സൗദി പ്രൊ ലീഗിൽ അൽ ഖുലൂദിനെതിരെ തകർപ്പൻ വിജയമായിരുന്നു അൽ നസർ സ്വന്തമാക്കിയിരുന്നത്. റിയാദിലെ അൽ അവാൽ പാർക്കിൽ നടന്ന പോരാട്ടത്തിൽ 5-3നാണ് അൽ നസറിന്റെ വിജയം. ഹാട്രിക് നേടി തിളങ്ങിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരുത്തിലാണ് അൽ നസർ തകർപ്പൻ വിജയം കൈപ്പിടിയിലാക്കിയത്.
മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു പോർച്ചുഗീസ് ഇതിഹാസത്തിന്റെ ഹാട്രിക് നേട്ടം. 66, 72, 81 എന്നീ മിനിട്ടുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ പിറന്നത്. തന്റെ കരിയറിലെ 67ാം ഹാട്രിക്കാണ് റൊണാൾഡോ അടിച്ചെടുത്തത്.
തന്റെ ഫുട്ബോൾ കരിയറിൽ പെർഫെക്റ്റ് ഹാട്രിക്കിന്റെ എണ്ണം 11 ആക്കി ഉയർത്താനും റൊണാൾഡോക്ക് സാധിച്ചു. ഇടത് കാൽ കൊണ്ടും വലത് കാൽ കൊണ്ടും ഹെഡർ കൊണ്ടും ഗോൾ നേടി ഹാട്രിക് പൂർത്തിയാക്കുന്നതിനെയാണ് പെർഫെക്റ്റ് ഹാട്രിക് എന്ന് വിശേഷിപ്പിക്കുന്നത്. ഈ മത്സരത്തിൽ റൊണാൾഡോ നേടിയ മൂന്ന് ഗോളുകളും ഇത്തരത്തിലാണ് നേടിയിരുന്നത്.

മറ്റൊരു താരവും ഈ റെക്കോഡിൽ രണ്ടക്കം കടന്നിട്ടില്ലെന്നതും എടുത്തുപറയണം. അർജന്റൈൻ ഇതിഹാസമായ ലയണൽ മെസിക്ക് ഒരിക്കൽപോലും തന്റെ കരിയറിൽ പെർഫെക്റ്റ് ഹാട്രിക് നേടാൻ സാധിച്ചിട്ടില്ലെന്നതും ഏറെ കൗതുകകരമാണ്.
67 ഹാട്രിക് നേട്ടത്തിൽ അൽ നസറിനൊപ്പമുള്ള റൊണാൾഡോയുടെ പത്താം ഹാട്രിക്കായിരുന്നു ഇത്. റൊണാൾഡോ ഏറ്റവും കൂടുതൽ ഹാട്രിക് നേടിയത് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന് വേണ്ടിയാണ്. 44 തവണയാണ് താരം ഈ നേട്ടത്തിലെത്തിയത്. പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി 10 ഹാട്രിക്കുകൾ നേടിയ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ് എന്നീ ടീമുകൾക്ക് വേണ്ടി മൂന്ന് വീതം ഹാട്രിക്കുകളും സ്വന്തമാക്കി.
മത്സരത്തിലെ മൂന്ന് ഗോളോടെ ഫുട്ബോളിലെ തന്റെ ഗോൾ നേട്ടം 985 ആക്കി ഉയർത്താനും റൊണാൾഡോക്ക് സാധിച്ചു. 15 ഗോളുകൾ കൂടി എതിർ ടീമുകളുടെ വലയിലെത്തിച്ചാൽ ആയിരം ഗോളുകളെന്ന ചരിത്രനേട്ടത്തിലേക്കും റൊണാൾഡോക്ക് നടന്നുകയറാൻ സാധിക്കും.
അതേസമയം മത്സരത്തിൽ പോർച്ചുഗൽ താരം ജാവോ ഫെലിക്സ് നാല് അസിസ്റ്റുകൾ നേടി അൽ നസറിന്റെ വമ്പൻ വിജയത്തിൽ പങ്കാളിയായി. എയ്ഞ്ചലോ ഗബ്രിയേൽ, സാദിയോ മാനെ എന്നിവരാണ് ടീമിന്റെ മറ്റ് ഗോൾ സ്കോറർമാർ.
അൽ ഖുലൂദിന് വേണ്ടി ജൂലിയൻ ഡൊമിങ്സ് ഇരട്ട ഗോൾ നേടി തിളങ്ങിയപ്പോൾ ആന്റോയിൻ എസ്സോംബ ഒരു ഗോളും സ്വന്തമാക്കി.
Content Highlight: Cristiano Ronaldo historical record in hattrick goals
