ഇംഫാല്‍: മണിപ്പൂരില്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ പ്രോക്‌സി യുദ്ധം അവസാനിപ്പിക്കണമെന്നും കുക്കി-സോ തീവ്രവാദ ഗ്രൂപ്പുകളുമായുള്ള സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍സ് (എസ്.ഒ.ഒ) കരാര്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഇംഫാലില്‍ മെയ്‌തെയ്, നാഗ സമുദായങ്ങളില്‍പ്പെട്ട ആയിരക്കണക്കിന് പേരുടെ മാര്‍ച്ച്.

കോര്‍ഡിനേഷന്‍ കമ്മിറ്റി ഓണ്‍ മണിപ്പൂര്‍ ഇന്റഗ്രിറ്റി(COCOMI) സംഘടിപ്പിച്ച റാലിയില്‍ ജോയിന്റ് ട്രൈബ് കൗണ്‍സില്‍ മണിപ്പൂര്‍, ഫൂട്ട്ഹില്‍സ് നാഗ കോര്‍ഡിനേഷന്‍ കമ്മിറ്റി, നാഗാ ഹ്യുമാനിറ്റേറിയന്‍ എയ്ഡ്‌സ് കമ്മിറ്റി, നാഗാ പീപ്പിള്‍സ് യൂണിയന്‍, ഇന്‍പുയ് നാഗ യൂണിയന്‍ എന്നിവയുള്‍പ്പെടെ നിരവധി നാഗാ സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകള്‍ പങ്കെടുത്തു.

ഇംഫാല്‍ വെസ്റ്റിലെ ക്വാകെയ്‌തെലിലുള്ള ടിദ്ദിം ഗ്രൗണ്ടില്‍ നിന്നാണ് ആരംഭിച്ച റാലി താങ്‌മെബാന്‍ഡിലെ തൗ ഗ്രൗണ്ടില്‍ അവസാനിച്ചു. കനത്ത സുരക്ഷയിലായിരുന്നു റാലി.

എസ്.ഒ.ഒ കരാര്‍ റദ്ദാക്കണമെന്നും മണിപ്പൂരില്‍ നിന്ന് അസം റൈഫിള്‍സിനെ പിന്‍വലിക്കണമെന്നും തദ്ദേശീയ സമൂഹങ്ങളെ സംരക്ഷിക്കണമെന്നും ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരെ (Internally Displaced People) മുഴുവന്‍ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. 1951 അടിസ്ഥാന വര്‍ഷമായി കണക്കാക്കി ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) പുതുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

തദ്ദേശീയരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ് രാജിവയ്ക്കണമെന്നും കൊകോമി ആവശ്യപ്പെട്ടു. യുണൈറ്റഡ് നാഗ കൗണ്‍സില്‍ റാലിക്ക് പിന്തുണ അറിയിച്ചു.

ഓള്‍ നാഗ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ മണിപ്പൂരും മറ്റ് നാഗ സംഘടനകളും ജില്ലാ ആസ്ഥാനങ്ങളില്‍ ഒരേസമയം ധര്‍ണ നടത്തി. ചന്ദേല്‍ ജില്ലയിലും പ്രത്യേക റാലി നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയതിനെത്തുടര്‍ന്ന് വ്യാപാരസ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയായിരുന്നു. പൊതുഗതാഗതവും നിര്‍ത്തിവെച്ചിരുന്നു. മുന്‍കരുതലായി മുഖ്യമന്ത്രിയുടെ വസതിയിലേക്കും രാജ്ഭവനിലേക്കും പോകുന്ന റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു.

മണിപ്പൂരിലെ തദ്ദേശീയ സമൂഹങ്ങല്‍ നീതിക്കുവേണ്ടി ഒരുമിച്ച് നില്‍ക്കുന്നതാണ് കണ്ടതെന്നും വന്‍ ജന പങ്കാളിത്തം ചരിത്രപരമാണെന്നും കൊകോമി കണ്‍വീനര്‍ ഖുറൈജാം അത്തൂബ പറഞ്ഞു.

‘കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിലൂടെ തങ്ങള്‍ക്കെതിരെ നടത്തുന്ന അനീതികള്‍ക്കെതിരെ മണിപ്പൂരിലെ തദ്ദേശീയ ജനത ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്ന് ഇത് തെളിയിക്കുന്നു,’ അത്തൗബ പറഞ്ഞു.

Content Highlight: A massive rally was held by the Meiteis and Nagas in Imphal on Saturday