കപ്പലുകള്‍ നങ്കൂരമിടുന്ന തുറമുഖങ്ങള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ എത്തുകയും പുറപ്പെടുകയും ചെയ്യുന്ന ഇടങ്ങള്‍, ആഗോള വ്യാപാരത്തിന്റെ ജീവരേഖകളിലൊന്ന്. എന്നാല്‍ ഈ തുറമുഖങ്ങള്‍ വെറും വാണിജ്യത്തിന്റെ കേന്ദ്രങ്ങള്‍ മാത്രമല്ല. യുദ്ധത്തിനാവശ്യമായ ആയുധങ്ങളും വെടിക്കോപ്പുകളും സൈനിക ഉപകരണങ്ങളും സൈനിക താവളങ്ങളിലേക്കുള്ള സാമഗ്രികളുമെല്ലാം കടന്നുപോകുന്ന വഴികള്‍ കൂടിയാണ്.
ഈ വഴികളില്‍ ഒരിടത്ത് തൊഴിലാളികള്‍ പണിമുടക്കിയാല്‍ എന്ത് സംഭവിക്കും? കപ്പലുകള്‍ക്ക് ചരക്കിറക്കാനാകാതെ വരും. ആയുധങ്ങള്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നത് തടസപ്പെടും. ആഗോള വിതരണശൃംഖലയുടെ താളം തെറ്റും.
അത്തരമൊരു ഇടപെടലിനാണ് ഇന്ന് (ഒക്ടോബര്‍ 30) ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ തുറമുഖ തൊഴിലാളികള്‍ ഒരുമിക്കുന്നത്. ‘Dockworkers Do Not Work for War’ എന്ന മുദ്രാവാക്യവുമായി 22 രാജ്യങ്ങളിലെ 113 തുറമുഖങ്ങളില്‍ പണിമുടക്കും പ്രതിഷേധങ്ങളും സംഘടിപ്പിക്കുകയാണ് തൊഴിലാളി സംഘടനകള്‍.
ഗസയിലെ വംശഹത്യ അവസാനിപ്പിക്കുക, ഇസ്രഈലിലേക്കുള്ള ആയുധക്കടത്ത് തടയുക, ഇറാനെതിരായ അമേരിക്കന്‍-ഇസ്രഈലി യുദ്ധത്തെയും മറ്റ് സാമ്രാജ്യത്വ യുദ്ധങ്ങളെയും എതിര്‍ക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് സമരം.
ഇന്ത്യയിലെ 15 തുറമുഖങ്ങളിലും സമരത്തിന്റെ ഭാഗമായുള്ള പ്രതിഷേധങ്ങള്‍ നടക്കും. വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യയും (WTWFI) അന്താരാഷ്ട്ര തൊഴിലാളി കൂട്ടായ്മയുടെ ഭാഗമാകുന്നതോടെ, ഗസയ്ക്കും യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനപ്പുറം ആഗോള ആയുധവിതരണ ശൃംഖലയില്‍ ഇന്ത്യയുടെ തുറമുഖങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള ചര്‍ച്ചയും പ്രസക്തമാവുകയാണ്.
22 രാജ്യങ്ങള്‍, 113 തുറമുഖങ്ങള്‍; 200 കോടി ഡോളറിന്റെ ചരക്കുനീക്കം തടസപ്പെട്ടേക്കും
ഇറ്റലി, ഫ്രാന്‍സ്, ഗ്രീസ്, സ്പെയിനിലെ ബാസ്ക് മേഖല, തുര്‍ക്കി, മൊറോക്കോ എന്നീ രാജ്യങ്ങളിലെ തുറമുഖ തൊഴിലാളി യൂണിയനുകളാണ് ഈ സമരത്തിന് തുടക്കമിട്ടത്. പിന്നീട് ജര്‍മനി, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, ഡെന്മാര്ക്ക്, സ്വീഡന്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു. 25ലധികം തൊഴിലാളി സംഘടനകളാണ് നിലവില്‍ സമരത്തിന് പിന്തുണ നല്‍കുന്നത്.
