മലയാളം, തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ലിജോമോൾ ജോസ്. 2016-ൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം. ശേഷം കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്സ്, പൊന്മാൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. 2021-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ജയ് ഭീമി ലെ സെങ്കനി എന്ന കഥാപാത്രത്തിലൂടെയുള്ള നടിയുടെ പ്രകടനം മികച്ച പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയിരുന്നു.
വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി-ഡ്രാമ ഴോണറിലുള്ള ചിത്രമാണ് ‘ബത്ത’. ചിത്രത്തിൽ വിജയ് സേതുപതിയുടെ ഭാര്യയായ കണ്ണിമ എന്ന കഥാപാത്രതയെയാണ് ലിജോമോൾ അവതരിപ്പിക്കുന്നത്. ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചതോടെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ലിജോമോൾ. Photo. Screen Grab/ Youtube
ഇപ്പോഴിതാ നല്ല തിരക്കഥയുടെ ഭാഗമാകാനാണ് എപ്പോഴും പ്രാധാന്യം നൽകുന്നതെന്ന് തുറന്നു പറയുകയാണ് നടി ലിജോമോൾ ജോസ്. ഇതുവരെ ചെയ്ത സിനിമകളിൽ കൂടുതലും കണ്ടന്റ്, പെർഫോമൻസ് എന്നിവയ്ക്ക് പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് ലഭിച്ചതെന്നും ഇനി കുറച്ചുകൂടി ഹ്യൂമറിന് പ്രാധാന്യമുള്ള സിനിമകളുടെ ഭാഗമാകാനാണ് ആഗ്രഹമെന്നും ലിജോമോൾ ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘കട്ടപ്പനയിലെ ഹൃതിക് റോഷൻ’ എന്ന സിനിമയ്ക്ക് ശേഷം തനിക്ക് ലഭിച്ച കഥാപാത്രങ്ങളെല്ലാം കൂടുതലും ഗൗരവമുള്ളവയായിരുന്നുവെന്നും ലിജോമോൾ പറയുന്നു. പ്രത്യേകിച്ച് ‘ജയ് ഭീം’ സിനിമയ്ക്ക് ശേഷം അത്തരം കഥാപാത്രങ്ങൾ വീണ്ടും ചെയ്യാൻ താത്പര്യമില്ലെന്നും നടി വ്യക്തമാക്കി.
‘ഞാൻ ചെയ്യുന്ന സിനിമകളിലെല്ലാം കുറച്ചുകൂടി സീരിയസായിട്ടുള്ള കഥാപാത്രങ്ങളാണ് കൂടുതലും വരുന്നത്. അതിൽനിന്ന് മാറി, എനിക്ക് തന്നെ ചിരിച്ചുകൊണ്ട് കണ്ടിറങ്ങാൻ പറ്റുന്ന സിനിമയുടെ ഭാഗമാകണമെന്നുണ്ട്. ‘ബത്ത’യിലും പലയിടത്തും ഞാൻ ചിരിക്കുന്നുണ്ട്. എന്റെ കഥാപാത്രവും കുറച്ചുകൂടി ലൈറ്റർ നോട്ടിലുള്ളതാകണമെന്ന് ആഗ്രഹമുണ്ട്,’ ലിജോമോൾ പറഞ്ഞു.
‘ജയ് ഭീം’ പോലുള്ള സിനിമകൾക്ക് ശേഷം സമാനമായ കഥാപാത്രങ്ങൾ വീണ്ടും ചെയ്യുന്നതിനോട് താത്പര്യമില്ലെന്നും അത്തരം വേഷങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ട് പലരും സമീപിക്കാറുണ്ടെന്നും താരം പറയുന്നു. ഒരിക്കൽ അത്തരമൊരു കഥാപാത്രം ചെയ്തുകഴിഞ്ഞാൽ വീണ്ടും അതേ രീതിയിൽ ചെയ്യാൻ താത്പര്യമില്ലെന്നും ലിജോമോൾ വ്യക്തമാക്കി.

ലിജോമോൾ ജോസ്.Photo. Screen Grab/ Youtube
‘ചിരിയല്ലാത്ത എന്റെ മറ്റ് ഭാവങ്ങളാണ് ആളുകൾ കൂടുതലായി കണ്ടിട്ടുള്ളത്. എനിക്ക് കൂടുതൽ കോൺഫിഡൻസുള്ള ഏരിയയും അതാണ്. എന്നാൽ ഹ്യൂമർ എനിക്ക് എന്നെത്തന്നെ എക്സ്പ്ലോർ ചെയ്യാൻ ആഗ്രഹമുള്ള മേഖലയാണ്. ഒരുപാട് ചിരിപ്പിക്കുന്ന കഥാപാത്രങ്ങൾ എന്നല്ല, ചെറുതായെങ്കിലും ചിരി വരുന്ന വേഷങ്ങൾ ചെയ്യണമെന്നുണ്ട്. കരച്ചിൽ ഇല്ലാത്ത റോളുകളും ചെയ്യണമെന്നാണ് ആഗ്രഹം,’ ലിജോമോൾ കൂട്ടിച്ചേർത്തു.
Content Highlight: Actress Lijomol Jose openly states that she always prioritizes being part of a good screenplay
