ന്യൂയോര്‍ക്ക്: ക്യൂബയ്ക്കെതിരെയുള്ള അമേരിക്കയുടെ ദീര്‍ഘകാലത്തെ സാമ്പത്തിക, വ്യാപാര ഉപരോധങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ.

യു.എന്‍ പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 130 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍, 17 രാജ്യങ്ങള്‍ ഇതിനെതിരെ വോട്ട് രേഖപ്പെടുത്തി. 25 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. വര്‍ഷങ്ങളായുള്ള ഉപരോധം ക്യൂബയിലെ സാധാരണക്കാരുടെ ആരോഗ്യ രംഗം, ഊര്‍ജ മേഖല, ഭക്ഷ്യ വിതരണം എന്നിവയെ കടുത്ത പ്രതിസന്ധിയിലാക്കുന്നുവെന്ന് യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധി വ്യക്തമാക്കി. ക്യൂബയില്‍ മരുന്നുകളുടെയും അവശ്യസാധനങ്ങളുടെയും വലിയ ദൗര്‍ലഭ്യം ഇത് സൃഷ്ടിക്കുന്നുണ്ട്.

ഒരു രാജ്യത്തിന്റെ വികസനത്തെയും പരമാധികാരത്തെയും തടസപ്പെടുത്തുന്ന തരത്തില്‍ മറ്റ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഏകപക്ഷീയമായ നിയമങ്ങളെ ഇന്ത്യ ശക്തമായി എതിര്‍ത്തു.
അന്താരാഷ്ട്ര തലത്തിലുള്ള തര്‍ക്കങ്ങള്‍ യു.എന്‍ ചാര്‍ട്ടര്‍ അനുശാസിക്കുന്ന നയതന്ത്ര ചര്‍ച്ചകളിലൂടെ മാത്രമേ പരിഹരിക്കാവൂ എന്ന നിലപാടാണ് ഇന്ത്യ വ്യക്തമാക്കിയത്.

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് (165 അനുകൂല വോട്ടുകള്‍) ഇത്തവണ പ്രമേയത്തെ പിന്തുണച്ച രാജ്യങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും, ക്യൂബന്‍ ജനതയ്ക്കൊപ്പം നില്‍ക്കുന്ന പരമ്പരാഗത നയതന്ത്ര നിലപാടില്‍ ഇന്ത്യ ഉറച്ചുനിന്നു.

Content Highlight: India calls for the lifting of the US embargo on Cuba.