കേരള ബോക്സ് ഓഫീസിൽ നിന്ന് ഇൻഡസ്ട്രി ഹിറ്റും ആഗോളതലത്തിൽ 300 കോടിയിലധികം കളക്ഷനും നേടി സ്വപ്നക്കുതിപ്പ് നടത്തിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സിനിമയാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിവിൻ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രം ഏജ്-ഗ്യാപ് റൊമാൻസിനെ പശ്ചാത്തലമാക്കിയായിരുന്നു സംവിധായകൻ ഒരുക്കിയത്.
ചിത്രത്തിൽ മമിത അവതരിപ്പിച്ച ആഷ്ലിയുടെ അമ്മയായ ബിജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് മഞ്ജുശ്രീ നായർ. എന്നാൽ ഇപ്പോൾ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ സിനിമ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയെന്ന് പറയുകയാണ് നടി മഞ്ജുശ്രീ നായർ. ‘ആലപ്പുഴ ജിംഖാന’യ്ക്ക് ശേഷം സിനിമയിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയെന്നും ‘ബെത്ലഹേം കുടുംബ യൂണിറ്റി’ന് ശേഷം ആളുകൾ കൂടുതൽ തിരിച്ചറിയുന്നുണ്ടെന്നും മഞ്ജുശ്രീ പറഞ്ഞു. കരിയറിൽ നല്ല കഥാപാത്രങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും താരം ഫൈൻ കട്ടിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ബെത്ലഹേം കുടുംബ യൂണിറ്റ്,മഞ്ജുശ്രീ. Photo. Screen Grab/ Youtube
‘കരിയറിൽ ഇനി നല്ല റോളുകൾ വരണം. നല്ല സിനിമകൾക്കായി ഞാൻ കാത്തിരിക്കുകയാണ്. വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. നല്ല കഥാപാത്രങ്ങൾ ചെയ്യുക എന്നതാണ് പ്രധാനം. അത് ഒരു സീൻ മാത്രമുള്ള വേഷമാണെങ്കിലും ആ കഥാപാത്രത്തിന് സിനിമയിൽ എന്തെങ്കിലും ചെയ്യാനുണ്ടായാൽ മതി. ഇനി വലിയ കഥാപാത്രങ്ങൾ മാത്രമേ ചെയ്യൂ എന്നൊന്നുമില്ല. നല്ല സിനിമയാണെങ്കിൽ, ഒന്നോ രണ്ടോ സീനുകളുള്ള വേഷമാണെങ്കിലും നല്ല കഥാപാത്രമാണെങ്കിൽ ചെയ്യാൻ സന്തോഷമാണ്,’ മഞ്ജുശ്രീ പറഞ്ഞു.
‘ആലപ്പുഴ ജിംഖാന’യിൽ അഭിനയിച്ചപ്പോൾ കുറച്ചുകൂടി ആളുകൾ ശ്രദ്ധിച്ചുതുടങ്ങിയിരുന്നു. എന്നാൽ ‘ബെത്ലഹേം കുടുംബ യൂണിറ്റി’ന് ശേഷം ആ തിരിച്ചറിയൽ കൂടുതൽ വർധിച്ചെന്നും താരം വ്യക്തമാക്കി.
‘ആലപ്പുഴ ജിംഖാന ചെയ്തപ്പോൾ മൂന്നുപേർക്ക് എന്നെ അറിയാമായിരുന്നെങ്കിൽ, ബെത്ലഹേം കഴിഞ്ഞപ്പോൾ പത്തുപേർ തിരിച്ചറിയുന്ന അവസ്ഥയായി. പുറത്ത് ഇറങ്ങുമ്പോൾ ‘എവിടെയോ കണ്ടിട്ടുണ്ടല്ലോ’ എന്നൊക്കെ ആളുകൾ പറയാറുണ്ട്. ചിലർ വന്ന് ‘ ബെത്ലഹേമിൽ ഇല്ലേ ചേച്ചി’ എന്ന് ചോദിക്കും. അങ്ങനെ ചില മാറ്റങ്ങൾ ഉണ്ടായതായി എനിക്ക് തോന്നുന്നുണ്ട്,’ മഞ്ജുശ്രീ പറഞ്ഞു.
ജീവിതത്തിൽ പല പ്രതിസന്ധികളും നേരിട്ട ഒരാളെന്ന നിലയിൽ, ഇപ്പോൾ കൂടുതൽ ആളുകൾ അംഗീകരിക്കുന്നുണ്ടെന്ന തിരിച്ചറിവ് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്നും താരം കൂട്ടിച്ചേർത്തു.

,മഞ്ജുശ്രീ,ബെത്ലഹേം കുടുംബ യൂണിറ്റ്. Photo. Screen Grab/ Youtube
‘ഒരു നടി എന്ന നിലയിൽ ഇപ്പോൾ ഞാൻ ഭയങ്കര ഭാഗ്യവതിയാണ്. ജീവിതത്തിൽ ഒരുപാട് സ്ട്രഗിളുകൾ നേരിട്ട ഒരാൾക്ക് ഇങ്ങനെ ചില നിമിഷങ്ങളിൽ കൂടുതൽ അംഗീകാരം ലഭിക്കുന്നുണ്ടെന്ന് അറിയുമ്പോൾ അത് തരുന്ന കോൺഫിഡൻസ് ചെറുതല്ല,’ മഞ്ജുശ്രീ നായർ പറഞ്ഞു.
Content Highlight: Actress Manjushree Nair says that ‘Bethlehem Kudumba Unit’ has brought about a major change in her life.
