ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു സിനിമക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പ്രൊജക്ടിന് ഇന്ന് തുടക്കം കുറിച്ചു. L 368 എന്ന് താത്കാലികമായി ടൈറ്റില്‍ നല്‍കിയ പ്രൊജക്ടില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്.

താരനിബിഡമായ ചടങ്ങിലായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ടൊവിനോ തോമസ്, ആന്റണി വര്‍ഗീസ് പെപ്പെ, സത്യന്‍ അന്തിക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു. മോഹന്‍ലാലിനൊപ്പം ഒരുപിടി മികച്ച സിനിമകളൊരുക്കിയ സത്യന്‍ അന്തിക്കാടിന്റെ വാക്കുകളാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.

സത്യൻ അന്തിക്കാട്. Photo. Screen Grab/ Youtube

മോഹന്‍ലാലിന്റെ 368ാമത്തെ സിനിമയാണിതെന്നും അതില്‍ 20 എണ്ണം തന്റെയൊപ്പമാണെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ഇപ്പോള്‍ തന്റെ മകനും മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യുന്നത് അഭിമാനം നല്‍കുന്ന കാര്യമാണെന്നും താന്‍ ചെയ്യാനിരിക്കുന്ന അടുത്ത സിനിമ മോഹന്‍ലാലിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അഖിലിന്റെയും അനൂപിന്റെയും സിനിമയുടെ പൂജയോ മറ്റ് ചടങ്ങുകളോ ഉണ്ടെങ്കില്‍ ഞാന്‍ സാധാരണ അതില്‍ പങ്കെടുക്കാറില്ല. ഇന്ന് ഇവിടെ വന്നത് ആന്റണി വിളിച്ചിട്ടാണ്. അതുപോലെ ഇതിന്റെ കോ പ്രൊഡ്യൂസര്‍ ബിനു അലക്‌സാണ്ടര്‍ എന്റെ അടുത്ത സുഹൃത്താണ്. അതുകൊണ്ട് ഈ ചടങ്ങ് ഒഴിവാക്കാനായില്ല. പിന്നെ അനൂപിനെക്കുറിച്ച് പറയുമ്പോള്‍ കുട്ടിക്കാലത്ത് തന്നെ അവന്‍ മോഹന്‍ലാലിന്റെ വലിയ ഫാനായിരുന്നു.


ആ സമയത്ത് ഞാനും ലാലും തമ്മില്‍ സിനിമ ചെയ്യാത്ത കാലമായിരുന്നു. 12 വര്‍ഷത്തോളം ആ ഗ്യാപ്പ് നീണ്ടുനിന്നു. ആ സമയത്ത് ഞാന്‍ ഏത് സിനിമ ചെയ്താലും അനൂപ് വന്നിട്ട് ‘ഈ സിനിമയില്‍ ലാലേട്ടനുണ്ടോ ‘ എന്ന് ചോദിക്കും. ഇല്ലെന്ന് ഞാന്‍ പറയും. അത് കേട്ട് അവന്‍ മിണ്ടാതെ പോകും. അടുത്ത സിനിമക്ക് മുമ്പും ഇതേ ചോദ്യം ചോദിക്കും. ഇല്ലെന്ന് ഞാന്‍ പറയുമ്പോള്‍ വീണ്ടും മിണ്ടില്ല. സന്ദേശം, പൊന്മുട്ടയിടുന്ന താറാവ് പോലുള്ള പടങ്ങളൊക്കെ ആ സമയത്ത് ചെയ്തതാണ്.

അപ്പോഴും മോഹന്‍ലാലിനെ വെച്ച് പടമെടുക്കാത്തതില്‍ അവന് പിണക്കമായിരുന്നു. ഒരുതവണ വീട് വിട്ട് പോകാനൊക്കെ നിന്നതായിരുന്നു. ഇന്ന് അതേ അനൂപ് ലാലിനെ വെച്ച് സിനിമ ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷമാണ്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.


മോഹന്‍ലാലിനൊപ്പം വലിയ താരനിര L368ല്‍ അണിനിരക്കുന്നുണ്ട്. മുകേഷ്, സംഗീത് പ്രതാപ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ജേക്‌സ് ബിജോയ്‌യാണ് ചിത്രത്തിന്റെ സംഗീതം. 2027 മാര്‍ച്ചിലോ ഏപ്രിലിലോ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Sathyan Anthikkad shares old stories of Anoop Sathyan