അമേരിക്കയിലെ ദേശീയതലത്തിലുള്ള തൊഴിലാളി യൂണിയനുകളുടെ ഔദ്യോഗിക പിന്തുണ തുടക്കത്തില്‍ സമരത്തിനുണ്ടായിരുന്നില്ല. എന്നാല്‍ സാന്‍ ഫ്രാന്സിസ്കോയിലെയും ഓക്ക്ലാന്ഡിലെയും ഇന്റര്‍നാഷണല്‍ ലോങ്ഷോര്‍ ആന്‍ഡ് വെയര്‍ഹൗസ് യൂണിയന്റെ ലോക്കല്‍ യൂണിറ്റ് പിന്നീട് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. അമേരിക്കയിലെ തുറമുഖ തൊഴിലാളികളുടെ പ്രാദേശിക കൂട്ടായ്മകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം മെഡിറ്ററേനിയന്‍ മേഖലയിലെ ചരക്കുനീക്കത്തിന്റെ 40 ശതമാനത്തിലധികം ഒരു ദിവസത്തേക്ക് തടസപ്പെടുത്താന്‍ സമരത്തിന് സാധിച്ചേക്കും. 200 കോടി ഡോളറിലധികം മൂല്യമുള്ള ചരക്കുകള്‍ ഇതോടെ കെട്ടിക്കിടക്കും.

ജര്‍മനിയിലെ ഹാംബര്‍ഗ്, സ്പെയിനിലെ വലന്‍സിയ, ഫ്രാന്‍സിലെ ലെ ഹാവ്രെ, അല്‍ജെസിറാസ്, ഗ്രീസിലെ പിറേയസ്, ഇറ്റലിയിലെ ജെനോവ, മൊറോക്കോയിലെ ടാന്‍ജിയര്‍ മെഡ തുടങ്ങിയ പ്രധാന തുറമുഖങ്ങള്‍ സമരത്തിന്റെ ഭാഗമാകുന്നുണ്ട്. ഇന്ത്യയിലെ നാവ ഷെവ ഉള്‍പ്പെടെയുള്ള തുറമുഖങ്ങളും പ്രതിഷേധ സമരത്തിന്റെ ഭാഗമാകും.
എന്നാല്‍ എല്ലാ തുറമുഖങ്ങളിലും ഒരേ രീതിയിലായിരിക്കില്ല സമരം. ചിലയിടങ്ങളില്‍ പൂര്‍ണമായ പണിമുടക്കും മറ്റിടങ്ങളില്‍ നിശ്ചിത മണിക്കൂറുകളിലെ ജോലി നിര്‍ത്തിവെക്കലും പ്രതിഷേധങ്ങളുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഗ്രീസില്‍ ഫെറി സര്‍വീസുകളെയും സമരം ബാധിച്ചേക്കും. പിറേയസ് തുറമുഖത്തെ തൊഴിലാളികള്‍ രാവിലെ എട്ട് മുതല്‍ പതിനൊന്ന് വരെ ജോലി നിര്‍ത്തിവെക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇറ്റലിയിലെ ജെനോവ തുറമുഖത്തും തൊഴിലാളികള്‍ സമരത്തിലാണ്.
ഒരു ദിവസത്തെ സമരം കൊണ്ട് ഏകദേശം 40,000 കണ്ടെയ്നറുകളുടെ നീക്കം തടയാന്‍ കഴിയുമെന്നാണ് സംഘാടകരുടെ കണക്ക്. ഐക്യരാഷ്ട്രസഭയുടെ ഒരു കണ്ടെയ്നറിലെ ചരക്കുകളുടെ ശരാശരി മൂല്യമായി കണക്കാക്കുന്ന 54,000 ഡോളര്‍ അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തല്‍. ഇതനുസരിച്ച് ഒരു ദിവസത്തെ തടസം മാത്രം 200 കോടി ഡോളറിലധികം മൂല്യമുള്ള ചരക്കുകളെ ബാധിച്ചേക്കാം.
അതേസമയം, ഒരു ദിവസത്തെ കപ്പല്‍ ഗതാഗത തടസം മൂലം ഏകദേശം 4.3 കോടി ഡോളറിന്റെ നഷ്ടമുണ്ടാകാമെന്നും സംഘാടകര്‍ കണക്കാക്കുന്നു. തുടര്‍ന്നുണ്ടാകുന്ന വിതരണശൃംഖലാ തടസങ്ങളും മറ്റ് പ്രത്യാഘാതങ്ങളും ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ല.
