ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ (സി.ഇ.സി) ഗ്യാനേഷ് കുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ മുന്നണി സംഘടിപ്പിച്ച മോക്ക് ഇംപീച്ച്മെന്റ് (പ്രതീകാത്മക പൊതുഇംപീച്ച്മെന്റ്) പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗ്യാനേഷ് കുമാറിനെ ഞങ്ങള്‍ വെറുതെ വിടാന്‍ ഞങ്ങള്‍ പോകുന്നില്ല. ഇന്ത്യയുടെ ഐക്യത്തിന് നേരെ ആക്രമണം നടത്തിയവരോടും എനിക്ക് സംസാരിക്കാനുണ്ട്. ഗ്യാനേഷ് കുമാര്‍ അതിലെ ഒരു കണ്ണി മാത്രമാണ്. ഇനിയും നിരവധി പേരുണ്ട്. അവര്‍ ആരാണെന്ന് ഞങ്ങള്‍ക്കറിയാം. കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഇത് നിങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
‘നിങ്ങളുടെ മുന്നില്‍ പുതിയൊരു രാഷ്ട്രീയ ആയുധം ഉയര്‍ന്നുവന്നിട്ടുണ്ട്. നിങ്ങള്‍ ഈ വഴിയില്‍ തുടര്‍ന്നാല്‍ അത് നിങ്ങളെ വളരെ ഗുരുതരമായി ബാധിക്കും. ഇത് സ്നേഹത്തോടെയും കരുതലോടെയുമാണ് പറയുന്നത്. ഞങ്ങള്‍ ദുഷ്ടരോ ക്രൂരരോ ആയ ആളുകളല്ല. എന്നാല്‍ ഭരണഘടനയെയും ജനങ്ങളുടെ ശബ്ദത്തെയും ഞങ്ങള്‍ സംരക്ഷിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന പ്രമേയത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്നതായും അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കുക മാത്രമല്ല, രാജ്യദ്രോഹക്കുറ്റത്തിന് കോടതിയില്‍ വിചാരണ ചെയ്യണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
വോട്ടര്‍പട്ടികയിലെ ക്രമക്കേടുകളും പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണവും (എസ്.ഐ.ആര്) സംബന്ധിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യാ മുന്നണി പരിപാടി സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രമേയം അവതരിപ്പിച്ച ചടങ്ങില്‍ മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍ അധ്യക്ഷത വഹിച്ചു.
അതേസമയം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കാനും എസ്.ഐ.ആര് നടപടികള്‍ ഒഴിവാക്കാനും ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി നാളെ (നവംബര്‍ ഒന്ന്, ഞായര്‍) ദല്‍ഹി രാം ലീല മൈതാനത്ത് മഹാ റാലി സംഘടിപ്പിക്കും.
നവംബര്‍ ഒന്നിന് നടക്കുന്ന മഹാറാലിയില്‍ പങ്കെടുക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ ദല്‍ഹിയിലേക്ക് വരുന്നത് തടയാന്‍ ആഭ്യന്തര മന്ത്രി ‘പരമാവധി ശ്രമിക്കുന്നുണ്ടെന്ന്’ രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ നേരത്തെ പറഞ്ഞിരുന്നു.
ജനങ്ങളില്‍ വലിയ രോഷവും മാനസിക വേദനയുമുണ്ട്. ലക്ഷക്കണക്കിന് ആളുകളെ വോട്ടവകാശത്തില്‍ നിന്ന് പുറന്തള്ളുകയാണെന്നും രാഹുല്‍ പറഞ്ഞു. അദാനി, അംബാനി, മോദി, ഷാ, ഭാഗവത് എന്നിവരെ സഹായിക്കാന്‍ വേണ്ടി ജനങ്ങളുടെ വോട്ടുകള്‍ മോഷ്ടിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Gyanesh Kumar is just one link in the chain, and there are many others who have committed wrongdoing, says Rahul Gandhi during a ‘mock impeachment’
