തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളില്‍ നിലവിലിരുന്ന പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (പി.ആര്.ഒ) സംവിധാനം ഒഴിവാക്കി ‘സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്ക്’ ഏര്‍പ്പെടുത്താനുള്ള തീരുമാനം സാധാരണക്കാര്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്.
ഈ തീരുമാനം ജനസൗഹൃദ പൊലീസിങ് എന്ന ആശയത്തിന് തന്നെ വിഘാതമാകുമെന്നും പരാതിയും വിഷമവുമായി പൊലീസ് സ്റ്റേഷനിലെത്തുന്ന സാധാരണക്കാരന് ലഭിക്കേണ്ടത് അനുഭാവപൂര്‍വ്വമായി ഇടപെടുന്ന മാനുഷികതയുള്ള കേള്വിക്കാരനെയാണെന്നും പിണറായി വിജയന് പറഞ്ഞു.
‘എന്നാല്‍ പി.ആര്.ഒയെ മാറ്റി പകരം കൊണ്ടുവരുന്ന ഹെല്‍പ്പ് ഡെസ്ക് ഒരു മെക്കാനിക്കല്‍ കൗണ്ടര്‍ സിസ്റ്റമായി മാറാനാണ് സാധ്യത. ജനങ്ങളെ നേരിട്ട് കണ്ട് സംസാരിക്കാനും ആശ്വാസം നല്‍കാനും പ്രത്യേകമായി ഒരു ഉദ്യോഗസ്ഥന് ഇല്ലാതാകുന്നത് ആളുകള്‍ക്ക് പൊലീസിനോടുള്ള മാനസികമായ അകല്‍ച്ച വര്‍ധിപ്പിക്കും.
സൈബര്‍ പരാതികള്‍, വിവരാവകാശം, എഫ്.ഐ.ആര് പകര്‍പ്പ്, വിവിധ അപേക്ഷകള്‍ തുടങ്ങി പന്ത്രണ്ടോളം വ്യത്യസ്ത കാര്യങ്ങളാണ് ഒരൊറ്റ ഹെല്‍പ്പ് ഡെസ്കിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. കമ്പ്യൂട്ടര്‍ എന്‍ട്രികളും ക്ലറിക്കല്‍ ജോലികളും ചെയ്യുന്ന തിരക്കിനിടയില്‍, സ്റ്റേഷനിലെത്തുന്ന സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ക്ഷമയോടെ കേള്‍ക്കാനോ അവരെ സഹായിക്കാനോ അവിടുത്തെ ജീവനക്കാര്‍ക്ക് സാധിക്കാതെ വരും. ഇത് സാധാരണക്കാരെ സംബന്ധിച്ച് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യും,’ പ്രതിപക്ഷ നേതാവ് പറഞ്ഞു.
പൊലീസിനെ ഭയമില്ലാതെ സമീപിക്കാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞിരുന്ന ഇടമാണ് നഷ്ടമാകുന്നതെന്നും
അതിനാല്‍, സാധാരണക്കാരെ സ്വാഗതം ചെയ്യാനും കേള്‍ക്കാനും മാത്രമായി നിലനിന്നിരുന്ന സംവിധാനം ഇല്ലാതാക്കി അതിനെ വെറുമൊരു ഔദ്യോഗിക കൗണ്ടറാക്കി മാറ്റുന്ന നീക്കത്തിലെ പ്രായോഗിക പ്രശ്നങ്ങള്‍ ഗൗരവമായി കാണേണ്ടതുണ്ടെന്നും പിണറായി വിജയന് പറഞ്ഞു.
‘മനുഷ്യത്വപരമായ മുഖം നഷ്ടപ്പെടാതെ നോക്കുകയാണ് പൊലീസ് സംവിധാനത്തില്‍ ഏറ്റവും പ്രധാനം. ഈ വിഷയം ഗൗരവമായി കണ്ട് തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണം,’ അദ്ദേഹം പറഞ്ഞു.
Content Highlight: Help desks at police stations risk becoming mere mechanical counters; this will affect the common man: Pinarayi