ആയുധക്കടത്തിന് തുറമുഖങ്ങള്‍ ഉപയോഗിക്കരുത്
ഗസയിലെ ഇസ്രഈല്‍ ആക്രമണവും വംശഹത്യയും പശ്ചിമേഷ്യയിലെ യുദ്ധങ്ങളും ശക്തമായ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് തുറമുഖ തൊഴിലാളികള്‍ ഇത്തരമൊരു പ്രതിഷേധ കൂട്ടായ്മയിലേക്ക് എത്തുന്നത്.
യുദ്ധങ്ങള്‍ തുടരാന്‍ സൈനിക ശക്തി മാത്രം പോരാ. ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, ഇന്ധനം, അസംസ്കൃത വസ്തുക്കള്‍, സൈനിക ഉപകരണങ്ങള്‍ എന്നിവയുടെ തുടര്‍ച്ചയായ ലഭ്യതയും ആവശ്യമാണ്. ഇവയില്‍ വലിയൊരു പങ്കും കടല്‍മാര്‍ഗമാണ് നീങ്ങുന്നത്.
ലോകത്തിലെ അന്താരാഷ്ട്ര വ്യാപാരത്തിന്റെ അളവിന്റെ ഏകദേശം 80 ശതമാനവും കടല്‍മാര്‍ഗമാണ് നടക്കുന്നത്. അതിനാല്‍ തുറമുഖ തൊഴിലാളികള്‍ക്ക് ആഗോള വ്യാപാരത്തിലും യുദ്ധങ്ങള്‍ക്കാവശ്യമായ വിതരണശൃംഖലയിലും നിര്‍ണായക സ്വാധീനമുണ്ട്. കപ്പലുകളില്‍ നിന്ന് ചരക്കുകള്‍ ഇറക്കുകയും കയറ്റുകയും ചെയ്യുന്ന തൊഴിലാളികള്‍ ജോലി നിര്‍ത്തിവെച്ചാല്‍, ചരക്കുനീക്കത്തിന് തടസം നേരിടും. സൈനിക സാമഗ്രികളുടെ വിതരണത്തെയും ഇത് ബാധിക്കാം.
ഈ സാഹചര്യത്തിലാണ് സിവിലിയന്‍ തുറമുഖങ്ങളെ യുദ്ധത്തിനുള്ള ആയുധങ്ങളും സൈനിക സാമഗ്രികളും കടത്താനുള്ള കേന്ദ്രങ്ങളാക്കി മാറ്റരുതെന്ന ആവശ്യം തൊഴിലാളികള്‍ ഉയര്‍ത്തുന്നത്.
‘2026 മെയ് 18, 19 തീയതികളില്‍ ഇസ്താംബൂളില്‍ ചേര്‍ന്ന ഡോക്ക് വര്‍ക്കേഴ്സ് യൂണിയനുകളുടെ മൂന്നാമത് അന്താരാഷ്ട്ര യോഗത്തിന്റെ സംയുക്ത പ്രഖ്യാപനത്തില്‍ യുദ്ധമേഖലകളിലേക്ക് പോകുന്ന ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, സൈനിക ഉപകരണങ്ങള്‍, സൈനികര്‍ എന്നിവയുടെ ഗതാഗതത്തിന് തുറമുഖങ്ങള്‍ ഉപയോഗിക്കരുത്’ എന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു.
ഫലസ്തീന് ജനതയ്ക്കെതിരായ വംശഹത്യ ഉടന്‍ അവസാനിപ്പിക്കുക, 1967ലെ അതിര്‍ത്തികള്‍ അടിസ്ഥാനമാക്കി കിഴക്കന്‍ ജറുസലേം തലസ്ഥാനമായ സ്വതന്ത്ര ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുക, ഇറാനെതിരായ യുഎസ്-ഇസ്രഈല്‍ യുദ്ധത്തിന് പിന്തുണ നല്‍കുന്നതും അതില്‍ പങ്കാളികളാകുന്നതും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉയര്‍ത്തിയത്.
