തിരുവനന്തപുരം: എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീതി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ വളര്‍മതിയെ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പിന്നാലെ സമരം കടുപ്പിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ തീരുമാനിച്ചു. സമരം നടത്തുന്ന ഉദ്യോഗാര്‍ഥികള്‍ കൂട്ട നിരാഹാര സമരം പ്രഖ്യാപിച്ചു.
സമരപന്തലിലിരുന്ന വളര്‍മതി അടക്കമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. സമരത്തിന് നേതൃത്വം നല്കിയ വളര്‍മതിയെ ഒന്നാം പ്രതിയാക്കിക്കൊണ്ടായിരുന്നു കേസ്. തിരിച്ചറിഞ്ഞ മറ്റ് എട്ട് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും കേസുണ്ട്. സെക്രട്ടറിയേറ്റ് മെയിന്‍ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസ്. പൊതുജനങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയെന്നാണ് എഫ്.ഐ.ആറില്‍ ആരോപിക്കുന്നു.
നിരാഹാര സമരത്തെത്തുടര്‍ന്ന് വളര്‍മതിയുടെ ആരോഗ്യനില മോശമായിരുന്നു. തലമുണ്ഡനം ചെയ്ത് ആരംഭിച്ച നിരാഹാരം ആറാം ദിവസം പിന്നിടുന്നതിനിടെയാണ് ഇവരെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. അധ്യാപക-വിദ്യാര്‍ത്ഥി അനുപാതത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാതെ വന്നതോടെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സമരം ആരംഭിക്കുകയായിരുന്നു.
2025 മെയ് 31ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വളരെ കുറച്ച് മാത്രമാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. പല ജില്ലകളിലും ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനം ലഭിക്കാത്ത അവസ്ഥയുണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. സെക്രട്ടറിയേറ്റിനുമുന്നില്‍ 116 ദിവസമായി സമരം നടക്കുകയാണ്.
Content Highlight: LPST Rank Holders Protest-Keralam-Updates
