മലയാള സിനിമക്ക് മറ്റൊരു കാത്തിരിപ്പിനു പ്രതീക്ഷ നൽകിക്കൊണ്ടാണ് അനൂപ് സത്യൻ തന്റെ രണ്ടാമത്തെ ചിത്രം ഒക്ടോബർ 30ന് പ്രഖ്യാപിച്ചത്.  മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് L368 എന്നാണ്  താത്കാലികമായ് ഇട്ടിരിക്കുന്ന പേര്.  അദ്ദേഹത്തിന്റെ സിനിമാ കരിയറിലെ 368-ാമത്തെ ചിത്രമാണിത്.

കോമഡി ആക്ഷൻ ത്രില്ലർ ഴോണറിലാണ് ചിത്രം ഒരുക്കുന്നത് എന്നാണ് അണിയറപ്രവർത്തകർ സൂചിപ്പിച്ചത്. ആശിർവാദ് സിനിമാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ബിനു ജോർജ് അലക്സാണ്ടറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷെഹ്നാദ് ജലാലാണ് ചിത്രത്തിന്റെ സിനിമാറ്റോഗ്രഫി ചെയ്യുന്നത്. ഗാനങ്ങൾ കൈതപ്രവും സംഗീതം ജേക്സ് ബിജോയുമാണ് നിർവഹിക്കുന്നത്. നവംബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.

ചിത്രത്തിന്റെ പൂജ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വെച്ചാണ് നടന്നത്. അണിയറപ്രവർത്തകർക്ക് പുറമേ ടൊവിനോ തോമസ്, ആന്റണി വര്‍ഗീസ് പെപ്പെ, സത്യന്‍ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ദുൽഖർ സൽമാൻ-കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമക്ക് ശേഷം അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.

സത്യന്‍ അന്തിക്കാട്.മുകേഷ്.മോഹൻലാൽ.Photo. Screen Grab/Facebook.com

തരുൺ മൂർത്തിയുടെ അതിമനോഹരത്തിന് ശേഷം മുകേഷ്-മോഹൻലാൽ കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് L368. സിനിമയുടെ പൂജാ ചടങ്ങിൽ വെച്ച് സംസാരിക്കവെയാണ് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ പറ്റിയും മോഹൻലാലിനെ പറ്റിയും മുകേഷ് പറഞ്ഞത്.

‘മഹാഭാഗ്യമെന്ന് പറഞ്ഞാൽ അഖിലിന്റെ പടത്തിലും ഞാൻ അഭിനയിച്ചു ഇപ്പോൾ അനൂപിന്റെ പടത്തിലും അഭിനയിക്കാൻ പോകുന്നു. ആ കുടുംബത്തിലെ എല്ലാവരുമായിട്ടും സ്നേഹം പങ്കിടുവാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. പ്രത്യേകിച്ചും മോഹൻലാലിന്റെ കൂടെ ഇപ്പോൾ അതിമനോഹരം എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു. അതിനുശേഷമുള്ള സിനിമയാണിത്.

സത്യൻ അന്തിക്കാട് എന്നുള്ള ഒരു ബ്രാൻഡ് നെയിം, മലയാള സിനിമയുടെ ഏറ്റവും വലിയ ബ്രാൻഡുകളുള്ള ഒരു പേരാണ്. അദ്ദേഹത്തിന്റെ സിനിമയിൽ എനിക്ക് അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. അദ്ദേഹത്തിന്റെ രണ്ടു മക്കളായ അഖിൽ സത്യനെയും അനൂപ് സത്യനെയും ഇപ്പോഴും പലരും ആദ്യം ചോദിക്കുന്നത് ഇത് അഖിലോ അനൂപോ എന്നാണ്. ഇപ്പോഴും അത് പലർക്കും ഡൗട്ടാണ്,’ നടൻ പറഞ്ഞു.

പണ്ട് തുടക്കകാലത്ത് ഒരുപാട് സിനിമകൾ മോഹൻലാലിന്റെ കൂടെ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്നും ആ കാലം വീണ്ടും തിരിച്ചുവരികയാണെന്നും അതിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

Content Highlight: Mukesh said that they had done a lot of movies together during their early days and added that he was happy to see those times coming back.