ന്യൂദല്‍ഹി: ജനങ്ങളുടെ പ്രതിഷേധിക്കാനും വിയോജിപ്പ് രേഖപ്പെടുത്താനുമുള്ള ഭരണഘടനാപരമായ അവകാശം തടയാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി. പ്രതിഷേധങ്ങള്‍ക്കായി വര്‍ഷങ്ങളായി അനുവദിച്ചിരുന്ന ജന്തര്‍ മന്ദറിലേക്ക് ജനങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുകയും പ്രദേശം ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടച്ചിടുകയും ചെയ്തതിനെ അദ്ദേഹം ചോദ്യം ചെയ്തു.
ദല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ജനരോഷം അടിച്ചമര്‍ത്താമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ന്യൂസ് ഏജന്‍സിയായ എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു എം.എ. ബേബി. നവംബര്‍ ഒന്നിന് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്താനിരിക്കുന്ന സമരം മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘ജനങ്ങളുടെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചാല്‍, നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും മുന്നില്‍ ജനങ്ങള്‍ തന്നെ ബാരിക്കേഡുകള്‍ തീര്‍ക്കും. നവംബര്‍ ഒന്നിന് എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്ക് ജനങ്ങള്‍ കാണിച്ചുകൊടുക്കും. അതില്‍നിന്ന് അവര്‍ പാഠം പഠിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ അവര്‍ ഒരിക്കലും പാഠം പഠിക്കുമെന്ന് എനിക്ക് ഉറപ്പില്ല. ജനങ്ങള്‍ തന്നെ അവര്‍ക്ക് പാഠം പഠിപ്പിക്കും,’ എം.എ. ബേബി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ജീവിതത്തിന്റെ അവസാന ശ്വാസംവരെ രാജ്യത്തെ സേവിക്കും’ എന്ന പരാമര്‍ശത്തോടും ബേബി പ്രതികരിച്ചു. 2014ലും 2019ലും ബി.ജെ.പിക്ക് ലോകസഭയില്‍ തനിച്ച് ഭൂരിപക്ഷമുണ്ടായിരുന്നുവെന്നും എന്നാല്‍ 2024ല്‍ 400ലധികം സീറ്റുകള്‍ നേടുമെന്ന് അവകാശപ്പെട്ടിട്ടും അതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും പിന്തുണകൊണ്ട് മാത്രമാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന് സ്വന്തം പിന്തുണ നഷ്ടപ്പെട്ടിരിക്കുകയാണ്. കൃത്രിമമായി സൃഷ്ടിച്ച പിന്തുണയിലാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്,’ എം.എ. ബേബി കൂട്ടിച്ചേര്‍ത്തു.
Content Highlight: M.A. Baby says the BJP is attempting to obstruct a constitutional right
