750 കോടിയും കടന്ന് മുന്നേറുകയാണ് രജിനികാന്ത് നായകനായ ജയിലർ 2. ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രമായി ഇതിനോടകം മാറിയ ജയിലർ 2 ഒപ്പം ഒട്ടനവധി റെക്കോഡുകളും തങ്ങളുടെ പേരിലാക്കിയിരുന്നു. കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം എന്ന നേട്ടവും നെൽസൺ സംവിധാനം ചെയ്ത ചിത്രം സ്വന്തമാക്കിയിരുന്നു.

സൂപ്പർതാരം മോഹൻലാലിനൊപ്പം ഹക്കീം ഷാ, സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രാജൻ, സുനിൽ സുഖദ, മിർണ തുടങ്ങി ഒരുപിടി മലയാളി അഭിനേതാക്കളായിരുന്നു ചിത്രത്തിൽ വേഷമിട്ടത്. ജയിലർ 2 ന്റെ റിലീസിന് മുമ്പ് തന്നെ ശ്രദ്ധേയായ മറ്റൊരു മലയാളി താരം ഷംന കാസിമായിരുന്നു. അനിരുദ്ധിന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങിയ അല്ല ബോലെലോ എന്ന ഗാനത്തിന് നൃത്തച്ചുവടുകൾ വെച്ചുകൊണ്ടായിരുന്നു ഷംന സിനിമാ ലോകത്ത് ട്രെൻഡ് സൃഷ്ടിച്ചത്.

ഷംന കാസിം. Photo. Screen Grab/ Youtube. Facebook.com

ഇപ്പോഴിതാ സിനിമയിലെ സ്പെഷ്യൽ സോങുകളിലും ഡാൻസ് പെർഫോമൻസുകളിലും ശരീരവണ്ണം ഒരു പ്രശ്നമല്ലെന്ന് പറയുകയാണ് നടി ഷംന കാസിം. തന്റെ ശരീരത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നേരിടേണ്ടിവന്ന ബോഡി ഷെയ്മിങ് കമന്റുകളെക്കുറിച്ചും താരം തുറന്നുപറഞ്ഞു. ‘കുർച്ചി മടത്തപെട്ടി’ എന്ന ഗാനത്തിൽ അഭിനയിച്ച സമയത്ത് തനിക്ക് ഇപ്പോഴത്തേക്കാൾ ശരീരവണ്ണമുണ്ടായിരുന്നുവെന്നും അന്ന് ബോഡി ഷെയ്മിങ് നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഷംന മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘സിനിമയിൽ സ്പെഷ്യൽ സോങ് ചെയ്യുന്നത് പണ്ടുമുതലേയുള്ള കാര്യമാണ്. സാധാരണ ഇത്തരം പാട്ടുകളെ ഐറ്റം സോങ് എന്നാണ് വിളിക്കാറുള്ളത്. പക്ഷേ ജയിലെറിൽ ഞാൻ ചെയ്തിരിക്കുന്നത് ഒരു സ്പെഷ്യൽ സോങ് തന്നെയാണ്. കോസ്റ്റ്യൂമും മറ്റും വ്യത്യസ്തമായ രീതിയിലാണ് ഇതിലുള്ളത്. സ്പെഷ്യൽ സോങ് ചെയ്യുന്നത് എനിക്ക് എപ്പോഴും പേടിയുള്ള കാര്യമാണ്. ചില കോസ്റ്റ്യൂമുകൾ എല്ലാവർക്കും ഒരുപോലെ ചേരണമെന്നില്ല. അതിനെ കുറ്റം പറയുന്നതല്ല, ഓരോരുത്തർക്കും ചേരുന്ന വസ്ത്രങ്ങൾ വ്യത്യസ്തമായിരിക്കും. ഈ പാട്ട് വേറിട്ട രീതിയിലാണ് ഒരുക്കിയിരിക്കുന്നത്,’ ഷംന പറഞ്ഞു.

‘കുർച്ചി മടത്തപെട്ടി’ എന്ന ഗാനത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് കൂടുതൽ ശരീരവണ്ണമുണ്ടായിരുന്നുവെന്നും ഗാനം പുറത്തിറങ്ങുമ്പോൾ ബോഡി ഷെയ്മിങ് കമന്റുകൾ വരുമെന്ന് കരുതിയിരുന്നുവെന്നും താരം ഓർത്തെടുത്തു. എന്നാൽ ആളുകൾ പാട്ട് ആസ്വദിക്കാൻ തുടങ്ങിയതോടെ തന്റെ ആശങ്ക മാറിയെന്നും ഷംന പറഞ്ഞു.

‘ഒരു ഡാൻസറാണെങ്കിൽ എപ്പോഴും ഫിറ്റായിരിക്കണം എന്നൊരു ധാരണയുണ്ട്. പക്ഷേ ഒരാളുടെ ശരീരവണ്ണം എന്നത് അയാൾ ശരീരത്തെ എങ്ങനെ കൊണ്ടുനടക്കുന്നു എന്നതിന്റെ ഭാഗമാണ്. എല്ലാവരും സ്ലിം ആയിരിക്കണമെന്ന് പറയുന്നതിൽ കാര്യമില്ല. ആരോഗ്യമാണ് പ്രധാനം. സ്ലിം ആയിരുന്നിട്ട് ആരോഗ്യമില്ലെങ്കിൽ എന്താണ് കാര്യം? ശരീരവണ്ണം കൂടിയതുകൊണ്ട് ഒരാളുടെ കഴിവ് കുറയുന്നില്ല,’ താരം വ്യക്തമാക്കി.

പാട്ട് പുറത്തിറങ്ങിയ സമയത്ത് സോഷ്യൽ മീഡിയയിൽ നിന്ന് മോശം കമന്റുകൾ നേരിടേണ്ടിവന്നതായും ഷംന പറഞ്ഞു.

ഷംന കാസിം. Photo. Screen Grab/ Youtube. Facebook.com

‘കമന്റ് ബോക്സിൽ ഒരുപാട് ബോഡി ഷെയ്മിങ് കമന്റുകൾ വായിച്ചിട്ടുണ്ട്. എന്നെ പന്നിയെന്നുവരെ വിളിച്ചിട്ടുണ്ട്. സ്ത്രീകൾ വിവാഹം കഴിച്ച് കുട്ടികളായിക്കഴിയുമ്പോൾ അവരുടെ ശരീരത്തിലും ജീവിതത്തിലും മാറ്റങ്ങൾ വരാം. അതിനനുസരിച്ച് അവർക്കൊരു ഗ്രേസും ഉണ്ടാകും. അതാണ് പ്രധാനം. ഡാൻസിനോ മറ്റേതെങ്കിലും കാര്യത്തിനോ ശരീരവണ്ണം ഒരു തടസമല്ല. അത് ഒരിക്കലും പെർഫോമൻസിനെ ബാധിക്കണമെന്നില്ല,’ ഷംന കാസിം കൂട്ടിച്ചേർത്തു.

Content Highlight: Actress Shamna Kasim states that body size is not an issue when it comes to special songs and dance performances in films.