‘ഞങ്ങള്‍ യുദ്ധത്തിനായി ജോലി ചെയ്യില്ല’ എന്നത് വെറുമൊരു മുദ്രാവാക്യമല്ല. തങ്ങളുടെ അധ്വാനം യുദ്ധത്തിനാവശ്യമായ സംവിധാനങ്ങള്‍ നിലനിര്‍ത്താന്‍ ഉപയോഗിക്കപ്പെടരുതെന്ന തൊഴിലാളികളുടെ നിലപാട് കൂടിയാണ്.
ഇന്ത്യയിലെ 15 തുറമുഖങ്ങളും സമരത്തിന്റെ ഭാഗമാകുമ്പോള്‍
അന്താരാഷ്ട്ര സമരത്തിലെ ഇന്ത്യയുടെ പങ്കാളിത്തം പ്രത്യേകം ശ്രദ്ധേയമാണ്. വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ (WTWFI) ആണ് രാജ്യത്തെ 15 തുറമുഖങ്ങളില്‍ സമരത്തിന്റെ ഭാഗമായുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
സി.പി.ഐ.എം നേതൃത്വത്തിലുള്ള സി.ഐ.ടി.യു അഫിലിയേറ്റഡ് സംഘടനയാണ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ. ഇസ്രഈലിലേക്ക് പോകുന്ന ആയുധങ്ങളോ സൈനിക ആവശ്യങ്ങള്‍ക്കുള്ള ചരക്കുകളോ കൈകാര്യം ചെയ്യില്ലെന്ന നിലപാട് സി.ഐ.ടി.യു നേരത്തെയും സ്വീകരിച്ചിട്ടുണ്ട്.
2024 ഫെബ്രുവരിയില്‍ ഇസ്രഈലിലേക്കുള്ള ആയുധങ്ങളുടെയും ഫലസ്തീനിലെ യുദ്ധവുമായി ബന്ധപ്പെട്ട സൈനിക ഉപകരണങ്ങളുടെയും കയറ്റിറക്ക് ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഫെഡറേഷന് അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അന്ന് രാജ്യത്തെ 11 പ്രധാന തുറമുഖങ്ങളിലായി 3,500ലധികം തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന സംഘടനയായിരുന്നു WTWFI.
ഇത്തവണത്തെ പങ്കാളിത്തം ആ നിലപാടിന്റെ തുടര്‍ച്ചയാണ്. എന്നാല്‍ ഇന്ത്യയിലെ തൊഴിലാളികളുടെ പ്രതിഷേധം ഒരു രാജ്യത്തേക്കുള്ള ആയുധക്കടത്ത് തടയുക എന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിവിലിയന്‍ തുറമുഖങ്ങളെ സൈനിക വിതരണശൃംഖലയുടെ ഭാഗമാക്കുന്നതിനെയും തുറമുഖങ്ങളുടെ സൈനികവത്കരണത്തെയും സംഘടനകള്‍ എതിര്‍ക്കുന്നുണ്ട്.

യുദ്ധങ്ങള്‍ക്കായുള്ള സൈനിക ചെലവുകള്‍ ആരോഗ്യരംഗം, തൊഴിലാളികളുടെ സുരക്ഷ, മെച്ചപ്പെട്ട വേതനം, സ്ഥിരതയുള്ള തൊഴില്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. ഓട്ടോമേഷന്‍ വഴി തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങള്‍ ദുര്ബലപ്പെടുത്തുന്നതിനുമെതിരായ ആവശ്യങ്ങളും സമരത്തിന്റെ ഭാഗമാണ്.
ഇന്ത്യന്‍ തുറമുഖങ്ങളുടെ പങ്കാളിത്തം മറ്റൊരു കാരണത്താലും ശ്രദ്ധേയമാണ്. ആഗോള സൈനിക വിതരണശൃംഖലയില്‍ ഇന്ത്യയുടെ തുറമുഖങ്ങള്‍ എത്രത്തോളം ബന്ധപ്പെട്ടു കിടക്കുന്നു എന്ന ചോദ്യമാണ് ഇത് ഉയര്‍ത്തുന്നത്.
ഇറ്റലിയില്‍ തടഞ്ഞത് ഇന്ത്യയില്‍ നിന്നുള്ള 23 കണ്ടെയ്നര്‍ സൈനിക സ്റ്റീല്‍
ഇന്ത്യയില്‍ നിന്നുള്ള സൈനിക ആവശ്യങ്ങള്‍ക്കുള്ള ചരക്കുകള്‍ അന്താരാഷ്ട്ര തലത്തില്‍ തടയപ്പെട്ട സംഭവവും ഈ ചര്‍ച്ചയില്‍ പ്രധാനമാണ്.
