തിരുവനന്തപുരം: നിപ പ്രതിരോധത്തിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന നിലയിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ നടത്തിയ പ്രസ്താവന തീർത്തും തെറ്റാണെന്നും മന്ത്രി നിയമസഭയെയും കേരളസമൂഹത്തെയും തെറ്റിദ്ധരിപ്പിച്ചെന്നും മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്.
നിപ ബാധിതർക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയിട്ടില്ലെന്നും റെംഡെസിവിർ നൽകിയ അഞ്ചു രോഗികളും നിലവിൽ പൂർണ ആരോഗ്യത്തോടെ ജീവനോടെയുണ്ടെന്നും വീണാ ജോർജ് വ്യക്തമാക്കി. റിപ്പോർട്ടർ ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വീണാ ജോർജ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടനെക്കൊണ്ട് ആസൂത്രിതമായി സബ്മിഷൻ ഉന്നയിപ്പിച്ചാണ് മന്ത്രി ഇത്തരമൊരു മറുപടി നൽകിയത്. ദിവസങ്ങൾക്ക് മുൻപ് രേഖാമൂലം നൽകുന്ന സബ്മിഷന് മറുപടി തയ്യാറാക്കാൻ ആവശ്യത്തിന് സമയമുണ്ടായിട്ടും വസ്തുതാവിരുദ്ധവും നിരുത്തരവാദപരവുമായ കാര്യങ്ങളാണ് മന്ത്രി സഭയിൽ പറഞ്ഞതെന്ന് അവർ പറഞ്ഞു.
മരുന്ന് കഴിച്ച് എത്രപേർ മരിച്ചുവെന്ന് അറിയില്ലെന്ന മന്ത്രിയുടെ പ്രസ്താവന അതീവ ഗൗരവമുള്ളതാണ്. നിപ പ്രതിരോധത്തിൽ പങ്കാളികളായ വിദഗ്ധ ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, മെഡിക്കൽ ബോർഡുകൾ, എത്തിക്സ് കമ്മിറ്റികൾ എന്നിവരെയെല്ലാം അപമാനിക്കുന്നതാണ് ഈ നടപടി. കെ. മുരളീധരൻ പ്രസ്താവന തിരുത്തി ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹത്തിന് തെറ്റായ വിവരം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു.
‘കെ.എം.എസ്.സി.എല്ലിന്റെ സോഫ്റ്റ്വെയർ പരിശോധിച്ചാൽ മരുന്നുകളുടെ ബാച്ചും കാലാവധിയും കൃത്യമായി വ്യക്തമാകും. കോവിഡ് വ്യാപന കാലത്ത് ആഗോളതലത്തിൽ റെംഡെസിവിറിന് കടുത്ത ക്ഷാമവും പൂഴ്ത്തിവെപ്പും നിലനിന്ന ഘട്ടത്തിലാണ് 2021-ൽ സർക്കാർ ഈ മരുന്ന് സംഭരിച്ചത്. സിപ്ല ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികളിൽ നിന്നാണ് അന്ന് മരുന്ന് എത്തിയത്. 2021 മെയ് മാസത്തിലും പിന്നീട് 2022 ജൂലൈയിലുമാണ് റെംഡെസിവിർ ലഭിച്ചത്. ഇതിൽ പല മരുന്നുകൾക്കും അഞ്ചു വർഷം വരെ ഷെൽഫ് ലൈഫ് ഉള്ളവയാണെന്നും 2025 സെപ്റ്റംബർ 30 വരെ കാലാവധിയുണ്ടായിരുന്നതായി രേഖകൾ വ്യക്തമാക്കുന്നുണ്ടെന്നും’ അവർ ചൂണ്ടിക്കാട്ടി.
കെ.എം.എസ്.സി.എല്ലിന്റെ സംവിധാനത്തിൽ ഒരു മരുന്നിന്റെ കാലാവധി കഴിഞ്ഞാൽ സോഫ്റ്റ്വെയർ അത് ലോക്ക് ചെയ്യുമെന്നും വെയർഹൗസിൽ നിന്നോ ആശുപത്രികളിൽ നിന്നോ അത്തരം മരുന്നുകൾ മാറ്റാനോ വിതരണം ചെയ്യാനോ സാധിക്കില്ല. കാലാവധി കഴിഞ്ഞ മരുന്നുകൾ നിപ്പ രോഗികൾക്ക് നൽകി എന്നത് വസ്തുതാപരമായി നിലനിൽക്കുന്നതല്ലെന്ന് വീണ ജോർജ് പറഞ്ഞു.
2023-നും 2025-നും ഇടയിൽ അഞ്ച് നിപ്പ രോഗികൾക്കാണ് റെംഡെസിവിർ നൽകിയത്. ഈ അഞ്ചുപേരും നിലവിൽ ജീവനോടെയുണ്ട്. ലോകത്ത് 70 ശതമാനത്തിന് മുകളിൽ മരണനിരക്കുള്ള നിപ്പയിൽ, 2023-ലെ വ്യാപന സമയത്ത് കേരളത്തിലെ മരണനിരക്ക് 33 ശതമാനമായി കുറയ്ക്കാൻ തെറാപ്യൂട്ടിക് ഇടപെടലുകളിലൂടെ സാധിച്ചിരുന്നു. അന്ന് നിപ്പ ബാധിച്ച് മരണപ്പെട്ടവർ രോഗം സ്ഥിരീകരിക്കുന്നതിന് മുൻപ് തന്നെ മരിച്ചവരാണ്. അവർക്ക് ഈ മരുന്ന് നൽകിയിട്ടുമില്ല. രോഗികളുടെ കേസ് ഹിസ്റ്ററിയും ചികിത്സാ വിവരങ്ങളും ഹൈ-ലോ കോൺടാക്റ്റുകൾക്ക് നൽകിയ മരുന്നുകളുടെ വിവരങ്ങളും ആരോഗ്യവകുപ്പിന്റെ പക്കൽ പൂർണമായും രേഖപ്പെടുത്തിയിട്ടുണ്ട് അവർ വ്യക്തമാക്കി.
അട്ടപ്പാടിയിൽ ഏതാനും മാസങ്ങൾക്കിടെ പത്ത് നവജാത ശിശുക്കൾ മരണപ്പെട്ടതും, ആരോഗ്യവകുപ്പിൽ തുടർച്ചയായി ഉണ്ടാകുന്ന വീഴ്ചകളും ചികിത്സാ പിഴവുകളും മറച്ചുവെക്കാനാണ് സർക്കാരും ആരോഗ്യവകുപ്പും ശ്രമിക്കുന്നത്. ജനശ്രദ്ധ തിരിച്ചുവിടാനും പൊതുസമൂഹത്തിൽ ഭീതിയും ആശയക്കുഴപ്പവും സൃഷ്ടിക്കാനുമാണ് മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ച് ഇത്തരം അടിസ്ഥാനരഹിതമായ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും വീണാ ജോർജ് വിമർശിച്ചു.
Content Highlight:Nipah medicine controversy: K. Muraleedharan misled the Legislative Assembly and Kerala society; Veena George demands he retract his statement and apologize.
