ജാതികൊലകളെയും ആൺമേധാവിത്തത്തെയും ലിംഗരാഷ്ട്രീയത്തെയും കൃത്യമായ് അടയാളപ്പെടുത്തിയ ചുരുക്കം ചില സിനിമകളിലൊന്നാണ് കാർത്തിക് സുബ്ബരാജിന്റെ ഡൊറോത്തി. സിനിമയുടെ രാഷ്ട്രീയത്തിലൂടെ പ്രേക്ഷക മനസുകളിലേക്ക് മാറ്റത്തിന്റെ ഒരു കണിക കൊണ്ടുവരാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. സനന്ത്, കീർത്തി സുരേഷ്, റിഷികാന്ത്‌ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിലെ സുബ്ബു എന്ന കഥാപാത്രമായാണ് സനന്ത് വേഷമിട്ടത്. ആദ്യ പകുതിയിൽ ആൺകുട്ടിയായും രണ്ടാം പകുതിയിൽ ട്രാൻസ് വുമണുമായുള്ള താരത്തിന്റെ പ്രകടനം ഏറെ പ്രശംസകൾ ഏറ്റു വാങ്ങിയിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ചും ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ചും അത് തെരഞ്ഞെടുക്കാനുണ്ടായ കാരണത്തെ പറ്റിയും പറയുകയാണ് സനന്ത്. സുധീർ ശ്രീനിവാസൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

താൻ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സിനിമകൾ തുടർച്ചയായി മാറ്റിവയ്ക്കപ്പെട്ട സമയത്താണ് ഡൊറോത്തിയുടെ കഥ കേട്ടതെന്നാണ് സനന്ത് പറയുന്നത്. ഇതുപോലൊരു വേഷം അവതരിപ്പിക്കാൻ അവസരം ലഭിക്കുക എന്നത് ജീവിതത്തിൽ സംഭവിക്കാവുന്ന ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്നാണെന്ന് താൻ ആത്മാർത്ഥമായി വിശ്വസിക്കുന്നുവെന്നും താരം പറഞ്ഞു.

ഡൊറോത്തി.Photo.Screen Grab/Instagram.com

‘ഇത്തരമൊരു വേഷം ലഭിക്കുക എന്നത് വളരെ അപൂർവ്വമായ കാര്യമാണ്, എല്ലാവർക്കും അനായാസം ലഭിക്കുന്ന ഒന്നല്ല ഇത്. എന്റെ കാര്യമെടുത്താൽ ജീവിതത്തിൽ എന്നെത്തന്നെ തെളിയിക്കാൻ അതിയായി ആഗ്രഹിച്ചിരുന്ന ഒരു ഘട്ടത്തിലായിരുന്നു എനിക്കിത് ലഭിച്ചത്.
അതുകൊണ്ട് ഈ പ്രോജക്റ്റ് ലഭിച്ചപ്പോൾ ഇതിലൂടെ എനിക്ക് സ്വയം തെളിയിക്കണമെന്ന ശക്തമായ ആഗ്രഹം തോന്നി. ഒരു നടനായി മാറാനും എനിക്കായി ഒരിടം നേടിയെടുക്കാനുമുള്ള അവസരമായാണ് ഞാൻ ഇതിനെ കണ്ടത്.

ലോകത്തോട് മുഴുവൻ ഞാൻ ആരാണെന്ന് കാണിച്ചുകൊടുക്കുക എന്നതായിരുന്നില്ല ഇതിന്റെ ലക്ഷ്യം, മറിച്ച് ഈ പ്രോജക്റ്റിലൂടെ എന്റെ കഴിവ് തെളിയിക്കാൻ കഴിയുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. യഥാർത്ഥത്തിൽ ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ആ വേഷം ചെയ്യുമ്പോൾ എനിക്കുണ്ടായിരുന്നില്ല, പ്രകടനത്തിന്റെ കാര്യത്തിൽ തീർച്ചയായും ഇല്ലായിരുന്നു’, നടൻ പറഞ്ഞു.

സിനിമ ചെയ്യുമ്പോൾ ഒരു ഊർജ്ജം തന്നെ നയിക്കുന്നുണ്ടെന്ന് താൻ വിശ്വസിച്ചു തുടങ്ങിയെന്നും അതിനെ എന്ത് പേരിട്ടാണ്‌ വിളിക്കണ്ടതെന്ന് തനിക്ക് അറിയില്ലെന്നും താരം കൂട്ടിച്ചേർത്തു. തന്നിലൊരു സ്ത്രീത്വമുണ്ടെന്നും അതുപോലെ എല്ലാവരിലും അതുണ്ടെന്നും ഇതുവരെ ഒരു സിനിമയിലും ആരും അത് ശരിയായ രീതിയിൽ പകർത്തിയിട്ടോ അവതരിപ്പിച്ചിട്ടോ ഇല്ലെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും നടൻ പറഞ്ഞു. അതുകൊണ്ട് തന്നെ തമിഴ് സിനിമയുടെ പശ്ചാത്തലത്തിൽ ഇതൊരു അവസരമായാണ് തനിക്ക് തോന്നിയതെന്നും താരം വ്യക്തമാക്കി.

Content Highlight: Sananth stated that he faced no difficulties playing the role, as he believes everyone has a feminine side.