2026 മാര്‍ച്ചില്‍ സ്പെയിന്, ഗ്രീസ്, തുര്‍ക്കി, ഇറ്റലി എന്നിവിടങ്ങളിലെ തുറമുഖ തൊഴിലാളി യൂണിയനുകളും സംഘടനകളും നടത്തിയ ഇടപെടലുകളെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള 23 കണ്ടെയ്നര്‍ സൈനിക സ്റ്റീല്‍ ഇറ്റലിയില്‍ പിടിച്ചുവെച്ചിരുന്നു. ഒക്ടോബര്‍ 15ന് റോമില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സംഘാടകര്‍ ഇക്കാര്യം അറിയിച്ചത്.
ഇസ്രഈലിലേക്കുള്ള ചരക്കുനീക്കവുമായി ബന്ധപ്പെട്ട കപ്പലുകള്‍ക്ക് സ്പെയിനിലെ തുറമുഖങ്ങളില്‍ പ്രവേശനം നിഷേധിക്കുകയും ഗ്രീസില്‍ ചരക്കിറക്കുന്നത് തടയുകയും തുര്‍ക്കിയില്‍ പ്രവേശനം തടസപ്പെടുത്തുകയും ചെയ്തതിനു പിന്നാലെയാണ് കണ്ടെയ്നറുകള്‍ ഇറ്റലിയില്‍ പിടിച്ചുവെച്ചത്.
ഈ സ്റ്റീല്‍ ഉപയോഗിച്ച് ഏകദേശം 13,000 155 എം.എം പീരങ്കി ഷെല്ലുകള്‍ നിര്‍മിക്കാന്‍ കഴിയുമായിരുന്നുവെന്നും ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്ന ചരക്കുകള്‍ അന്താരാഷ്ട്ര തുറമുഖ തൊഴിലാളികളുടെ ഇടപെടലിലൂടെ തടയപ്പെടുന്ന സാഹചര്യം ആഗോള ആയുധവിതരണ ശൃംഖലയില്‍ രാജ്യത്തിനുള്ള പങ്കിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് പുതിയ മാനം നല്‍കുന്നതാണ്. വാണിജ്യ ചരക്കുനീക്കവും സൈനിക ആവശ്യങ്ങള്‍ക്കുള്ള വിതരണവും തമ്മിലുള്ള അതിര്‍ത്തി എവിടെയാണ് എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്. .
കൈകളില്‍ രക്തക്കറപിടിപ്പിക്കാന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല
യൂറോപ്പിലെ തുറമുഖങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇസ്രഈലിലേക്കും മറ്റ് യുദ്ധമേഖലകളിലേക്കുമുള്ള ആയുധവിതരണത്തിനെതിരായ പ്രതിഷേധങ്ങളുടെ കേന്ദ്രങ്ങളാണ്.
2019ല്‍ യെമനില്‍ സൗദി അറേബ്യ നടത്തിയ ആക്രമണങ്ങള്‍ക്കിടെ സൗദിയിലേക്കുള്ള ആയുധവിതരണം തടയാന്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ തൊഴിലാളികള്‍ ഏകോപിതമായി ഇടപെട്ടിരുന്നു. 2024ല്‍ ഗ്രീസിലെ പിറേയസ് തുറമുഖത്ത് ഇസ്രഈലിലേക്ക് ആയുധങ്ങളുമായി പോകുകയായിരുന്ന ചരക്കിറക്കുന്നത് തൊഴിലാളികള്‍ തടഞ്ഞിരുന്നു.
‘തുറമുഖം അമേരിക്കയുടെയോ നാറ്റോയുടെയോ യൂറോപ്യന്‍ യൂണിയന്റെയോ ഔട്ട്പോസ്റ്റായി മാറാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഈ മാരകമായ ചരക്കുകള്‍ ഇറക്കുന്നതും കൊണ്ടുപോകുന്നതും തടയുകയാണ് ഞങ്ങളുടെ ലക്ഷ്യം. ‘കൈകളില്‍ രക്തത്തിന്റെ കറപിടിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’ എന്നായിരുന്നു അന്ന് ഗ്രീക്ക് തുറമുഖ തൊഴിലാളി യൂണിയന് പ്രസിഡന്റ് മാര്‍ക്കോസ് ബെക്രിസ് പറഞ്ഞത്.
