മലയാളത്തിന്റെ ഫഹദ് ഫാസില്‍ തെലുങ്കില്‍ ആദ്യമായി നായകവേഷമണിഞ്ഞ ചിത്രമാണ് ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍. വലിയ പ്രൊമോഷനുമായി തിയേറ്ററുകളിലെത്തിയ ചിത്രം ബജറ്റ് പോലും തിരിച്ചുപിടിക്കാതെയാണ് കളംവിട്ടത്. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടിയിലെത്തി. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍ സ്ട്രീം ചെയ്യുന്നത്.

തിയേറ്റര്‍ റിലീസിലെ അതേ അഭിപ്രായം തന്നെയാണ് ഒ.ടി.ടി റിലീസിന് ശേഷം ചിത്രത്തിന് ലഭിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ സര്‍വ്വം മായയുടെ അതേ തീം തന്നെയാണ് ഡോണ്ട് ട്രബിള്‍ ദ ട്രബിളിന്റേത്. പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെ നടക്കുന്ന നായകന്റെ ജീവിതത്തിലേക്ക് ഒരു ആത്മാവ് കടന്നുവരുന്നതും പിന്നീട് ആ ആത്മാവിനെ നായകന്‍ സഹായിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ.

 

സര്‍വ്വം മായയില്‍ പൂജയും മന്ത്രവാദവുമാണെങ്കില്‍ ഡോണ്ട് ട്രബിള്‍ ദി ട്രബിളിലേക്കെത്തുമ്പോള്‍ മാജിക്കിനാണ് പ്രാധാന്യം. ആംബുലന്‍സ് ഡ്രൈവറായ സൂരിയുടെ ജീവിതത്തിലേക്ക് ദിവ്യ എന്ന പെണ്‍കുട്ടി കടന്നുവരുന്നിടത്താണ് ചിത്രത്തിന്റെ കഥ മറ്റൊരു തലത്തിലേക്ക് കടക്കുന്നത്. തന്റെ അച്ഛനെയും അമ്മയെയും മാജിക് ചെയ്ത് അപ്രത്യക്ഷരാക്കിയെന്നും സഹായത്തിനായി സൂരിയെ സമീപിക്കുന്നതുമെല്ലാം കാണിക്കുന്നുണ്ട്.

എന്നാല്‍ ഈ സീനുകള്‍ കാണുമ്പോള്‍ തന്നെ ദിവ്യ എന്ന കഥാപാത്രം ഒരു ആത്മാവാണെന്ന് ഏതൊരു പ്രേക്ഷകനും മനസിലാകും. സര്‍വ്വം മായയിലെ ഡെലൂലുവിനെപ്പോലെ ഈ കഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക് ചെറിയ ഇമോഷണല്‍ കണക്ഷന്‍ തോന്നും. എന്നാല്‍ ഒട്ടും ബലമില്ലാത്ത തിരക്കഥ ഡോണ്ട് ട്രബിള്‍ ദ ട്രബിളിന് വിനയായി.

ക്ലൈമാക്‌സില്‍ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താനായി ഒരുക്കിയ സീനും എടുത്തുപറയേണ്ടതാണ്. ദിവ്യയുടെ അമ്മയെ രക്ഷിക്കാനായി കയറുകെട്ടി വലിച്ചുകയറ്റുന്ന രംഗം മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഈച്ചക്കോപ്പിയാണെന്ന് സംശയമില്ലാതെ പറയാനാകും. ചിത്രത്തിന്റെ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ മാത്രമാണ് മെച്ചമെന്ന് പറയാന്‍ പറ്റുന്നത്.

ഞാന്‍ പ്രകാശന്‍, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നീ സിനിമകളിലെ കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്ന രീതിയിലായിരുന്നു ഫഹദിന്റെ പ്രകടനം. ആവേശത്തിന് ശേഷം തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിടുന്ന ഫഹദിന് ഇത്തവണയും പിഴച്ചു. അന്യഭാഷയില്‍ സഹനടന്‍ റോളുകള്‍ ചെയ്ത് മലയാളത്തില്‍ ഫഹദിന്റെ സാന്നിധ്യം ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണ്. ഫ്‌ളോപ്പ് സ്ട്രീക്കിന് അവസാനം കുറിക്കാന്‍ താരത്തിന് സാധിക്കുമെന്നാണ് സിനിമാപേജുകളുടെ കമന്റുകള്‍.

Content Highlight: Don’t Trouble the Trouble movie getting trolls after OTT release