ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഇതിഹാസ താരം വിരാട് കോഹ്‌ലിയെ പുറത്താക്കിയതിന് ശേഷമുള്ള രസകരമായ അനുഭവം പങ്കുവെച്ച് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് പേസര്‍ പ്രിന്‍സ് യാദവ്.

2026 സീസണില്‍ ലഖ്നൗവില്‍ വെച്ച് നടന്ന മത്സരത്തിലാണ് പ്രിന്‍സ് യാദവ് വിരാടിന്റെ വിക്കറ്റ് വീഴ്ത്തിയത്. 213 റണ്‍സ് വിജയം ലക്ഷ്യമിട്ടിറങ്ങിയ ആര്‍.സി.ബിക്കെതിരെ മികച്ചൊരു പന്തിലൂടെ രണ്ട് പന്തില്‍ പൂജ്യത്തിന് കോഹ്‌ലിയെ പ്രിന്‍സ് ബൗള്‍ഡ് ആക്കുകയായിരുന്നു.

പ്രിന്‍സ് യാദവ്. Photo: Bharat Army/Facebook.com

സാധാരണയായി വിരാടിനെ പുറത്താക്കുന്ന കളിക്കാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ അധിക്ഷേപമാണ് നേരിടേണ്ടി വരാറുള്ളത്. എന്നാല്‍ തനിക്ക് ആര്‍.സി.ബി ആരാധകരില്‍ നിന്ന് പോലും സ്‌നേഹവും അഭിനന്ദനവുമാണ് ലഭിച്ചതെന്ന് പ്രിന്‍സ് യാദവ് വെളിപ്പെടുത്തി.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്രയുടെ പോഡ്കാസ്റ്റിലാണ് പ്രിന്‍സ് ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ സോഷ്യല്‍ മീഡിയ തുറന്നു നോക്കിയിരുന്നില്ല, എന്റെ സഹോദരനാണ് നോക്കിയത്. മറ്റു കളിക്കാര്‍ കോഹ്‌ലിയെ പുറത്താക്കുമ്പോള്‍ ആരാധകര്‍ അവരെ തെറിവിളിക്കാറുണ്ടെന്ന് അവന്‍ എന്നോട് പറഞ്ഞു. എന്നാല്‍ എന്റെ കാര്യത്തില്‍ അവര്‍ക്ക് ഒരു പ്രത്യേക അനുകമ്പ ഉണ്ടായിരുന്നു.

എനിക്ക് അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നില്ല. ‘ഒരു ആര്‍.സി.ബി ആരാധകനായതില്‍ അഭിമാനിക്കുന്നു, എന്തൊരു ബൗളിങ്, എത്ര മികച്ച പന്ത്’ എന്നൊക്കെ പറഞ്ഞ് നല്ല കാര്യങ്ങള്‍ മാത്രമാണ് ആളുകള്‍ പറഞ്ഞത്. ഞാന്‍ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കാറില്ല,’ പ്രിന്‍സ് യാദവ് പറഞ്ഞു.

വിരാടിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം തന്റെ പിതാവുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചും പ്രിന്‍സ് യാദവ് വെളിപ്പെടുത്തി. വിക്കറ്റ് നേട്ടത്തില്‍ അഭിനന്ദിച്ചെങ്കിലും, അടുത്ത മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിതാവ് ആവശ്യപ്പെട്ടതെന്നും താരം കൂട്ടിച്ചേര്‍ത്തു.

പ്രിന്‍സ് യാദവ്. Photo: LSG/x.com

‘ഞാന്‍ അച്ഛനോട് സംസാരിച്ചു. ആ മത്സരം കഴിഞ്ഞു, അത് തീര്‍ന്നു എന്ന് അച്ഛന്‍ പറഞ്ഞു. നീ നന്നായി കളിച്ചു, പക്ഷേ ഇനി അടുത്ത മത്സരത്തില്‍ ശ്രദ്ധിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്.

അച്ഛന്‍ ഒന്നിലും അധികം സന്തോഷിക്കുന്ന ആളല്ല. ഞാന്‍ ഐ.പി.എല്‍ കളിക്കുമ്പോള്‍, ദല്‍ഹിക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടില്ലല്ലോ എന്ന് ചോദിക്കും. അത് കളിച്ചപ്പോള്‍ ഐ.പി.എല്‍ ആയില്ലല്ലോ എന്ന് പറഞ്ഞു. ഐ.പി.എല്‍ കളിച്ചപ്പോള്‍, ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ മാത്രമേ അംഗീകരിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്,’ പ്രിന്‍സ് കൂട്ടിച്ചേര്‍ത്തു.

ആ മത്സരത്തില്‍ കോഹ്ലിയെ കൂടാതെ ദേവ്ദത്ത് പടിക്കല്‍, ജിതേഷ് ശര്‍മ എന്നിവരുടെ വിക്കറ്റുകള്‍ കൂടി പ്രിന്‍സ് യാദവ് വീഴ്ത്തിയിരുന്നു. ഒമ്പത് റണ്‍സിനാണ് അന്ന് ലഖ്‌നൗ വിജയം സ്വന്തമാക്കിയത്.

ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിലൂടെ ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച പ്രിന്‍സ് വൈകാതെ തന്നെ ഇന്ത്യന്‍ ദേശീയ ടീമിലുമെത്തി. ഇതുവരെ ഇന്ത്യക്കായി മൂന്ന് ഏകദിനങ്ങളിലും 11 ട്വന്റി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള പ്രിന്‍സ് നിലവില്‍ ന്യൂസിലന്‍ഡിലുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്.

 

Content Highlight: Prince Yadav on the experience of dismissing Virat Kohli in the IPL