കൊച്ചി: സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, കുറ്റകൃത്യങ്ങള്‍ നടന്നശേഷം അന്വേഷിക്കുന്നതിനുപകരം അവ സംഭവിക്കുന്നതിനുമുമ്പ് ഫലപ്രദമായ പ്രതിരോധം തീര്‍ക്കുകയാണ് വേണ്ടതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. 2027ഓടെ സമ്പൂര്‍ണ സൈബര്‍ പ്രതിരോധ കേരളം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തില്‍ കേരള പൊലീസിന്റെ സൈബര്‍ വിഭാഗം രൂപകല്‍പ്പന ചെയ്ത ‘ക്ലിക്ക്’ (കമ്മ്യൂണിറ്റി ലെഡ് ഇനിഷ്യേറ്റീവ് ഫോര്‍ സൈബര്‍ റെസിലിയന്റ് കേരളം) സൈബര്‍ സുരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊച്ചി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയെ കേരള പൊലീസിന്റെ സൈബര്‍ സുരക്ഷാ ക്യാപ്റ്റനായി ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചു.

നിര്‍മിതബുദ്ധിയുടെ കാലത്ത് സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ നൂതനമായ പ്രതിരോധ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

‘സൈബര്‍ യുഗത്തില്‍ ജീവിക്കുമ്പോള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കുക എളുപ്പമല്ല. ഫലപ്രദമായ പ്രതിരോധത്തിലൂടെ ഒരു പരിധിവരെ അവ തടയാനാകും. തീവ്രമായ അക്രമസ്വഭാവമുള്ള ഗെയിമുകള്‍ കളിക്കുന്നതും സിനിമകള്‍ കാണുന്നതും കുട്ടികളെയും യുവതലമുറയെയും കുറ്റകൃത്യങ്ങളിലേക്ക് പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളുണ്ട്. ഇത്തരം പ്രവണതകള്‍ ഗൗരവമായി കാണണം,’ ആഭ്യന്തരമന്ത്രി പറഞ്ഞു.

സാധാരണക്കാരുടെ സാങ്കേതിക പരിജ്ഞാനക്കുറവ് ചൂഷണം ചെയ്താണ് പല സൈബര്‍ തട്ടിപ്പുകളും നടക്കുന്നതെന്നും കഴിഞ്ഞ വര്‍ഷം 54,000ത്തിലധികം സൈബര്‍ തട്ടിപ്പ് പരാതികളാണ് രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ശക്തമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുക, ആപ്പുകള്‍ കൃത്യസമയത്ത് അപ്‌ഡേറ്റ് ചെയ്യുക, ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കുക, സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിനുമുമ്പ് ജാഗ്രത പാലിക്കുക തുടങ്ങിയ മുന്‍കരുതലുകളിലൂടെ സൈബര്‍ തട്ടിപ്പുകള്‍ തടയാനാകുമെന്ന് മന്ത്രി പറഞ്ഞു. തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ 1930 എന്ന സൈബര്‍ ഹെല്‍പ്‌ലൈന്‍ നമ്പറില്‍ വിവരം അറിയിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

നവംബര്‍ മൂന്നുമുതല്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസ് പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുമെന്നും പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാനും അവയ്ക്ക് ഉടന്‍ മറുപടി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കഴിയുന്ന സംവിധാനങ്ങള്‍ ഇതിന്റെ ഭാഗമായി ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും പരാതികളുടെ പുരോഗതി നിരീക്ഷിക്കുന്നതിനും സഹായിക്കുന്ന ഡാഷ്‌ബോര്‍ഡും സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ പുതുതലമുറയിലെ ഓരോരുത്തരും ക്യാപ്റ്റന്മാരായി മാറണമെന്ന് മമ്മൂട്ടി പറഞ്ഞു. സാങ്കേതികവിദ്യയുടെ ഉപയോഗത്തില്‍ കുട്ടികള്‍ക്ക് ശരിയായ മാര്‍ഗനിര്‍ദേശം നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും കുട്ടികള്‍ വാശിപിടിക്കുമ്പോഴോ കരയുമ്പോഴോ അവരെ ആശ്വസിപ്പിക്കാന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കുന്ന ശീലം നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

‘കാര്യഗൗരവത്തോടെ ഫോണ്‍ ഉപയോഗിക്കാന്‍ കുട്ടികള്‍ പ്രാപ്തരാകുന്നതുവരെ ഫീച്ചര്‍ ഫോണുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നതായിരിക്കും ഉചിതം. നല്ല കാര്യങ്ങള്‍ക്കുവേണ്ടിയും അല്ലാതെയും കണ്ടുപിടുത്തങ്ങള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇന്റര്‍നെറ്റും അത്തരമൊരു കണ്ടുപിടുത്തമാണ്. ഇന്റര്‍നെറ്റിന്റെ ശരിയായ ഉപയോഗത്തിലൂടെ അതിന്റെ ദുരുപയോഗം തടയാന്‍ കഴിയണം,’ മമ്മൂട്ടി പറഞ്ഞു.

നിര്‍മിതബുദ്ധിയുടെ കാലത്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യതകള്‍ ഏറെയാണെന്നും സൈബര്‍ കുറ്റകൃത്യങ്ങളെ തിരിച്ചറിയാനും നേരിടാനും സമൂഹം പ്രാപ്തരാകണമെന്നും ‘ക്ലിക്ക്’ അതിനുള്ള ഒരു ശ്രമമാണെന്നും മമ്മൂട്ടി പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട 10 വിദ്യാര്‍ഥികള്‍ക്ക് മമ്മൂട്ടി ക്ലിക്ക് ക്യാപ്റ്റന്‍ തൊപ്പി അണിയിച്ചു.

സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയന്‍, പോലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രന്‍, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ സജി ഗോപിനാഥ്, അമൃത വിശ്വവിദ്യാപീഠം വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ പി. വെങ്കട് രംഗന്‍, മേയര്‍ അഡ്വ.വി.കെ. മിനി മോള്‍, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. നിശാന്തിനി, സൈബര്‍ ഓപ്പറേഷന്‍സ് എസ്.പി അങ്കിത്ത് അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlight: Ramesh Chennithala inagurated CLICK by Kerala Police cyber wing.