ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച ഹാമില്‍ടണില്‍ നടക്കും. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ നാലാം മത്സരത്തില്‍ 87 റണ്‍സിന്റെ വന്‍തോല്‍വി ഏറ്റുവാങ്ങിയിരുന്നു.
അഞ്ചാം മത്സരത്തില്‍ മുന്നോടിയായി ആദ്യ ഇലവനില്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി തുറന്നുസംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.
ബൗളിങ് നിരയില്‍ ഒരു ഫാസ്റ്റ് ബൗളര്‍ക്ക് വിശ്രമം നല്‍കി വരുണ്‍ ചക്രവര്‍ത്തിയേയോ കുല്‍ദീപ് യാദവിനെയോ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് കൈഫ് പറഞ്ഞത്. ടീമിന് നല്‍കുന്ന ഓള്‍റൗണ്ട് ബാലന്‍സ് കൂടി കണക്കാക്ക് അക്‌സര്‍ പട്ടേല്‍ ഏക സ്പിന്നറായി തുടരണമെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.
‘അക്‌സര്‍ പട്ടേല്‍ ടീമില്‍ ഉറപ്പാണ്. അദ്ദേഹത്തെ ഒഴിവാക്കില്ല. അദ്ദേഹമാണ് ടീമിന് സന്തുലനം നല്‍കുന്നത്. ഇലവനിലെ ഏക സ്പിന്നറും അക്‌സര്‍ ആണ്. എക്‌സ്ട്രാ സ്പിന്നര്‍ റോളില്‍ കുല്‍ദീപിനേക്കാള്‍ വരുണ്‍ ആണ് ഇന്ത്യയ്ക്ക് നല്ലത്. ഒരു ഫാസ്റ്റ് ബൗളറെ പുറത്തിരുത്തേണ്ടി വരും’, തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ താരം പറഞ്ഞു.
മായങ്ക് യാദവിനെയോ പ്രിന്‍സ് യാദവിനെയോ പുറത്തിരുത്തി വരുണ്‍ ചക്രവര്‍ത്തിക്ക് അവസരം നല്‍കണമെന്ന് കൈഫ് പറഞ്ഞു. ന്യൂസിലാന്‍ഡ് സ്പിന്നര്‍മാരായ മൈക്കല്‍ ബ്രേസ്‌വെല്ലും മിച്ചല്‍ സാന്റ്‌നറും മികച്ച പ്രകടനം നടത്തുന്നത് ചൂണ്ടിക്കാട്ടി വരുണ് കളിച്ചാല്‍ ഇന്ത്യ വലിയ സ്‌കോറുകള്‍ വഴങ്ങുന്നത് തടയാന്‍ സാധിക്കുമെന്ന് താരം കൂട്ടിച്ചേര്‍ത്തു.
‘വരുണ്‍ കളിച്ചാല്‍ റണ്ണൊഴുക്ക് തടയാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നു. സൗത്ത് ഫ്രിക്കയില്‍ അദ്ദേഹം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. എല്ലാ ഫാസ്റ്റ് ബൗളര്‍മാരും അടി വാങ്ങുകയാണ്.
പിന്നെ എന്തുകൊണ്ട് വരുണിനെ കളിപ്പിച്ചുകൂടാ? മത്സരം ജയിക്കാന്‍ കഴിവുള്ള ഒരാളാണ് അദ്ദേഹം. ബ്രേസ് വെല്ലും സാന്റ്‌നറും നന്നായി കളിക്കുകയും വിക്കറ്റുകള്‍ നേടുകയും ചെയ്യുന്നുണ്ട്. ആ കഴിവ് വരുണിനുമുണ്ട്,’ കൈഫ് പറഞ്ഞു.
വിദേശരാജ്യങ്ങളില്‍ മികച്ച പ്രകടനമാണ് വരുണ്‍ കാഴ്ച വെച്ചിട്ടുള്ളതെന്ന് ഓസ്‌ട്രേലിയയിലെയും ദക്ഷിണാഫ്രിക്കയിലെയും കണക്കുകള്‍ പങ്കുവെച്ചുകൊണ്ട് കൈഫ് പറഞ്ഞു.
ഈ പരമ്പരയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക്, പ്രത്യേകിച്ച് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ലെന്നും ചെറിയ ഗ്രൗണ്ടുകളില്‍ അവര്‍ കൂടുതല്‍ യോര്‍ക്കറുകള്‍ എറിയണമെന്നും കൈഫ് അഭിപ്രായപ്പെട്ടു. ബാറ്റിങ്ങിന് അനുയോജ്യമായ സാഹചര്യങ്ങളില്‍ യോര്‍ക്കറാണ് ഏറ്റവും മികച്ച ആയുധമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഈ ബൗളര്‍മാര്‍ കൂടുതല്‍ യോര്‍ക്കറുകള്‍ എറിയണം. പ്രധാന ബൗളര്‍മാരെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. മായങ്കും പ്രിന്‍സും യോര്‍ക്കറിലൂടെയാണ് വിക്കറ്റുകള്‍ നേടിയത്. റണ്‍സ് ഒഴുകുന്ന മത്സരങ്ങളില്‍ യോര്‍ക്കറിന് മാത്രമേ നിങ്ങളെ രക്ഷിക്കാന്‍ കഴിയൂ. കൃത്യമായ യോര്‍ക്കറാണ് ഏറ്റവും മികച്ച പന്ത്, വിക്കറ്റ് നേടിത്തരുന്ന പന്തും അതുതന്നെ.
ഇംഗ്ലണ്ടിനെതിരായ സെമിഫൈനലില്‍ ബുംറ അത് ചെയ്തു. അതുകൊണ്ടാണ് ഇന്ത്യ ജയിച്ചത്. സാഹചര്യങ്ങള്‍ നന്നായി വായിക്കണം. അവര്‍ കൂടുതല്‍ യോര്‍ക്കറുകള്‍ എറിയണം. യോര്‍ക്കറിനെ പ്രധാന ആയുധമാക്കിയാല്‍ അത് തീര്‍ച്ചയായും ഗുണം ചെയ്യും. പക്ഷേ അത് കൃത്യമായി പിച്ച് ചെയ്യുകയും വേണം. അല്ലെങ്കില്‍ തീര്‍ച്ചയായും അടി വാങ്ങും,’ അദ്ദേഹം പറഞ്ഞു.
Content: Muhammed Kaif says India should play Varun Chakravarthy in the final T-20 against Newzealand
