ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയെ ഏകദിന ടീമിൽ കാണാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസം യുവരാജ് സിങ്. അഭിഷേകിനൊപ്പം വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ തുടങ്ങിയവരെയും ഏകദിന ടീമിലേക്ക് പരിഗണിക്കണമെന്നും യുവരാജ് പറഞ്ഞു.

ഇവരെയൊന്നും ഏകദിന ടീമിൽ എടുക്കുന്നില്ലെങ്കിൽ അവരുടെ കഴിവിനോട് കാണിക്കുന്ന അനീതിയാണെന്നും യുവരാജ് വ്യക്തമാക്കി. പി.ടി.ഐയിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ ഓൾ റൗണ്ടർ.

‘സത്യമായി പറഞ്ഞാൽ അഭിഷേകിനെ ഏകദിന ടീമിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. 50 ഓവർ ക്രിക്കറ്റിൽ ഇഷാൻ കിഷൻ, അഭിഷേക്, വൈഭവ് സൂര്യവംശി എന്നീ താരങ്ങൾക്ക് അവസരം നൽകുന്നില്ലെങ്കിൽ അവരുടെ കഴിവിനോട് നമ്മൾ നീതിപുലർത്തുന്നില്ലെന്നാണ് ഞാൻ നേരത്തെ പറഞ്ഞത്.

നമുക്ക് മികച്ച താരങ്ങളുണ്ട് അതുകൊണ്ട് എല്ലാവർക്കും ടീമിൽ സ്ഥാനം നൽകുക എളുപ്പമുള്ള കാര്യമല്ലെന്ന് എനിക്കറിയാം. എന്നാൽ ഈ യുവതാരങ്ങൾ കളിക്കുന്ന രീതിയും നടത്തുന്ന പ്രകടനങ്ങളും കാണുമ്പോൾ അവർ ഉടൻ തന്നെ ടീമിൽ ഇടം നേടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അഭിഷേക് ഇന്ന് നേടിയതെല്ലാം സ്വന്തം കഠിനാധ്വാനത്തിലൂടെയാണ്. അതിന്റെ മുഴുവൻ ക്രെഡിറ്റും അദ്ദേഹം തന്നെയാണ്,’ യുവരാജ സിങ് പറഞ്ഞു.

അഭിഷേകും സൂര്യവംശിയും ഇന്ത്യയുടെ ടീമിന്റെ ഭാഗമാണെങ്കിലും ഏകദിന ടീമിൽ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. എന്നാൽ ഇഷാൻ കിഷൻ ഇന്ത്യക്ക് വേണ്ടി ഏകദിനത്തിൽ കളിച്ചിട്ടുണ്ട്. 32 ഏകദിന മത്സരങ്ങളിൽ നിന്നും 1107 റൺസാണ് ഇഷാൻ നേടിയിട്ടുള്ളത്. രണ്ട് സെഞ്ച്വറികളും ഏഴ് അർധ സെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്.

ഏകദിനത്തിന്റെ ഭാഗമല്ലെങ്കിലും ഇന്ത്യൻ ടി-20 നിറസാന്നിധ്യമാണ് അഭിഷേക്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ന്യൂസിലാൻഡിനെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തിൽ സെഞ്ച്വറി നേടി അഭിഷേക് ശർമ തിളങ്ങിയിരുന്നു. വൈഭവിനൊപ്പമായിരുന്നു അഭിഷേക് ഓപ്പണിങ് ഇറങ്ങിയിരുന്നത്. ഈ മത്സരത്തിൽ പല റെക്കോഡുകളും ഇരുവരും തിരുത്തിക്കുറിച്ചിരുന്നു.

അന്താരാഷ്ട്ര പുരുഷ ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്‌കോറാണ് ഇന്ത്യയ്ക്ക് വേണ്ടി വൈഭവും അഭിഷേക് ശർമയും അടിച്ചെടുത്തത്. പവർ പ്ലേയിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ 118 റൺസാണ് ഇന്ത്യ നേടിയത്.ദ്യ വിക്കറ്റിൽ 133 റൺസിന്റെ കൂട്ടുകെട്ടുമായാണ് ഇരുവരും കളത്തിൽ തകർത്താടിയത്. 19 പന്തിൽ നിന്ന് നാല് സിക്‌സും നാല് ഫോറും ഉൾപ്പെടെ 45 റൺസ് നേടിയാണ് വൈഭവ് മടങ്ങിയത്. 236.84 എന്ന തകർപ്പൻ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

സെഞ്ച്വറി നേടിയാണ് അഭിഷേക് കരുത്തുകാട്ടിയത്. 38 പന്തിൽ 11 സിക്‌സും ഒമ്പത് ഫോറും ഉൾപ്പെടെ 113 റൺസ് നേടിയാണ് അഭിഷേക് മടങ്ങിയത്. നേരിട്ട 35ാം പന്തിൽ ഫോർ നേടി 103 റൺസ് പൂർത്തിയാക്കിയാണ് അഭിഷേക് തന്റെ നാലാം ടി-20 സെഞ്ച്വറി പൂർത്തിയാക്കിയത്.

 

Content Highlight: Yuvraj Singh talks about Indian opener Abhishek Sharma