത്രവിജയം രചിച്ച് മുന്നേറുന്ന ജയിലര്‍ 2നും റിലീസിന് തയാറെടുക്കുന്ന സൂര്യയുടെ സീനിലും കോമണായിട്ടുള്ള ഘടകമാണ് ചേതന്‍ ഡിസൂസ. രണ്ട് സിനിമകളുടെയും ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത് ചേതനാണ്. പ്രൊഫഷണല്‍ മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ പ്രാവീണ്യമുള്ള ചേതന്‍ കന്നഡ ചിത്രമായ യൂ ടേണിലൂടെയാണ് ആക്ഷന്‍ കൊറിയോഗ്രഫി രംഗത്തേക്ക് കടന്നുവന്നത്.

പിന്നീട് കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി നിരവധി സിനിമകളില്‍ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തു. ജയിലര്‍ 2ല്‍ മോഹന്‍ലാലിനൊപ്പം വര്‍ക്ക് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് ചേതന്‍. ജയിലറിന്റെ ആദ്യഭാഗത്തില്‍ തനിക്ക് വര്‍ക്ക് ചെയ്യാനായില്ലെന്നും രണ്ടാം ഭാഗത്തിലേക്ക് സംവിധായകന്‍ നെല്‍സണ്‍ വിളിച്ചപ്പോള്‍ തന്നെ ഓക്കെ പറഞ്ഞെന്നും ചേതന്‍ പറയുന്നു.

ജയിലര്‍ 2ന്റെ ക്ലൈമാക്‌സില്‍ രജിനികാന്ത്, ശിവ രാജ്കുമാര്‍, മോഹന്‍ലാല്‍ എന്നിവരെ ഒന്നിച്ച് കാണാന്‍ സാധിച്ചെന്നും കരിയറിലെ മികച്ച മൊമന്റുകളിലൊന്നായിരുന്നു അതെന്നും ചേതന്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിനോട് സംസാരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ എങ്ങനെ അപ്രോച്ച് ചെയ്യണമെന്നറിയാതെ നിന്നെന്നും അദ്ദേഹം പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ചേതന്‍ ഡിസൂസ.

‘ആവേശം സിനിമയുടെ ആക്ഷന്‍ ചെയ്തയാളാണ് ഞാന്‍ എന്ന് പറഞ്ഞ് ലാല്‍ സാറിനെ പരിചയപ്പെടാമെന്ന് തീരുമാനിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ അടുത്ത് ചെന്നിട്ട് ‘സാര്‍ ഞാന്‍ ചേതന്‍ ഡിസൂസ’ എന്ന് പറഞ്ഞപ്പോള്‍ ‘എനിക്കറിയാം, ആവേശം സിനിമയൊക്കെ ചെയ്തയാളല്ലേ, എനിക്കറിയാം’ എന്ന് പറഞ്ഞു. എനിക്ക് അത് കേട്ടപ്പോള്‍ സര്‍പ്രൈസായി.

അദ്ദേഹം ഇതൊക്കെ ശ്രദ്ധിക്കാറുണ്ടെന്ന് അറിഞ്ഞപ്പോള്‍ സന്തോഷമായി. ആക്ഷന്‍ സീനുകളോട് അദ്ദേഹത്തിന് വലിയ ക്രേസാണുള്ളത്. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ക്ലൈമാക്‌സില്‍ ലാല്‍ സാറിന് പകരം ഡ്യൂപ്പാണെന്നൊക്കെ ചിലര്‍ പറയുന്നത് കേട്ടു. അതൊന്നും സത്യമല്ല, ലാല്‍ സാര്‍ തന്നെയാണ് ആ സീന്‍ ചെയ്തത്. ആകെ ഡ്യൂപ്പിനെ ഉപയോഗിച്ചത് ഗിയര്‍ മാറ്റുന്ന ഷോട്ടും ആക്‌സിലേറ്റര്‍ ചവിട്ടുന്ന ഷോട്ടിലുമാണ്.

അല്ലാതെ ആ സീനില്‍ മുഴുവന്‍ ചെയ്തിരിക്കുന്നത് ലാല്‍ സാര്‍ തന്നെയാണ്. അദ്ദേഹത്തിന് പകരം ഡ്യൂപ്പാണ് ചെയ്തതെന്നൊക്ക ആരൊക്കെയോ പറയുന്നത് കേട്ടു. അതെല്ലാം തെറ്റാണ്. ആ ഡ്യൂപ്പ് അവിടെ ഉണ്ടായിരുന്ന കാര്യം മറന്നിരിക്കുകയായിരുന്നു. അയാളുടെ കൈയുടെയും കാലിന്റെയും ഷോട്ട് മാത്രമേ എടുത്തുള്ളൂ,’ ചേതന്‍ പറഞ്ഞു.

Content Highlight: Action Director Chetan D’Souza about working with Mohanlal in Jailer 2 movie