ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ മൂന്നാം മത്സരവും വിജയിച്ച് സന്ദര്‍ശകര്‍ ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. വെല്ലിങ്ടണിലെ മൂന്നാം മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയം നേടിയതോടെയാണ് ഇന്ത്യ രണ്ട് മത്സരം ശേഷിക്കെ പരമ്പര തങ്ങളുടെ പേരിലാക്കിയത്.

ഇന്നാണ് (ഒക്ടോബര്‍ 30) പരമ്പരയിലെ നാലാം മത്സരം. ഓക്‌ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കാണ് വേദി.

ഈ മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജു സാംസണെ ഒരു ഐതിഹാസിക നേട്ടവും കാത്തിരിക്കുന്നുണ്ട്. ഇതിനായി വേണ്ടതാകട്ടെ വെറും നാല് സിക്സറുകളും.

ഒരു കലണ്ടര്‍ ഇയറില്‍ 50 അന്താരാഷ്ട്ര ടി-20 സിക്സര്‍ നേടുന്ന ചരിത്രത്തിലെ ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് സഞ്ജു ലക്ഷ്യമിടുന്നത്.

സഞ്ജു സാംസണ്‍. Photo: BCCI/x.com

ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ടി-20ഐ സിക്സറടിക്കുന്ന വിക്കറ്റ് കീപ്പര്‍

(താരം – ടീം – സിക്സര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

സഞ്ജു സാംസണ്‍ – ഇന്ത്യ – 46* – 2026*

നിക്കോളാസ് പൂരന്‍ – വെസ്റ്റ് ഇന്‍ഡീസ് – 39 – 2024

മുഹമ്മദ് റിസ്വാന്‍ – പാകിസ്ഥാന്‍ – 38 – 2021

ഷായ് ഹോപ്പ് – വെസ്റ്റ് ഇന്‍ഡീസ് – 36 – 2026

ഷായ് ഹോപ്പ് – വെസ്റ്റ് ഇന്‍ഡീസ് – 32 – 2025

സഞ്ജു സാംസണ്‍ – ഇന്ത്യ – 31 – 2024

നിക്കോളാസ് പൂരന്‍ – വെസ്റ്റ് ഇന്‍ഡീസ് – 30 – 2021

പരമ്പരയ്ക്ക് മുമ്പ് ഈ നേട്ടത്തിലെത്താന്‍ സഞ്ജുവിന് ഒമ്പത് സിക്സറുകളായിരുന്നു വേണ്ടിയിരുന്നത്.

ആദ്യ മത്സരത്തില്‍ നാല് കൂറ്റന്‍ സിക്സറുകളുമായി കളം നിറഞ്ഞ സഞ്ജുവിന് രണ്ടാം മത്സരത്തില്‍ തിളങ്ങാന്‍ സാധിച്ചില്ല. 17 പന്തില്‍ 14 റണ്‍സ് നേടിയ സഞ്ജുവിന് ഒരു സിക്സര്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. മൂന്നാം മത്സരത്തിലാകട്ടെ വണ്‍ ഡൗണായി ക്രീസിലെത്തി ഒറ്റ സിക്‌സര്‍ പോലും നേടാന്‍ സാധിക്കാതെയാണ് താരം പുറത്തായത്.

അതേസമയം, പരമ്പര ഇതിനോടകം തന്നെ സ്വന്തമാക്കിയ ഇന്ത്യ, ഇനിയുള്ള രണ്ട് മത്സരവും വിജയിച്ച് പരമ്പര ക്ലീന്‍ സ്വീപ്പ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.

 

Content Highlight: Sanju Samson needs four sixes to become 1st wicketkeeper who has hit 50 T20I sixes in a single calendar year.