അമേരിക്കയിലും സമാനമായ പ്രതിഷേധങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നിട്ടുണ്ട്. 1984ല്‍ ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി, ആ രാജ്യത്തുനിന്നുള്ള ചരക്കുകള്‍ ഇറക്കാന്‍ സാന്‍ ഫ്രാന്‍സിസ്കോയിലെ തുറമുഖ തൊഴിലാളികള്‍ തയ്യാറായില്ല. 2008ല്‍ ഇറാഖ് യുദ്ധത്തിനെതിരെ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തെ 25,000ത്തോളം തൊഴിലാളികള്‍ പണിമുടക്കി.
1913ല്‍ ഫിലാഡല്‍ഫിയയില്‍ നടന്ന തുറമുഖ തൊഴിലാളി സമരം വേതനവര്‍ധനവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും നേടിയെടുക്കുന്നതിനുള്ള പോരാട്ടമായിരുന്നു. ഇത്തരത്തില്‍ തൊഴിലാളി സമരങ്ങളുടെ ചരിത്രത്തില്‍ തൊഴില്‍ അവകാശങ്ങള്‍ക്കപ്പുറം സാമൂഹികവും രാഷ്ട്രീയവുമായ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ഇടപെടലുകളും ഉണ്ടായിട്ടുണ്ട്.
ഗസയില്‍ ഇസ്രഈല്‍ ആക്രമണം ആരംഭിച്ച 2023 ഒക്ടോബറിന് ശേഷം അമേരിക്കയിലും ആയുധക്കടത്ത് തടയാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ പലപ്പോഴും തുറമുഖങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ നേരിട്ട് ഉള്‍പ്പെടുത്താത്ത പ്രതിഷേധങ്ങള്‍ക്ക് പരിമിതമായ വിജയം മാത്രമേ നേടാനായിരുന്നുള്ളൂ.
യൂറോപ്പിന്റെ ആയുധ ഇറക്കുമതി വര്‍ധിക്കുമ്പോള്‍
യൂറോപ്പിന്റെ സൈനിക നയങ്ങളും ആയുധവ്യാപാരവും ഈ സമരത്തിന്റെ മറ്റൊരു പ്രധാന പശ്ചാത്തലമാണ്. സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (SIPRI) കണക്കുകള്‍ പ്രകാരം, 2021-2025 കാലയളവില്‍ ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി മേഖലയായി യൂറോപ്പ് മാറി. ആഗോള ആയുധ ഇറക്കുമതിയുടെ ഏകദേശം മൂന്നിലൊന്ന് യൂറോപ്പിലേക്കായിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതിരോധ മേഖലയിലെ നിക്ഷേപം വലിയ തോതില്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് തുറമുഖങ്ങളുടെ സൈനികവത്കരണത്തിനെതിരായ പ്രതിഷേധം ശക്തമാകുന്നത്.

ഇറ്റാലിയന്‍ പീസ് ആന്‍ഡ് ഡിസാര്‍മമെന്റ് നെറ്റ്വര്ക്കിലെ അനലിസ്റ്റ് ഫ്രാന്‍സെസ്കോ വിഗ്നാര്ക്ക ചൂണ്ടിക്കാട്ടുന്നത്, ആയുധവ്യാപാരത്തെക്കുറിച്ചുള്ള തൊഴിലാളികളുടെ ബോധ്യത്തിലും എതിര്‍പ്പിലും വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ്. ഇത് കൂടുതല്‍ പ്രതിഷേധങ്ങള്‍ക്കും ഉപരോധങ്ങള്‍ക്കും വഴിയൊരുക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അമേരിക്കന്‍ സൈനിക താവളങ്ങളിലേക്കുള്ള ചരക്കുനീക്കവും ഇസ്രഈലിലേക്കുള്ള സൈനിക സാമഗ്രികളുടെ വിതരണവും ഒരുപോലെ തൊഴിലാളി സംഘടനകളെ ചൊടിപ്പിക്കുന്നുണ്ട്.
