ടെല്‍ അവീവ്: ഹിന്ദു ആചാരങ്ങളെയും ഇന്ത്യന്‍ ഡോക്ടര്‍മാരെയും അപമാനിച്ച് ഓര്‍ത്തഡോക്സ് ജൂത-അമേരിക്കന്‍ മതപ്രഭാഷകന് യോസി മിസ്രാച്ചി. ഇന്ത്യയിലെ ആളുകള്‍ തറയില്‍ നിന്ന് ഗോമുത്രം കുടിക്കുമെന്നും അത്തരം കാര്യങ്ങള്‍ ചെയ്യുന്ന ഡോക്ടര്‍മാരെ പോലും തനിക്ക് അറിയാമെന്നും മിസ്രാച്ചി പറഞ്ഞു.
‘ പശുവിനെ ആരാധിക്കുന്ന ഇന്ത്യക്കാരെ നിങ്ങള്‍ക്കറിയില്ലേ, ഹിന്ദുക്കള്‍. അവര്‍ തറയില്‍ നിന്ന് ഗോമൂത്രം കുടിക്കും. അത്തരം കാര്യങ്ങള്‍ ചെയ്യുന്ന ചില ആളുകള്‍ ഡോക്ടര്‍മാര്‍ കൂടിയാണ്. എന്നെ ഒരു ഇന്ത്യക്കാരനായി സൃഷ്ടിക്കാത്തതില്‍ ദൈവത്തിനോട് നന്ദി പറയുന്നു,’ അദ്ദേഹം പറഞ്ഞു.
തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ജൂത റബ്ബിയുടെ വിദ്വേഷ പരാമര്‍ശം. മുമ്പ് തനിക്കൊപ്പം ജോലി ചെയ്തിരുന്ന ഒരു ഇന്ത്യന്‍ യുവാവ് ജൂത മതത്തിലേക്ക് മാറാന്‍ ആഗ്രഹിച്ചിരുന്ന സംഭവത്തെക്കുറിച്ച് പറയവെയായിരുന്നു ഇത്.
ഇന്ത്യയിലെ ഒരു ഡോക്ടറുമായുള്ള സാങ്കല്പിക കൂടിക്കാഴ്ചയെ പരിഹസിച്ച അദ്ദേഹം തെരുവില്‍ പശുക്കള്‍ തടസമുണ്ടാക്കിയാലും മതപരമായ വിശ്വാസങ്ങള്‍ കാരണം ആളുകള്‍ അതിനെ മാറ്റാന്‍ മടിക്കുമെന്നും പരിഹസിച്ചു.
ഇദ്ദേഹത്തിന്റെ പരാമര്‍ശം വന്‍ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. അമേരിക്ക ആസ്ഥാനമായി പ്രവൃത്തിക്കുന്നയാളാണ് ഇദ്ദേഹം.
പേര് പരാമര്‍ശിക്കാതെയാണെങ്കിലും, മതവിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഇന്ത്യയിലെ ഫലസ്തീന് അംബാസഡര്‍ അബ്ദുല്ല എം. അബു ഷാവേഷും രംഗത്തെത്തി. ‘വംശീയവാദികള്‍ നമ്മള്‍ക്കെല്ലാവര്‍ക്കും ഒരേപോലെ ഭീഷണിയാണ്,’ എന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിരവധി ഇന്റര്‍നെറ്റ് ഉപയോക്താക്കളും പുരോഹിതന്റെ നിലപാട് കടുത്ത വംശീയതയും അപലപനീയവുമാണെന്ന് വ്യക്തമാക്കി.
Content Highlight:Doctors in India also drink cow urine; thank God I wasn’t born there: Israeli Jewish priest
