വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ ബിനാന്‍സില്‍ നിന്ന് ഏകദേശം 6.3 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സി ഹാക്കര്‍മാര്‍ കൊള്ളയടിച്ചതായി റിപ്പോര്‍ട്ട്. ക്രിപ്റ്റോ മേഖലയില്‍ ഇതുവരെ നടന്നതില്‍ വെച്ച് ഏറ്റവും വലിയ മോഷണമാണിതെന്ന് കരുതപ്പെടുന്നു.

ബിനാന്‍സാണ് തങ്ങളുടെ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചില്‍ കൊള്ള നടന്നതായി അറിയിച്ചത്. ഇതോടെ കമ്പനി വ്യാഴാഴ്ച നിക്ഷേപങ്ങളും പിന്‍വലിക്കലുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഉപയോക്താക്കളുടെ പണം സുരക്ഷിതമാണെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

നഷ്ടപ്പെട്ട തുക മുഴുവന്‍ കമ്പനി നികത്തുമെന്നും ബിനാന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും, നഷ്ടപ്പെട്ട തുക മുഴുവന്‍ നികത്തുമെന്നും ബൈനാന്‍സിന്റെ സഹ-ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ റിച്ചാര്‍ഡ് ടെങ് അറിയിച്ചു.

ചൈനയില്‍ ജനിച്ച കനേഡിയന്‍ ശതകോടീശ്വരന്‍ ചാങ്പെങ് ഷാവോ സഹസ്ഥാപകനായ ഈ കമ്പനിയാണ് ബിനാന്‍സ്. ഈ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന് യു.എസിലെ ബ്ലോക്ക്ചെയിന്‍ വിശകലന സ്ഥാപനങ്ങളായ ടി.ആര്‍.എം ലാബ്സും ചെയിനാലിസിസും അവകാശപ്പെടുന്നു.

വ്യാഴാഴ്ച വൈകി ആരംഭിച്ച മോഷണം ഏകദേശം 20 മിനിറ്റിനുള്ളിലാണ് നടന്നതെന്ന് ടി.ആര്‍.എം ലാബ്സും ചെയിനാലിസിസും വ്യക്തമാക്കുന്നു. ഹാക്കര്‍ 10 ബ്ലോക്ക്ചെയിനുകളിലായി വ്യാപിച്ചുകിടക്കുന്ന ബിനാന്‍സ് വാലറ്റുകളില്‍ നിന്ന് ഏകദേശം 6.36 ബില്യണ്‍ യുഎസ് ഡോളര്‍ തട്ടിയെടുത്തുവെന്ന് ടി.ആര്‍.എം റിപ്പോര്‍ട്ട് ചെയ്തു.

2025 ഫെബ്രുവരിയില്‍ ‘ബൈബിറ്റ്’ എന്ന എക്സ്ചേഞ്ചില്‍ നിന്ന് 1.5 ബില്യണ്‍ ഡോളര്‍ മോഷ്ടിച്ചതായിരുന്നു ഇതിനുമുമ്പത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ കൊള്ള. ഇപ്പോള്‍ ബിനാന്‍സിലുണ്ടായ കൊള്ള ബൈബിറ്റില്‍ നടന്നതിനേക്കാള്‍ എത്രയോ വലുതാണ്.

കൊള്ളയടിക്കപ്പെട്ട തുകയില്‍ ഏകദേശം മൂന്ന് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സി ഇതിനകം മരവിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതില്‍ 2.3 ബില്യണ്‍ ഡോളറിലധികം തുക ‘സ്റ്റേബിള്‍കോയിന്‍’ ദാതാക്കളായ ടെതര്‍, സര്‍ക്കിള്‍ എന്നിവര്‍ ഇടപെട്ടാണ് മരവിപ്പിച്ചതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ബാക്കിയുള്ള 3.3 ബില്യണ്‍ ഡോളറിന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് ബൈനാന്‍സ് വിവരങ്ങളൊന്നും നല്‍കിയിട്ടില്ല. കൂടുതല്‍ ആസ്തികള്‍ കണ്ടെത്താനും അവ മരവിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുന്നതിനാല്‍, നഷ്ടപ്പെട്ട തുകയായ 6.3 ബില്യണ്‍ ഡോളര്‍ എന്നത് ‘ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന്’ കമ്പനി ‘എക്സ്’ പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

‘ലസാറസ് ഗ്രൂപ്പുമായി’ ബന്ധമുള്ള ‘ട്രേഡര്‍ട്രെയ്റ്റര്‍’ എന്ന ഉത്തര കൊറിയന്‍ ഹാക്കിംഗ് വിഭാഗമാണ് ഈ ആക്രമണം നടത്തിയതെന്നാണ് വിലയിരുത്തലെന്ന് ടി.ആര്‍.എം അവകാശപ്പെട്ടു. മുമ്പും ഉത്തരകൊറിയക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ ഉത്തരകൊറിയ നിഷേധിക്കാറാണുള്ളത്.

ട്രേഡിംഗ് വോളിയത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചാണ് ബൈനാന്‍സ്. ബിറ്റ്കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സികള്‍ വാങ്ങാനും വില്‍ക്കാനും കൈമാറ്റം ചെയ്യാനും, അതുപോലെ അവ നിക്ഷേപിക്കാനും പിന്‍വലിക്കാനും ഇവിടെ സാധിക്കും.2017-ല്‍ ചൈനയില്‍ സ്ഥാപിതമായ ഈ പ്ലാറ്റ്ഫോമിന് ലോകമെമ്പാടുമായി കോടിക്കണക്കിന് രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുണ്ട്.

Content Highlight: Binance says $6.3bn stolen in biggest crypto heist in history