2025 ഓഗസ്റ്റ് മുതല്‍ 2026 സെപ്റ്റംബര്‍ വരെ 29 രാജ്യങ്ങളിലെ 56 വാണിജ്യ തുറമുഖങ്ങളിലൂടെ ഇസ്രഈലിലെ ഏറ്റവും വലിയ ആയുധ നിര്‍മാണ കമ്പനിയായ എല്‍ബിറ്റ് സിസ്റ്റംസിനുള്ള സാമഗ്രികള്‍ കൊണ്ടുപോകുന്ന 315 ചരക്കുനീക്കങ്ങള്‍ നിരീക്ഷിച്ചതായി ‘നോ ഹാര്‍ബര്‍ ഫോര്‍ ജെനോസൈഡ്’ ക്യാമ്പയിന് പറയുന്നു. 2025 ഡിസംബര്‍ മുതല്‍ 2026 സെപ്റ്റംബര്‍ വരെ 42 രാജ്യങ്ങളിലെ 67 തുറമുഖങ്ങളിലൂടെ അമേരിക്കന്‍ സൈനിക താവളങ്ങളിലേക്ക് ചരക്കുകള്‍ എത്തിക്കുന്ന 3,400 നീക്കങ്ങളും നിരീക്ഷിച്ചതായി സംഘടന പറയുന്നു.
തൊഴിലാളികള്‍ നേരിടുന്ന വെല്ലുവിളി
യുദ്ധത്തിനുള്ള ചരക്കുകള്‍ കൈകാര്യം ചെയ്യാന്‍ വിസമ്മതിക്കുന്ന തൊഴിലാളികള്‍ക്ക് എപ്പോഴും അനുകൂലമായ സാഹചര്യമല്ല തുറമുഖങ്ങളില്‍ നിലനില്‍ക്കുന്നത്. മൊറോക്കോ, സ്വീഡന്, ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ആയുധക്കടത്തിനെതിരെ നിലപാടെടുത്ത തൊഴിലാളികള്‍ പിരിച്ചുവിടല്‍, നിയമനടപടികള്‍, മറ്റ് സമ്മര്‍ദങ്ങള്‍ എന്നിവ നേരിട്ടതായി സംഘാടകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതുകൊണ്ടുതന്നെ തൊഴിലാളികളുടെ പ്രതിഷേധം ഒറ്റപ്പെട്ട സംഭവങ്ങളായി അവസാനിക്കാതിരിക്കാനുള്ള അന്താരാഷ്ട്ര ഐക്യദാര്‍ഢ്യവും സംഘടനകള്‍ ആവശ്യപ്പെടുന്നു.
ഇറ്റലിയിലെ യൂണിയന് സമരദിവസം 24 മണിക്കൂര്‍ പൊതുപണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്തെ 40ലധികം നഗരങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കും. ഗ്രീസില്‍ തുറമുഖ തൊഴിലാളികള്‍ക്കൊപ്പം എന്‍ജിനീയര്‍മാരും നാവിക തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഗ്ലോബല്‍ സമുദ് ഫ്ലോട്ടില്ലയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജലമാര്‍ഗം ഏകോപിതവും തന്ത്രപരവുമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്.

ഇതിനിടെ, സമരത്തിന് പിന്തുണയുമായി വിവിധ തൊഴിലാളി സംഘടനകള്‍ ഒപ്പുവെച്ച ഇസ്താംബുള്‍ പ്രഖ്യാപനവും ശ്രദ്ധേയമാണ്. ഗ്രീസിലെ ENEDEP, ഇറ്റലിയിലെ USB (Unione Sindacale di Base), ബാസ്ക് മേഖലയിലെ LAB, മൊറോക്കോയിലെ ODT (Organisation Démocratique du Travail), തുര്‍ക്കിയിലെ Liman-Is, ഫ്രാന്‍സിലെ CGT തുടങ്ങിയ സംഘടനകളാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപനത്തിന്റെ ഭാഗമായത്. പിന്നീട് സൈപ്രസിലെ SEGDAMELIN-PEO, ഇന്ത്യയിലെ WTWFI എന്നിവയും പിന്തുണച്ചു.
