തിരുവനന്തപുരം: നിപ മരുന്ന് വിവാദത്തില്‍ ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ ആരോപണങ്ങള്‍ തള്ളി ഡോക്ടര്‍ അനൂപ് കുമാര്‍ എ.എസ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നിപ ബാധിച്ച് മരിച്ച രോഗികളില്‍ ആറ് പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് റെംഡിസിവിര്‍ മരുന്ന് സ്വീകരിക്കാത്തവരാണെന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2023 മുതല്‍ 2025 വരെയുള്ള സമയത്ത് 13 പേര്‍ക്കാണ് നിപ ബാധിച്ചതെന്നും ഇതില്‍ ആറു പേര് മരിക്കുകയും ഏഴു പേര് രോഗത്തില്‍ നിന്ന് കരകയറുകയും ചെയ്തുവെന്നും ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ മരിച്ച ആറ് പേരില്‍ ഒരാള്‍ പോലും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് റെംഡെസിവിര്‍ മരുന്ന് സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
‘2018 നും 2019 നും ശേഷം കേരളത്തില്‍ നിപ വന്നപ്പോള്‍ റെംഡെസിവിര്‍ മരുന്നാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതിനൊപ്പം മോണോടോണല് ആന്റിബോഡിയും ചികിത്സയ്ക്ക് ഉപയോഗിച്ചിട്ടുണ്ട്. ഇതെത്രത്തോളം ഫലപ്രദമാണെന്നതിന് ഇപ്പോഴും കൃത്യമായ വിവരങ്ങളില്ല. എബോളയ്ക്ക് ഉപയോഗിച്ചതുപോലെ ഇതിലും ഫലപ്രദമാണെന്ന വിശ്വാസത്തിലാണ് മരുന്ന് ഉപയോഗിച്ചിട്ടുള്ളത്,’ ഡോ. അനൂപ് കുമാര്‍ പറഞ്ഞു.
2023ല്‍ കോഴിക്കോട് മിംസ് ഹോസ്പറ്റിലാണ് മരുതോങ്കരയിലെ കുടുംബത്തിന് രോഗം സ്ഥിരീകരിക്കുന്നതെന്നും ആറ് പേര്‍ക്ക് രോഗം ബാധിച്ചതില്‍ രണ്ട് പേരാണ് മരണപ്പെട്ടതെന്നും എന്നാല്‍ നിപയുമായി ബന്ധപ്പെട്ട് ഒരു മരുന്നും കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2023ലെ രണ്ട് മരണങ്ങളിലും റെംഡിസിവിര്‍ എന്ന മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
2024ലെയും 2025ലെയും മരണങ്ങളിലും ഇത് ഉപയോഗിച്ചിട്ടെന്നും അദ്ദേഹം പറഞ്ഞു. 2026ല്‍ രോഗം സ്ഥിരീകരിച്ച രോഗിക്ക് റാംഡിസിവര് ഉപയോഗിച്ചിരുന്നുവെന്നും അത് വിദേശത്തുനിന്ന് കൊണ്ടുവരികയായിരുന്നുവെന്നും അദ്ദേഹം രക്ഷപ്പെടുകയായിരുന്നുവെന്നും ഡോക്ടര്‍ അനൂപ് കുമാര്‍ പറഞ്ഞു.
2022ലാണ് ഇന്ത്യയില്‍ അവസാനമായി ഈ മരുന്നിന്റെ പ്രൊഡക്ഷന്‍ നടന്നിരിക്കുന്നതെന്നും രണ്ട് വര്‍ഷം വരെയാണ് അതിന്റെ കാലവധിയെന്നും അതിനാല്‍ അതിന് ശേഷം വന്ന രോഗികള്‍ക്ക് ഏത് മരുന്നാണ് നല്‍കിയത് എന്നതില്‍ ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഈ മരുന്നും നിപ മരണങ്ങളും തമ്മില്‍ ബന്ധമുള്ളതായി കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023, 2024, 2025 വര്‍ഷങ്ങളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ട നിപ്പ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ ‘റെംഡെസിവിര്‍’ മരുന്ന് നല്‍കിയോ എന്നാരോപിച്ച് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നിയമസഭയില്‍ മാത്യു കുഴല്നാടന് എം.എല്‍.എ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് ആരോഗ്യ മന്ത്രി കെ. മുരളീധരന് ഇക്കാര്യം വ്യക്തമാക്കിയത്.
Content Highlight: None of the six deceased had received the drug Remdesivir: Dr. Anoop Kumar contradicts Health Minister regarding Nipah controversy.
