ഇന്ത്യയ്ക്കെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയിലെ നാലാം മത്സരത്തില്‍ വമ്പന്‍ വിജയം സ്വന്തമാക്കി ന്യൂസിലാന്‍ഡ്. ഈഡന് പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ 87 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് കിവീസ് പട സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ഇന്ത്യക്കെതിരെ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ ഇന്ത്യന്‍ യുവ താരം വൈഭവ് സൂര്യവംശിക്ക് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ വൈഭവിനെ ടീമില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ സഞ്ജു സാംസണിന് പകരം അഭിഷേക് ശര്‍മയ്ക്ക് വിശ്രമം നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്ന് ദിനേശ് കാര്‍ത്തിക് പറഞ്ഞു. വൈഭവിന്റെ ടീമിലെ സ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ എല്ലായ്പ്പോഴും സഞ്ജുവിന്റെ പേരാണ് ഉയര്‍ന്നുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘വൈഭവ് കളിക്കണമെന്ന് ക്രിക്കറ്റ് ലോകം ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. അവനെ കളിപ്പിക്കണമെങ്കില്‍ അത് അഭിഷേക് ശര്‍മയ്ക്ക് പകരമായിരിക്കണം. അഭിഷേകിന് വിശ്രമം നല്കുന്ന രീതിയിലായിരിക്കണം അത്. വൈഭവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വരുമ്പോഴെല്ലാം സഞ്ജുവിനെയാണ് ഒഴിവാക്കേണ്ട താരമായി പരിഗണിക്കുന്നത്. വൈഭവിനെ ടീമില്‍ ഉള്‍പ്പെടുത്താനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അഭിഷേകിന് വിശ്രമം നല്‍കാം. ഇവിടെ ഏറ്റവും പ്രധാനപ്പെട്ട വാക്ക് വിശ്രമം എന്നതാണ്,’ കാര്‍ത്തിക് ക്രിക്ബസില്‍ പറഞ്ഞു.
മത്സരത്തില്‍ ന്യൂസിലാന്‍ഡ് വെടിക്കെട്ട് വീരന് ഗ്ലെന്‍ ഫിലിപ്സിന്റെ സെഞ്ച്വറി കരുത്തിലാണ് കിവീസ് പട വമ്പന്‍ സ്കോറില്‍ എത്തിയത്. മത്സരത്തില്‍ ഗ്ലെന്‍ ഫിലിപ്സ് 49 പന്തില്‍ നിന്ന് 107 റണ്‍സ് നേടിയാണ് തിളങ്ങിയത്. 10 സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ്. 218.37 എന്ന സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.
ഫിലിപ്സിന് പുറമേ 25 പന്തില്‍ 65 റണ്‍സ് നേടി മിച്ചല്‍ ബ്രേസ്വെല്ലും തകര്‍ത്തടിച്ചു. ആറ് സിക്സും നാല് ഫോറുമായിരുന്നു താരം നേടിയത്. ഓപ്പണര്‍ ഫിന് അലന് 31 റണ്‍സ് നേടിയിരുന്നു.
ഇന്ത്യക്കുവേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് മൂന്ന് വിക്കറ്റ് നേടിയ മായങ്ക് യാദവാണ്. അര്‍ഷ്ദീപ് സിങ്, അക്സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, പ്രിന്‍സ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 64 റണ്‍സായിരുന്നു നാല് ഓവറില്‍ നിന്ന് നിതീഷ് കുമാര്‍ റെഡ്ഡി വഴങ്ങിയത്.
New Zealand win by 87 runs in Auckland. Our focus shifts to the 5th T20I in Hamilton on Sunday. Scorecard ▶️ https://t.co/fx264c9iLe #TeamIndia | #NZvIND https://t.co/mZccr7XMfl
— BCCI (@BCCI) October 30, 2026
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ഉയര്‍ന്ന സ്കോര്‍ നേടിയത് തിലക് വര്‍മയാണ്. 35 പന്തില്‍ 35 റണ്‍സാണ് താരം നേടിയത്. നമന്‍ ധിര്‍ 28 റണ്‍സും അഭിഷേക് ശര്‍മ 22 റണ്‍സും നേടി മടങ്ങി. ടീമിലേക്ക് തിരിച്ചെത്തിയ ഇഷാന് കിഷന് മൂന്ന് പന്ത് നേരിട്ട് പൂജ്യത്തിനാണ് മടങ്ങിയത്.
ഓപ്പണിങ് പൊസിഷനിലേക്ക് തിരിച്ചെത്തിയ സഞ്ജു സാംസണ് രണ്ട് പന്തില്‍ നാല് റണ്‍സും നേടി പുറത്തായി. ന്യൂസിലാന്‍ഡിന് വേണ്ടി നാല് വിക്കറ്റ് നേടി തിളങ്ങാന്‍ ജേക്കബ് ഡഫിക്ക് സാധിച്ചു. ക്യാപ്റ്റന്‍ സാന്റ്നര്‍, മാത്യു ഫിഷര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
Content Highlight: Dinesh Karthik says it is not Sanju who should sit out if Vaibhav is to be given a chance to play