തുറമുഖ തൊഴിലാളികളുടെ തൊഴില്‍ അവകാശങ്ങള്‍, കൂട്ടായ വിലപേശല്‍, തൊഴില്‍ സുരക്ഷ, ഓട്ടോമേഷന്‍ മൂലം തൊഴില്‍ നഷ്ടപ്പെടുന്നതിനെതിരായ നിലപാട് എന്നിവയും പ്രഖ്യാപനത്തിന്റെ ഭാഗമാണ്.
യുദ്ധങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ തൊഴിലാളികളുടെ കരുത്ത്
യുദ്ധത്തിനെതിരായ പ്രതിഷേധങ്ങള്‍ സാധാരണയായി തെരുവുകളിലും സര്‍വകലാശാലകളിലും പൊതുയോഗങ്ങളിലും ഒതുങ്ങാറുണ്ട്. എന്നാല്‍ ഇത്തവണ പ്രതിഷേധം യുദ്ധത്തിനാവശ്യമായ ആയുധങ്ങളും സൈനിക സാമഗ്രികളും കടന്നുപോകുന്ന വിതരണശൃംഖലയിലേക്കാണ് എത്തുന്നത്.
യുദ്ധങ്ങള്‍ നടത്താനുള്ള തീരുമാനമെടുക്കുന്നത് ഭരണകൂടങ്ങളായിരിക്കാം. എന്നാല്‍ അവ തുടരാന്‍ ആവശ്യമായ ആയുധങ്ങളും സാമഗ്രികളും എത്തിക്കുന്നതില്‍ വലിയൊരു വിഭാഗം തൊഴിലാളികളുടെ അധ്വാനമുണ്ട്. ആ അധ്വാനം യുദ്ധത്തിനായി ഉപയോഗിക്കപ്പെടരുതെന്ന നിലപാടാണ് ലോകത്തെ തുറമുഖ തൊഴിലാളികള്‍ ഉയര്‍ത്തുന്നത്.
അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലുമുള്ള തൊഴിലാളികള്‍ ഒരേ ആവശ്യവുമായി ഒന്നിക്കുമ്പോള്‍, ഇന്ത്യയിലെ 15 തുറമുഖങ്ങളുടെ പങ്കാളിത്തത്തിനും വലിയ പ്രാധാന്യമുണ്ട്. ആയുധവിതരണ ശൃംഖലയില്‍ നിന്ന് തൊഴിലാളികള്‍ക്ക് എത്രത്തോളം വിട്ടുനില്‍ക്കാനാകും എന്നതിനൊപ്പം, വാണിജ്യ തുറമുഖങ്ങളുടെ ഉപയോഗം സംബന്ധിച്ച നയങ്ങളില്‍ എന്ത് മാറ്റങ്ങളുണ്ടാക്കാന്‍ ഈ സമ്മര്‍ദത്തിന് കഴിയും എന്നതും പ്രധാനമാണ്.
ഒരുദിവസത്തെ പണിമുടക്കിന് ലോകത്തെ എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാനാകില്ല. എന്നാല്‍ യുദ്ധം തുടരാന്‍ ആവശ്യമായ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ തൊഴിലാളികള്‍ക്കുള്ള പങ്കും അതിനെ ചോദ്യം ചെയ്യാനുള്ള അവരുടെ അധികാരവും ഈ സമരം ഓര്‍മിപ്പിക്കുന്നു.
ഗസയിലെ വംശഹത്യ അവസാനിപ്പിക്കണമെന്നും ഇസ്രഈലിലേക്കുള്ള ആയുധവിതരണം തടയണമെന്നും ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തുറമുഖങ്ങളില്‍ നിന്ന് ഉയരുന്ന ഈ പ്രതിഷേധം അതുകൊണ്ടുതന്നെ ഒരു തൊഴിലാളി സമരം മാത്രമല്ല. യുദ്ധത്തിന്റെ സാമ്പത്തികവും വാണിജ്യപരവുമായ അടിത്തറയെ ചോദ്യം ചെയ്യുന്ന ആഗോള ഇടപെടല്‍ കൂടിയാണ്.
Content Highlight: We Won’t Ship Weapons for War: Dockworkers Around the World Stand with Gaza and Iran; 15 Indian Ports Join the Protest
