വാഴ്സ: പോളണ്ടില്‍ പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്കും പ്രസിഡന്റ് കരോള്‍ നവ്റോക്കിയും തമ്മിലുള്ള അധികാര വടംവലി കടുത്ത ഭരണഘടനാ പ്രതിസന്ധിയിലേക്ക്. പ്രസിഡന്റ് നവ്റോക്കി ഔദ്യോഗിക സന്ദര്‍ശനത്തിനായി ആഫ്രിക്കന്‍ രാജ്യമായ സെനഗലിലേക്ക് പോയ സമയത്താണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഈ നിര്‍ണായക നീക്കങ്ങള്‍ ഉണ്ടായത്. സര്‍ക്കാര്‍ അട്ടിമറി നടത്തി ഭരണഘടനാ സ്ഥാപനങ്ങളില്‍ പിടിമുറുക്കുകയാണെന്ന് ആരോപിച്ച പ്രസിഡന്റ്, സെനഗല്‍ സന്ദര്‍ശനം റദ്ദാക്കി അടിയന്തരമായി രാജ്യത്ത് തിരിച്ചെത്തി.
നിലവില്‍ ഭരണഘടനാ കോടതി (Constitutional Tribunal) പൂര്‍ണമായും പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്കിന്റെ നിയന്ത്രണത്തിലുള്ള പൊലീസ് വളഞ്ഞിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ബോഗ്ദാന്‍ സ്വിയേസ്കോവ്സ്കിയെ സസ്പെന്‍ഡ് ചെയ്ത സര്‍ക്കാര്‍, നിലവിലുള്ള ജഡ്ജിമാരെയൊന്നും കോടതിയിലേക്ക് കടത്തിവിടാതിരിക്കാന്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കോടതി മന്ദിരത്തിന് ചുറ്റും ബാരിക്കേഡുകള്‍ തീര്‍ത്ത് പൊലീസ് ജഡ്ജിമാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് നീതിന്യായ വ്യവസ്ഥയ്ക്ക് മേലുള്ള കടുത്ത കടന്നുകയറ്റമായാണ് പ്രതിപക്ഷം ആരോപിച്ചു.
മുമ്പ് എട്ട് വര്‍ഷം പോളണ്ട് ഭരിച്ചിരുന്ന വലതുപക്ഷ ദേശീയവാദി പാര്‍ട്ടിയായ ‘ലോ ആന്‍ഡ് ജസ്റ്റിസ്’ (PiS) നിയമിച്ച ഉദ്യോഗസ്ഥരെയും സ്ഥാപന മേധാവികളെയും അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ നിലവിലെ സര്‍ക്കാര്‍ ശ്രമിക്കുന്നതാണ് പ്രതിസന്ധിയുടെ കാരണം. ജുഡീഷ്വറിയും ഇതര ഭരണഘടനാ സ്ഥാപനങ്ങളുടെയും നിയന്ത്രണം ഇപ്പോഴും പ്രതിപക്ഷ അനുകൂലികളുടെ കയ്യിലാണ്.
മുന്‍ സര്‍ക്കാര്‍ അനധികൃതമായി പിടിച്ചെടുത്ത നീതിന്യായ വ്യവസ്ഥയെയും സ്റ്റേറ്റ് മീഡിയ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെയും ശുദ്ധീകരിക്കുകയാണ് തങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതെന്നാണ് പ്രധാനമന്ത്രിയുടെ വാദം. എന്നാല്‍ പൂര്‍ണമായും നിയമവിരുദ്ധമായ നീക്കമായാണ് പ്രസിഡന്റ് നവ്റോക്കിയും സൈന്യവും ഇതിനെ കാണുന്നത്.
കോടതികളിലും സ്റ്റേറ്റ് മീഡിയയിലും പൊലീസിനെ ഉപയോഗിച്ച് പ്രധാനമന്ത്രി നടത്തുന്ന ഇടപെടലുകള്‍ തികച്ചും ജനാധിപത്യവിരുദ്ധമാണെന്ന് വലതുപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. എന്നാല്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ ഇത്തരം അസാധാരണ നടപടികള്‍ അല്ലാതെ മറ്റു വഴിയില്ലെന്നാണ് യൂറോപ്യന്‍ യൂണിയന് അനുകൂലിയായ ഡൊണാള്‍ഡ് ടസ്കിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നിലപാട്.
