ഒട്ടാവ: ഗസയിലും പശ്ചിമേഷ്യയിലും തുടരുന്ന സൈനിക നടപടികളില്‍ കനേഡിയന്‍ തൊഴിലാളികള്‍ ഇനി പങ്കാളികളാകില്ലെന്ന് പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ കേന്ദ്ര തൊഴിലാളി സംഘടനയായ കനേഡിയന്‍ ലേബര്‍ കോണ്‍ഗ്രസ് (സി.എല്‍.സി). ഇസ്രഈലിലേക്ക് പോകുന്ന എല്ലാത്തരം ആയുധങ്ങളും സൈനിക സാമഗ്രികളും കൈകാര്യം ചെയ്യുന്നത് പൂര്‍ണമായി ബഹിഷ്കരിക്കാന്‍ തങ്ങളുടെ തൊഴിലാളികളോട് സംഘടന ഔദ്യോഗികമായി ആഹ്വാനം ചെയ്തു.
രാജ്യത്തുടനീളമുള്ള മുപ്പത് ലക്ഷത്തിലധികം തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന സംഘടന ഒക്ടോബര്‍ 29നാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. ഫലസ്തീനിലെ സാധാരണക്കാരായ തൊഴിലാളികളോടും അവരുടെ കുടുംബങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഈ തീരുമാനം.
കാനഡയിലെ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ട്രാന്‍സ്പോര്‍ട്ട് മേഖലകള്‍ എന്നിവടങ്ങളില്‍ ജോലി ചെയ്യുന്ന യൂണിയന് അംഗങ്ങള്‍ ഇനി മുതല്‍ ഇസ്രഈലിലേക്ക് പോകുന്ന സൈനിക കാര്‍ഗോകള്‍ കയറ്റുകയോ, ഇറക്കുകയോ, ട്രാന്‍സ്പോര്‍ട്ട് ചെയ്യുകയോ ചെയ്യില്ലെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ലംഘിക്കാന്‍ കാനഡയില്‍ നിര്‍മിക്കുന്ന ആയുധങ്ങള്‍ ഉപയോഗിക്കരുതെന്നും് യൂണിയന് വ്യക്തമാക്കി.
കനേഡിയന്‍ സര്‍ക്കാരും ഇത് ചെയ്യണമെന്നും ഇസ്രഈലിലേക്കുള്ള ആയുധങ്ങളുടെയും സൈനിക ഉപകരണങ്ങളുടെയും നേരിട്ടുള്ളതും പരോക്ഷവുമായ എല്ലാ കൈമാറ്റങ്ങളും എല്ലാ കൈമാറ്റങ്ങളും അവസാനിപ്പിക്കണമെന്നും സംഘടന പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ആയുധ ഉപരോധം പ്രഖ്യാപിച്ചതായി സര്‍ക്കാര്‍ പറയുമ്പോഴും, മറ്റ് രാജ്യങ്ങള്‍ വഴി കനേഡിയന്‍ കമ്പനികളുടെ ആയുധ ഭാഗങ്ങളും യുദ്ധോപകരണങ്ങളും ഇസ്രഈലിലേക്ക് എത്തുന്നുണ്ടെന്ന ഗവേഷകരുടെ കണ്ടെത്തലുകളെ തുടര്‍ന്നാണ് യൂണിയന്റെ ഈ കര്‍ശനമായ ഇടപെടല്‍.
ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിന് എതിരെയും, ഇറാഖ് യുദ്ധത്തിന് എതിരെയും കനേഡിയന്‍ തൊഴിലാളികള്‍ പണ്ട് സമാനമായ രീതിയില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. അതേ മാതൃകയില്‍ ഫലസ്തീനിലെ വംശഹത്യയും നിയമവിരുദ്ധമായ അധിനിവേശങ്ങളും തടയാന്‍ തൊഴിലാളികളുടെ അധ്വാനം ഉപയോഗിക്കില്ലെന്ന നിലപാടിലാണ് സംഘടനകളായ ‘ലേബര്‍ ഫോര്‍ ഫലസ്തീന്’ അടക്കമുള്ളവര്‍.
കൂടാതെ, ഇസ്രഈലിലെ ഔദ്യോഗിക ട്രേഡ് യൂണിയനായ ‘ഹിസ്റ്റാദ്രതുമായി’ ദശാബ്ദങ്ങളായുള്ള ബന്ധം ഉപേക്ഷിക്കാനും ഈ വര്‍ഷം ആദ്യം കനേഡിയന്‍ ലേബര്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു.
കാനഡയിലെ ഈ നീക്കം ആഗോളതലത്തില്‍ നടക്കുന്ന വലിയൊരു തൊഴിലാളി മുന്നേറ്റത്തിന്റെ ഭാഗമാണ്. ഒക്ടോബര്‍ 30-ലെ ‘ഇന്റര്‍നാഷണല്‍ ഡേ ഓഫ് ആക്ഷന്‍ ഓഫ് ഡോക്ക് വര്‍ക്കേഴ്സിന്റെ’ ഭാഗമായി ഫ്രാന്‍സ്, ഗ്രീസ്, ഇന്ത്യ, അമേരിക്ക (ന്യൂജേഴ്സി പോര്‍ട്ട്) ഉള്‍പ്പെടെയുള്ള 22-ലധികം രാജ്യങ്ങളിലെ നൂറോളം തുറമുഖങ്ങളില്‍ തൊഴിലാളികള്‍ ഇസ്രായേലിലേക്കുള്ള ആയുധക്കപ്പലുകള്‍ തടയാനും തൊഴില്‍ ബഹിഷ്കരിക്കാനും വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു വരികയാണ്.
Content Highlight: Solidarity with Palestinians: Canadian Labour Union Boycotts Military Cargoes Bound for Israel
