ലണ്ടന്‍: സ്വീഡിഷ് കാലാവസ്ഥാ വിദഗ്ധനും ഫലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റുമായ ആന്‍ഡ്രിയാസ് മാല്‍മിന് യു.കെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ലണ്ടനില്‍ നടക്കാനിരിക്കുന്ന ഒരു പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കാനിരിക്കെയാണ് യു.കെയുടെ പ്രവേശന വിലക്കെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

മാല്‍മിന്റെ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇ.ടി.എ)  യു.കെ ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച റദ്ദാക്കി. ‘ഹൗ ടു ബ്ലോ അപ്പ് എ പൈപ്പ്ലൈന്‍’ എന്ന പുസ്തകത്തിന്റെ രചയിതാവും കാലാവസ്ഥാ വിഷയങ്ങളില്‍ വിദഗ്ധനുമാണ് ആന്‍ഡ്രിയാസ് മാല്‍മ്. തന്റെ സാന്നിധ്യം യുകെയുടെ ‘പൊതുനന്മയ്ക്ക് ഗുണകരമാകില്ല’ എന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി മാല്‍മ് പറഞ്ഞു. ഈ തീരുമാനത്തെ ‘അങ്ങേയറ്റം അപലപനീയം’ എന്നു വിശേഷിപ്പിച്ച അദ്ദേഹം, സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

സോഷ്യലിസ്റ്റ് മാസികയായ ‘ട്രിബ്യൂണ്‍’ സംഘടിപ്പിക്കുന്ന ഒരു പാനല്‍ ചര്‍ച്ചയില്‍ മാല്‍മിന് പങ്കെടുക്കേണ്ടതുണ്ടായിരുന്നു. ‘ഫലസ്തീന്‍ ആക്ഷന്‍’ എന്ന സംഘടനയുടെ സഹസ്ഥാപകയായ ഹുദ അമോറിയും ഇതില്‍ പങ്കെടുക്കുന്നുണ്ട്. ‘പലസ്തീന്‍ ആക്ഷന്‍’ സംഘടനയെ ഒരു ‘ഭീകര’ സംഘടനയായി മുദ്രകുത്തി യു.കെ നിരോധിച്ചിരിക്കുകയാണ്.

അമോറിക്കൊപ്പം താന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതാണ് ഈ നടപടിക്ക് കാരണമെന്ന് മാല്‍മ് കരുതുന്നുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘പതിറ്റാണ്ടുകളായി ഞാന്‍ പതിവായി യു.കെ സന്ദര്‍ശിക്കാറുണ്ട്. പലസ്തീന്‍ വിഷയത്തിലുള്ള എന്റെ നിലപാട് എപ്പോഴും പരസ്യമായ ഒന്നാണ്,’ എന്ന് മാല്‍മ് പറഞ്ഞതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

സ്വീഡനിലെ ലണ്ട് സര്‍വകലാശാലയില്‍ ഹ്യൂമന്‍ ഇക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് മാല്‍മ്. അടുത്ത ആഴ്ചയാണ് ‘ട്രിബ്യൂണ്‍’ മാഗസിന്‍ സംഘടിപ്പിക്കുന്ന സമ്മേളനം. ‘യു.എസിന്റെ ആഗോള ഭീകരവാഴ്ചയും അതിനെ ശക്തിപ്പെടുത്തുന്നതില്‍ ബ്രിട്ടനുള്ള പങ്കും’ എന്നതായിരുന്നു സമ്മേളന വിഷയം.

‘ഫലസ്തീന്‍ ആക്ഷന്‍’ സംഘടനയ്ക്കുള്ള പിന്തുണയുടെ പേരില്‍ എഴുത്തുകാരി സാലി റൂണിയുടെ പുസ്തകങ്ങളുടെ വില്‍പന യു.കെയില്‍ നിരോധിച്ചതും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും ഈ സമ്മേളനത്തില്‍ ചര്‍ച്ചയാവുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. മാല്‍മിന് പ്രവേശനം നിഷേധിച്ചതിനെ സാലി റൂണി വിമര്‍ശിച്ചിട്ടുണ്ട്. മാല്‍മിന് പ്രവേശനം നിഷേധിച്ചതിലൂടെ സാംസ്‌കാരികമായി സ്വയം നശിപ്പിക്കുന്ന ഒരു നടപടിയാണ് യു.കെ സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് സാലി റൂണി പറഞ്ഞു.

മാല്‍മിനെ വിലക്കിയതിനെ ‘ട്രിബ്യൂണ്‍’ എഡിറ്റര്‍ ഒലിവര്‍ ഈഗിള്‍ട്ടണും അപലപിച്ചു. കീര്‍ സ്റ്റാര്‍മറുടെ കാലത്ത് കണ്ട അതേ സ്വേച്ഛാധിപത്യപരമായ നടപടികള്‍ ആന്‍ഡി ബര്‍ണഹാമിന്റെ ഭരണകൂടവും തുടരുന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഫലസ്തീന്‍ ആക്ഷന്‍ സംഘടനയെ നിരോധിച്ചതിലൂടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കാനാണ് ആന്‍ഡ്രിയാസ് ലണ്ടനിലേക്ക് വരാനിരുന്നത്. സാലി റൂണിയുടെ പുസ്തകങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അദ്ദേഹം ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് തന്നെ വിലക്ക് നേരിടേണ്ടി വന്നിരിക്കുന്നുവെന്നും ഈഗിള്‍ട്ടണ്‍ പറഞ്ഞു.

സെന്‍സര്‍ഷിപ്പിനെതിരെ സംസാരിച്ചതിന് അദ്ദേഹത്തെയും സെന്‍സര്‍ ചെയ്തിരിക്കുന്നു. ഇതൊരു യഥാര്‍ത്ഥ ‘ഓര്‍വെലിയന്‍’ അവസ്ഥയാണ്. വംശഹത്യ നേരിടുന്ന ഫലസ്തീനികളെ പിന്തുണയ്ക്കുന്നവരും, ആ വംശഹത്യയ്ക്കെതിരെ പ്രതിഷേധിക്കുന്നവരും ബ്രിട്ടനില്‍ തീവ്രവാദികളായി മുദ്രകുത്തപ്പെടുന്ന ഒരു ഭയാനകമായ അവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം ആദ്യം, അമേരിക്കന്‍ ഇടതുപക്ഷ നിരീക്ഷകരായ സെങ്ക് ഉയ്ഗൂര്‍, ഹസന്‍ പിക്കര്‍ എന്നിവര്‍ക്കും യു.കെയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. അവരുടെ സാന്നിധ്യം ‘പൊതുനന്മയ്ക്ക് ഗുണകരമാകില്ല’ എന്ന് പറഞ്ഞായിരുന്നു ഈ നടപടി.

Content Highlight: UK Home Office Cancels Andreas Malm’s ETA Before London Panel With Palestine Action