ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജയില്‍ ചാട്ടം. തേനി സംഭവത്തിന് പിന്നാലെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുമാണ് റിമാന്‍ഡ് പ്രതി ജയില്‍ ചാടിയത്. കോയമ്പത്തൂര്‍ ജില്ലയിലെ അന്നൂര്‍ സ്വദേശി രാഘവനാണ് ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്. ഇത് രണ്ടാം തവണയാണ് ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുന്നത്. കോയമ്പത്തൂര്‍ സിറ്റി, റൂറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി.
തേനി ജില്ലാ ജയിലില്‍ നിന്ന് 17 തടവുകാര്‍ രക്ഷപ്പെട്ട സംഭവത്തിന് പിന്നാലെ തമിഴ്‌നാട്ടില്‍ വീണ്ടും ജയില്‍ ചാട്ടം പതിവാകുന്നത് വലിയ ചര്‍ച്ചയാകുകയാണ്. തേനി സംഭവത്തിന് പിന്നാലെ തമിഴ്നാട്ടിലെ എല്ലാ ജയിലുകളിലും സുരക്ഷയും നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം തേനി ജയില്‍ ചാട്ടത്തില്‍ സുരക്ഷാ വീഴ്ച വരുത്തിയെന്നാരോപിച്ച് ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ട് എന്‍. രാമലിംഗത്തെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ 17 ജയില്‍ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയും വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
ജയില്‍ ഭരണം, ഉത്തരവാദിത്തം, നിരീക്ഷണം എന്നിവ ശക്തിപ്പെടുത്തുന്നതിനായി മധുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ആര്‍. കൃഷ്ണരാജിനെ സേലം സെന്‍ട്രല്‍ ജയിലിലേക്ക് സ്ഥലം മാറ്റിയതായും തമിഴ്നാട് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

തേനിയില്‍ ജയില്‍ ചാടിയ പ്രതികള്‍
ജയിലുകളിലെ സുരക്ഷയിലും നിരീക്ഷണത്തിലും വീഴ്ചകള്‍ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അതീവ ശ്രദ്ധയോടെയും ജാഗ്രതയോടെയും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ അശ്രദ്ധയോ അശ്രദ്ധയോ കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
തേനിയില്‍ തിങ്കളാഴ്ച (ഒക്ടോബര്‍ 26) ഒരേ സെല്ലില്‍ കഴിഞ്ഞിരുന്ന 17 വിചാരണത്തടവുകാര്‍ ജയില്‍ വാര്‍ഡനെ ആക്രമിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. തടവുകാരില്‍ ഒരാള്‍ക്ക് അപസ്മാരം ഉണ്ടായെന്ന് വ്യാജേനയാണ് ഇവര്‍ വാര്‍ഡന്റെ സഹായം തേടിയത്.
ഇതേത്തുടര്‍ന്ന് സെല്‍ തുറന്ന് അകത്തേക്ക് കയറിയ വാര്‍ഡനെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരെയും ആക്രമിച്ച ശേഷമാണ് ഇവര്‍ ജയില്‍ചാടിയത്. പ്രതികളുടെ ആക്രമണത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്.
