ഗസസിറ്റി: ഗസയില്‍ വംശീയ ഉന്മൂലനത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് (ഒ.എച്ച്.സി.എച്ച്.ആര്‍). ഇസ്രഈല്‍ സേന കൂടുതല്‍ ഫലസ്തീനികളെ കുടിയൊഴിപ്പിക്കുകയാണെന്നും ഒ.എച്ച്.സി.എച്ച്.ആര്‍ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഉപരോധത്തിന് കീഴിലുള്ള ഗസയില്‍ ഇസ്രഈല്‍ സേന ഫലസ്തീനികളെ ആവര്‍ത്തിച്ച് കുടിയൊഴിപ്പിക്കുകയാണ്. അവര്‍ക്ക് താമസിക്കാവുന്ന ഇടം കൂടുതല്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഇസ്രഈല്‍ സൈന്യം തങ്ങളുടെ വിന്യാസ രേഖയ്ക്ക് (യെല്ലോ ലൈന്‍) അപ്പുറത്തേക്ക് കടന്നുകയറുകയാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ ‘യെല്ലോ ലൈന്‍’ ഒരു ‘കൊലപാതക മേഖല’ പോലെയാണ് ഇസ്രഈല്‍ സേന കൈകാര്യം ചെയ്യുന്നതെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇതിനാല്‍ ഫലസ്തീന്‍ വ്യക്തികള്‍ക്ക് തങ്ങളുടെ വീടുകളുടെ അവശിഷ്ടങ്ങള്‍ ഉള്ള മറുവശത്തേക്ക് തിരിച്ചുപോകാന്‍ കഴിയുന്നില്ലെന്നും യു.എന്‍ ഏജന്‍സി വ്യക്തമാക്കി.

ഗസയുടെ 70 ശതമാനം പ്രദേശവും തങ്ങളുടെ സൈനിക വിന്യാസ മേഖലയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രഈല്‍ സൈന്യം മുന്നോട്ട് പോകുന്നത്. അവര്‍ ഗസയിലെ അവശേഷിക്കുന്ന സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയും അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്യുന്നുണ്ടെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇസ്രഈല്‍ സൈന്യം പടിഞ്ഞാറന്‍ മേഖലകളിലേക്ക് കൂടുതല്‍ വ്യാപിച്ചു. ഇത് ഷുജയ്യ, ഗാസ സിറ്റി, മധ്യ ഗാസയിലെ കിഴക്കന്‍ ബുറൈജ്, കിഴക്കന്‍ ദെയ്ര്‍ അല്‍-ബലാഹ്, കിഴക്കന്‍ അല്‍-മഗാസി എന്നിവിടങ്ങളില്‍ ഫലസ്തീന്‍ ജനതയെ വീണ്ടും കുടിയൊഴിപ്പിക്കപ്പെടുന്നതിന് കാരണമായെന്നും ഒ.എച്ച്.സി.എച്ച്.ആര്‍ ചൂണ്ടിക്കാട്ടി.

ഷുജയ്യയിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെ ഇസ്രായേല്‍ കുറഞ്ഞത് രണ്ട് ആക്രമണങ്ങള്‍ നടത്തി. അവിടെ അവശേഷിച്ചിരുന്ന കെട്ടിടങ്ങള്‍ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച റോബോട്ടുകള്‍ ഉപയോഗിച്ച് തകര്‍ത്തതായും യു.എന്‍ ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു.

Content Highlight: Ethnic cleansing fears rise as Israel squeezes space in Gaza: UN