സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു അശോകന്‍ സംവിധാനം ചെയ്ത ഇമോഷണൽ ഡ്രാമ ചിത്രമാണ് കാണെക്കാണെ. മായാനദി എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളികളുടെ പ്രിയ താരജോഡികളായി മാറിയ ടൊവിനോ തോമസും ഐശ്വര്യലക്ഷ്മിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു അത്.

കുറ്റബോധം, സ്നേഹം, പ്രതികാരം തുടങ്ങിയ സങ്കീർണ്ണമായ വികാരങ്ങൾ അത്രയും ആഴത്തിൽ അവതരിപ്പിക്കാൻ സിനിമക്ക് കഴിഞ്ഞിരുന്നു. സുരാജ് വെഞ്ഞാറമൂടിന്റെയും ഐശ്വര്യ ലക്ഷ്മിയുടെയും ടൊവിനോയുടെയും കരിയർ ബെസ്റ്റ് പെർഫോമൻസായിരുന്നു ചിത്രത്തിലേത്. പ്രേക്ഷകരെ വളരെ അസ്വസ്ഥതപ്പെടുത്തിയ സിനിമക്ക് മികച്ച നിരൂപക പ്രശംസയാണ് ലഭിച്ചത്.

ഇപ്പോഴിതാ മാഡിസം ഡിജിറ്റലുമായുള്ള അഭിമുഖത്തിൽ ആ ചിത്രത്തെക്കുറിച്ചും അങ്ങനെയൊരു കഥാപാത്രം ഐശ്വര്യ ലക്ഷ്മി തെരെഞ്ഞെടുത്തതിനെ കുറിച്ചും സംസാരിക്കുകയാണ് മനു അശോകൻ.

‘ഐശ്വര്യയെ ഇപ്പോഴും ചീത്ത പറയുന്ന ആൾക്കാരുണ്ട്. സ്നേഹ എന്ത് കാര്യത്തിനാണ് വേറെ ഒരാളുടെ ഭർത്താവിനെ അടിച്ചുകൊണ്ട് പോയത് എന്നൊക്കെയുള്ള വളരെ ലോക്കൽ റൂട്ടിലുള്ള ഡയലോഗ്സ് ഇപ്പോഴും കേൾക്കുന്നുണ്ട്. ആസിഫ് അലി സൺ‌ഡേ ഹോളിഡേയ്ക്ക് ശേഷം ചെയ്ത സിനിമയാണ് ഉയരെ.

കാണെക്കാണെ.Photo.Screen Grab/Instagram.com

ആസിഫിന്റെ സർക്കിളിലുള്ള പലരും പറഞ്ഞിട്ടുണ്ട് ഇത് പിടിക്കല്ലേയെന്ന്. അയാൾ ആക്ടർ എന്നുള്ള നിലക്ക് വേറൊരു കൈൻഡ് ഓഫ് ഓപ്പണിങാവും  ഇതെന്ന് ഐഡന്റിഫൈ ചെയ്തു. അത് തന്നെയാണ് ഐശ്വര്യക്കും സംഭവിച്ചത്,’ അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ കണ്ടീഷനിങ്ങിന്റെ ഭാഗമായിട്ടാണ് സിനിമയിൽ എല്ലാ ബ്ലെയ്മും ഇപ്പോഴും ടോവിനോയുടെ കഥാപാത്രമായ അലനെക്കാൾ കൂടുതൽ ഐശ്വര്യയുടെ സ്നേഹയ്ക്ക് കിട്ടുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.

സിനിമയുടെ റിലീസിന് പിന്നാലെ ഏറെ വിമർശങ്ങൾ ഐശ്വര്യ ചെയ്ത കഥാപാത്രത്തിന് ലഭിച്ചിരുന്നു. ഒരു ടോക്സിക് കാമുകിയും ഭാര്യയുമായിരുന്നു സ്നേഹ എന്ന കഥാപാത്രം. എന്നാൽ അവർ അങ്ങനെ ആകുന്നതിൽ ടോവിനോയുടെ കഥാപാത്രത്തിനും പ്രധാന പങ്കുണ്ടായിരുന്നു. പക്ഷേ റിലീസിന് ശേഷം അലനെക്കാൾ വിമർശിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതും സ്നേഹയായിരുന്നു.

മായാനദി.Photo.IMDb

പാർവതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു അശോകൻ ആദ്യമായ് സംവിധാനം ചെയ്ത സിനിമയായിരുന്നു ഉയരെ. ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന് അന്നേറെ പ്രശംസ ലഭിക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ആ സിനിമയ്ക്ക് ശേഷം മനു അശോകന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് കാണെക്കാണെ.

അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ പുതിയ സൈക്കോളജിക്കൽ ബിഹേവിയറൽ ക്രൈം ത്രില്ലർ വെബ് സീരീസാണ് ‘EYES’. സ്റ്റോക്കിങ്ങുമായി ബന്ധപ്പെട്ടുള്ള സീരീസിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഒക്ടോബർ 9ന് സോണി ലൈവിലൂടെയാണ് ‘EYES’ സ്ട്രീമിംഗ് ആരംഭിച്ചത്.

Content Highlight: Manu Ashokan said that Aishwarya had done Kaane Kaane right after Mayanadhi, adding that there were still people who criticized her for it.