അതോടൊപ്പം സായുധ സേനകള്‍ക്കിടയിലെ നിയന്ത്രണാധികാരത്തിലുള്ള വിഭജനവും പ്രതിസന്ധിയുടെ പ്രധാന ഘടകമാണ്. നിലവില്‍ പൊലീസ് സേന പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്ക് സര്‍ക്കാരിന്റെ (ആഭ്യന്തര മന്ത്രാലയത്തിന്റെ) നിയന്ത്രണത്തിലാണ്. സര്‍ക്കാരിന്റെ ഉത്തരവുകള്‍ ഇപ്പോള്‍ നേരിട്ട് നടപ്പിലാക്കുന്നത് പൊലീസാണ്. എന്നാല്‍ മറുവശത്ത്, രാജ്യത്തെ സൈന്യത്തിന്റെ പരമോന്നത കമാന്‍ഡര്‍ (Supreme Commander) പ്രസിഡന്റാണ്. സര്‍ക്കാര്‍ അനുകൂല നിലപാടില്‍ പൊലീസും, പ്രസിഡന്റിനോട് കൂറുള്ള സൈന്യവും നേര്‍ക്കുനേര്‍ വരുമ്പോള്‍ രാജ്യത്ത് കടുത്ത ആഭ്യന്തര കലാപത്തിന് വഴിവെക്കുമെന്ന ആശങ്കയുണ്ട്.
സെനഗലില്‍ നിന്ന് വാഴ്സയില്‍ തിരിച്ചെത്തിയ പ്രസിഡന്റ് നവ്റോക്കി, തന്റെ രാഷ്ട്രീയ അനുഭാവികളുമായും ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും അടിയന്തര കൂടിയാലോചനകള്‍ നടത്തിവരികയാണ്. ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാല്‍, ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം രാജ്യത്ത് ഏറെക്കുറെ സ്തംഭിച്ച അവസ്ഥയിലാണ്. പ്രശ്നം കൂടുതല്‍ വഷളാകാതിരിക്കാന്‍ യൂറോപ്യന്‍ യൂണിയന് നേതൃത്വം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
മിതവാദികളും ലിബറലുകളും ഒപ്പം ഇടതു പാര്‍ട്ടികളും ചേര്‍ന്നുള്ള വിശാല യൂറോപ്യന്‍ യൂണിയന് അനുകൂല സഖ്യമാണ് ഇപ്പോള്‍ പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്കിന്റെ നേതൃത്വത്തില്‍ പോളണ്ട് ഭരിക്കുന്നത്. എന്നാല്‍ കടുത്ത യാഥാസ്ഥിതിക, ദേശീയവാദ നിലപാടുകള്‍ പുലര്‍ത്തുന്ന പാര്‍ട്ടിയാണ് പ്രതിപക്ഷമായ ‘ലോ ആന്‍ഡ് ജസ്റ്റിസ്’ (PiS) പാര്‍ട്ടി.
2023 അവസാനത്തിലാണ് ടസ്കിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ വരുന്നത്. എന്നാല്‍ പിന്നീട് 2025 ജൂണില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് കരോള്‍ നവ്റോക്കി പൂര്‍ണമായും വലതുപക്ഷ ആശയങ്ങളാണ് പിന്തുടരുന്നത്.
പോളണ്ടില്‍ പ്രസിഡന്റിനെയും സര്‍ക്കാരിനെയും (പ്രധാനമന്ത്രിയെയും) തികച്ചും വ്യത്യസ്തമായ രണ്ട് തെരഞ്ഞെടുപ്പുകളിലൂടെയാണ് കണ്ടെത്തുന്നത്. രാഷ്ട്രത്തലവനായ പ്രസിഡന്റിനെ ജനങ്ങള്‍ നേരിട്ട് വോട്ട് ചെയ്ത് തെരഞ്ഞെടുക്കുമ്പോള്‍ രാജ്യത്തെ 460 അംഗ ജനപ്രതിനിധി സഭയിലേക്ക് തെരഞെടുക്കപ്പെട്ട അംഗങ്ങളാണ് പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത്. വലതുപക്ഷ, പതിപക്ഷ ആശയങ്ങള്‍ നടപ്പക്കുന്ന പ്രസിഡന്റും ലിബറല്‍ കാഴ്ചപ്പാടുള്ള സര്‍ക്കാരും തമ്മിലുള്ള അധികാര വടം വലിയാണ് ഇപ്പോള്‍ രാജ്യത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയനുമായും നാറ്റോയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്കിന്റെ സര്‍ക്കാരിനാണ് നിലവിലെ അമേരിക്കന്‍ ഭരണകൂടത്തിന്റെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും ഔദ്യോഗിക പിന്തുണയുള്ളത്. എന്നാല്‍, അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായും ഡൊണാള്‍ഡ് ട്രംപിനോടും കൂടുതല്‍ അനുഭാവം പുലര്‍ത്തുന്നത് പ്രസിഡന്റും വലതുപക്ഷ പാര്‍ട്ടിയായ PiS-ഉം ആണ്. അതേസമയം പോളണ്ടിലെ സര്‍ക്കാരും പ്രതിപക്ഷവും ഒരുപോലെ കടുത്ത റഷ്യന്‍ വിരുദ്ധരും ഉക്രൈനെ പിന്തുണക്കുന്നവരുമാണ്.
Content Highlight: Prime Minister vs President: What is happening in Poland?
